വാപ്പ കുറെ നാള്‍ കൂടി ജീവിക്കുമായിരുന്നു, മറ്റെവിടെയെങ്കിലുമായിരുന്നു ആ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത് എങ്കില്‍; മകള്‍ പറയുന്നു

കൊച്ചി:”വാപ്പ കുറെ നാള്‍ കൂടി ജീവിക്കുമായിരുന്നു, മറ്റെവിടെയെങ്കിലുമായിരുന്നു ആ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നത് എങ്കില്‍, അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള ഒരു വിദഗ്ധ സംഘം വാപ്പയെ പരിശോധിച്ചിരുന്നു എങ്കില്‍…’… ഇത് അമിന ഷാനവാസിന്റെ വാക്കുകളാണ്. കഴിഞ്ഞദിവസം അന്തരിച്ച എംഐ ഷാനവാസ് എംപിയുടെ മകള്‍, വാപ്പയ്ക്ക് കരള്‍ പകുത്തു നല്‍കിയ മകള്‍ പറയുകയാണ്.

പ്രളയത്തിനു ശേഷമാണ് ഷാനവാസിന്റെ നില ഏറെ വഷളായത്. കരള്‍ മാറ്റിവച്ചേ പറ്റൂ എന്ന വിധിയുണ്ടായി. ആരോഗ്യം ശ്രദ്ധിക്കാതെ, വയനാട്ടില്‍ തന്നെ ഒന്നര മാസത്തോളം തങ്ങി, വിശ്രമമില്ലാതെ ചെയ്ത ജോലികള്‍ ഷാനവാസിന്റെ കരളിനെ അത്രയ്ക്കു തളര്‍ത്തിയിരുന്നു. കരള്‍ മാറ്റി വയ്ക്കാതെ മുന്നോട്ടു പോകില്ല എന്ന് പരിശോധിച്ച ഡോക്ടര്‍മാരെല്ലാം വിധിയെഴുതി.

സഹോദരന്‍ ഡോ.ജുനൈദ് റഹ്മാനുമായി, എറണാകുളം നോര്‍ത്തിലെ വീടിനു മുകളിലുള്ള ഓഫിസ് മുറിയില്‍ ആരോഗ്യ നില ചര്‍ച്ച ചെയ്യുകയായിരുന്നു ഷാനവാസ്. തന്റെ ശരീരത്തിനു ചേരുന്ന കരള്‍ എവിടെ നിന്നു ലഭിക്കുമെന്ന ചോദ്യം ഷാനവാസിനെ അലട്ടി. ചര്‍ച്ചകള്‍ കേട്ടിരുന്ന അമിന അത്ര ലാഘവത്തോടെയാണ് വാപ്പയോട് അതു ചോദിച്ചത് ”വാപ്പാ… എന്റെ കരളിന്റെ പകുതി എടുത്തു കൂടെ? ”

ചോദ്യം കേട്ട് ജുനൈദും ഷാനവാസും ഞെട്ടി. പിന്തിരിപ്പിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും അമിന അതിനു തയാറായിരുന്നില്ല. ഭര്‍ത്താവും കൊച്ചി മെട്രോ റെയില്‍ എംഡിയുമായ മുഹമ്മദ് ഹനീഷിനോടു പോലും അമിന രണ്ടു ദിവസം കഴിഞ്ഞാണ് അക്കാര്യം പറഞ്ഞത്. ” ഹനീഷ്‌ക്കാ… ഞാന്‍ ഒരു കാര്യം തീരുമാനിച്ചിട്ടുണ്ട്. വാപ്പയ്ക്ക് എന്റെ കരളിന്റെ പകുതി കൊടുക്കാന്‍…” അമിനയുടെ തീരുമാനം ആരെയും ഞെട്ടിച്ചില്ല. അമിനയും ഷാനവാസും തമ്മിലുള്ള ബന്ധം എത്ര ആഴമുള്ളതാണെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. ഒക്ടോബര്‍ അവസാനത്തെ ആഴ്ച, ഷാനവാസും അമിനയും കൂടി ചെന്നൈയിലേക്കു പോയി. ക്രോംപെട്ടിലെ ആശുപത്രിയില്‍ തനിക്ക് ഏറ്റവും അടുപ്പമുള്ള ഡോക്ടര്‍ തന്നെ ശസ്ത്രക്രിയ ചെയ്താല്‍ മതി എന്നത് ഷാനവാസിന്റെ നിര്‍ബന്ധമായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരാഴ്ച മാത്രം പിന്നിട്ട ആശുപത്രിയും പൊടിനിറഞ്ഞ അന്തരീക്ഷവും കണ്ടപ്പോള്‍ അമിനയ്ക്ക് ഉള്‍പ്പെടെ സംശയം തോന്നിയതാണ്… ശസ്ത്രക്രിയ അല്‍പം കൂടി കഴിഞ്ഞു പോരേ എന്ന്. പക്ഷേ, തീരുമാനിച്ച കാര്യത്തില്‍ നിന്നു പിന്നോട്ടില്ല എന്ന ഷാനവാസിന്റെ വാശിയാണ് പിന്നീടുള്ള ഓരോ നിമിഷത്തെയും നയിച്ചത്.

