അമേരിക്കന്‍ തെരഞ്ഞെടുപ്പ്: പരാജയപ്പെട്ടാല്‍ രാജ്യം വിട്ടേക്കുമെന്ന് ട്രംപ്

മക്കോണി: അമേരിക്കന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചൂടേറിയ ചര്‍ച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ ട്രംപും ജോബൈഡനും തമ്മിലുള്ള വാക്കേറ്റവും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് ട്രംപിന്റെ പ്രസ്താവന കൂടുതല്‍ ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെടുകയാണെങ്കില്‍ താന്‍ രാജ്യം വിട്ടേക്കുമെന്നാണ് ട്രംപ് പറയുന്നത്.അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പു ചരിത്രത്തിലെ തന്നെ ഏറ്റവും മോശം സ്ഥാനാര്‍ഥിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍. ഇത് എന്നെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്. അതിനാല്‍ തന്നെ ഞാന്‍ തോറ്റാല്‍ എന്താണ് ചെയ്യുക എന്ന് അറിയാമോ?, എനിക്ക് ഒരിക്കലും അത് നല്ലതായി തോന്നില്ല. ചിലപ്പോ ഞാന്‍ രാജ്യം തന്നെ വിടും, ഇപ്പോ എനിക്കൊന്നും അറിയില്ല – ട്രംപ് പറഞ്ഞു.

മക്കോണില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലായിരിന്നു ബൈഡനുനേരേയുള്ള ട്രംപിന്റെ പരിഹാസവും പ്രഖ്യാപനവും. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ജയിച്ചാല്‍ അമേരിക്കയില്‍ കമ്യൂണിസം കൊണ്ടുവരുമെന്നും, ക്രിമിനലുകളായ കുടിയേറ്റക്കാരുടെ ഒഴുക്കായിരിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് തോറ്റാല്‍ നാടുവിടും എന്ന ട്രംപിന്‍റെ പ്രസ്താവനയെ ട്രോളി ജോ ബൈഡന്‍ രംഗത്ത് എത്തി. ഇത് ഒരു വാഗ്ദാനമാണോ എന്ന് ട്വിറ്ററില്‍ ചോദിക്കുന്ന ജോ ബൈഡന്‍ ഇത്തരത്തില്‍ ട്രംപ് നടത്തിയ പ്രസ്താവനകളുടെ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

അതേസമയം സൊമാലി-അമേരിക്കന്‍ വംശജയും ഡെമോക്രാറ്റിക് പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമറിനുനേരെ ട്രംപ് നടത്തിയ വംശീയപരാമര്‍ശം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. അവര്‍ നമ്മുടെ രാജ്യത്തെ വെറുക്കുന്നുവെന്നും സര്‍ക്കാര്‍പോലുമില്ലാത്ത രാജ്യത്തുനിന്നാണ് വരുന്നതെന്നുമാണ് ഒമറിനെക്കുറിച്ച് ട്രംപ് പറഞ്ഞത്.