അമേരിക്കന്‍ മലയാളി ആഡംബര നൗകയില്‍ നിന്നു കടലില്‍ വീണു മരിച്ചു

ഹൂസ്റ്റണ്‍: ടെക്‌സാസിലെ ഗാല്‍വസ്റ്റണില്‍ നിന്ന് മെക്‌സിക്കോയിലേക്ക് ആഡംബര നൗകയില്‍ യാത്രയ്ക്കു പോയ സംഘത്തിലെ മലയാളി കടലില്‍ വീണ് മരിച്ചു. ടെക്‌സസ് മിസോറി സിറ്റിയിലെ ലേക്ക് ഒളിമ്പിയയില്‍ താമസിക്കുന്ന ജോര്‍ജ് ഉതുപ്പാണ് (54) മരിച്ചത്.

ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെ കപ്പലിലെ മുറിക്കു പുറത്തുള്ള ബാല്‍ക്കണിയില്‍ ഇരിക്കുകയായിരുന്ന ജോര്‍ജിനെ കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കാണാതാവുകയായിരുന്നു. ഭാര്യ മേരി മുറിയില്‍ കുളിക്കാന്‍ പോയ സമയത്ത് ജോര്‍ജ് ബാല്‍ക്കണിയില്‍ ഇരിപ്പുണ്ടായിരുന്നു. മടങ്ങി വന്നു നോക്കിയപ്പോള്‍ ജോര്‍ജിനെ കാണാഞ്ഞതിനെ തുടര്‍ന്ന് കപ്പല്‍ ജീവനക്കാരെ വിവരമറിയിച്ചു. തുടര്‍ന്ന് മൂന്നു മണിക്കൂറോളം സമയം കപ്പല്‍ നിറുത്തിയിട്ട് കടലില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് മെകിസ്‌ക്കോ കോസ്റ്റ്ഗാര്‍ഡില്‍ വിവരമറിയിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ ഒമ്പതു മണിയോടെ അവര്‍ കടലില്‍ നിന്ന് മൃതദേഹം കണ്ടെടുത്തു.

Loading...

ജോര്‍ജിന്റെ മരണത്തില്‍ ദുരൂഹതകള്‍ ഒന്നുമില്ലെന്നും അതൊരു അപകടമരണം മാത്രമായിരുന്നെന്നും അറിയുന്നു. കൂടാതെ ജോര്‍ജ് ഷിപ്പില്‍ നിന്നും വെള്ളത്തിലേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ കാര്‍ണിവല്‍ കപ്പലിലെ ക്യാമറകളില്‍ പതിഞ്ഞിരുന്നതായി കാര്‍ണിവല്‍ കമ്പനി വക്താക്കള്‍ അറിയിച്ചു.

മെക്‌സിക്കോയില്‍ എത്തിയ ജോര്‍ജിന്റെ ബന്ധുക്കള്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം അമേരിക്കയില്‍ എത്തിച്ചതായും ഈയാഴ്ച ജോര്‍ജിന്റെ സംസ്കാരകര്‍മ്മങ്ങള്‍ നടക്കുമെന്നും പ്രവാസി ശബ്ദത്തിന് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

മാര്‍ച്ച് 14 ശനിയാഴ്ച രാവിലെയാണ് ‘കാര്‍ണിവല്‍ ട്രിമ്പ്’ എന്ന ആഡംബര നൗകയില്‍ ജോര്‍ജും ഭാര്യ മേരിയും ഉള്‍പ്പെടെയുള്ള സംഘം ഗാല്‍വസ്റ്റണില്‍ നിന്ന് യാത്ര പുറപ്പെട്ടത്. മാര്‍ച്ച് 15 ജോര്‍ജിന്റെ ജന്മദിനമായിരുന്നു.

എല്‍.ബി.ജെ ഹോസ്പിറ്റലില്‍ റസിപിറ്ററി തെറാപ്പിസ്റ്റായി ജോര്‍ജ് ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ മേരി ഹെര്‍മന്‍ ഹോസ്പിറ്റിലില്‍ നഴ്‌സാണ്. ജെനി, ജാസ്മിന്‍ എന്നിവര്‍ മക്കള്‍. സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ചര്‍ച്ച് ഓഫ് ഹൂസ്റ്റണിലെ അംഗമാണ്.

ജോര്‍ജിന്റെ സഹോദരിമാരായ ഏലിയാമ്മ, സാറാമ്മ എന്നിവര്‍ ഹൂസ്റ്റണിലുണ്ട്. ചര്‍ച്ച് പ്രസിഡന്റ് റെജി സ്‌കറിയ, ആന്റണി, അലക്‌സ് എന്നിവരാണ് മെക്‌സിക്കോയില്‍ എത്തി മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ മുന്‍കൈയെടുത്തത്.