ഒക്ടോബര്‍ 27ന് എറണാകുളത്ത് തിരിച്ചെത്തിയ ഷാനവാസ് തന്നെ മുന്‍കൈ എടുത്താണ് ശസ്ത്രക്രിയയ്ക്കു വേണ്ട രേഖകള്‍ തയാറാക്കിയത്. ദാതാവിന്റെയും ബന്ധുക്കളുടെയും ആധാര്‍ കാര്‍ഡ് മുതല്‍ ലൈസന്‍സ് വരെയുള്ള േരഖകളെല്ലാം പകര്‍പ്പെടുത്തു വച്ചു. അവധിയിലായിരുന്ന കലക്ടറെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയെടുത്തു.

31ന് ചെന്നൈയില്‍ എത്തിയ ഷാനവാസ് നവംബര്‍ ഒന്നിനു തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ആയി. കുടുംബാംഗങ്ങളെയെല്ലാം ഒന്നിച്ചിരുത്തി, ശസ്ത്രക്രിയയുടെ ജയപരാജയ സാധ്യതകള്‍ വിശദീകരിക്കുന്ന വിഡിയോ ചിത്രീകരണമായിരുന്നു നവംബര്‍ ഒന്നിന്. പിന്നീട് ശസ്ത്രക്രിയ. അമിനയുടെ ശസ്ത്രക്രിയ 8 മണിക്കൂറും ഷാനവാസിന്റേത് 13 മണിക്കൂറും നീണ്ടു.

മൂന്നാം തീയതി മുതല്‍ ഷാനവാസ് ഉഷാറായി. ഒരു ലെറ്റര്‍ പാഡില്‍ എഴുതിക്കൊടുത്ത്, തനിക്ക് ആവശ്യമുള്ള സാധനങ്ങള്‍ സംഘടിപ്പിച്ചു. കണ്ണട സംഘടിപ്പിച്ച് പത്രം വായിച്ചു. കരള്‍ പകുത്തു തന്ന അമിനയ്ക്ക് വേദന കൂടുതലാണ് എന്നതിലായിരുന്നു ഷാനവാസിന് ആകാംക്ഷ. ഡോക്ടര്‍മാരെ വിളിച്ച് അമിനയുടെ കാര്യം ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറഞ്ഞു. തന്റെ വേദനകള്‍ വാപ്പയ്ക്ക് മനോവിഷമം ഉണ്ടാക്കുന്നു എന്നു മനസ്സിലാക്കിയ അമിന, പിന്നീട് വിഷമങ്ങള്‍ കടിച്ചമര്‍ത്തി. മുഖത്ത് ചിരി നിറച്ചുവച്ചു.

പക്ഷേ, തനിക്ക് എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന തോന്നല്‍ ഷാനവാസില്‍ ശക്തമായിരുന്നു. ഇസിജിയെ കുറിച്ചും ക്രിയാറ്റിന്‍ നിലയെ കുറിച്ചും ഷാനവാസ് ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടേ ഇരുന്നു. ഒന്നിനും കൃത്യമായ മറുപടി കിട്ടിയിരുന്നില്ല.
അഞ്ചാം തീയതി പുലര്‍ച്ചെ ഷാനവാസ് മയക്കത്തിലേക്കു വഴുതി വീണു. പിന്നീട് ഓര്‍മ വന്നത് 13നാണ്. മാറ്റിവച്ച കരളില്‍ രോഗാണുബാധ ഉണ്ടായിട്ടുണ്ട് എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

അപ്പോളോ ആശുപത്രിയില്‍ നിന്ന് പ്രത്യേക സംഘത്തെ കൊണ്ടുവരുമെന്നു കെസി വേണുഗോപാലടക്കമുള്ള നേതാക്കള്‍ പറഞ്ഞപ്പോള്‍ എല്ലാം തങ്ങള്‍ തന്നെ ശരിയാക്കിക്കൊള്ളാം എന്നായിരുന്നു ആശുപത്രിക്കാരുടെ ഉറപ്പ്. അവര്‍ പറഞ്ഞതു പോലെ 13ന് അതു സംഭവിച്ചു. കണ്ണു തുറന്ന ഷാനവാസ് പതിയെ ജീവിതത്തിലേക്കു തിരിച്ചു വരാന്‍ തുടങ്ങി.

16നാണ് പിന്നീട് അമിന, ഷാനവാസിനെ കണ്ടത്. ”എന്നോടു വാപ്പയ്ക്ക് എന്തോ പറയാനുണ്ടായിരുന്നു. എഴുതാന്‍ കടലാസ് ചോദിച്ചതു കൊടുത്തു. എഴുതാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കൈ വിറയ്ക്കുകയായിരുന്നു. ഒരു മണിക്കൂറോളം ഞാന്‍ കാത്തിരുന്നു. പക്ഷേ, വാപ്പ എഴുതിയില്ല. ഒന്നും പറഞ്ഞുമില്ല. എന്റെ കൈ പിടിച്ച് ഇരുന്നു. വൈകിട്ട് ഞാന്‍ വീണ്ടും ഐസിയുവില്‍ ചെല്ലുമ്പോഴും രാവിലെ കൊടുത്ത ലെറ്റര്‍ പാഡും പിടിച്ച് വാപ്പ കിടക്കുകയായിരുന്നു. ഒടുവില്‍ വിറച്ചു വിറച്ച് വാപ്പ ‘ഡബ്‌ള്യു’ എന്ന് എഴുതി. വാച്ച് കെട്ടാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ കഴിയില്ല വാപ്പയ്ക്ക്. വാച്ചു കെട്ടിക്കൊടുത്തപ്പോള്‍ സന്തോഷമായി” അമിന പറഞ്ഞു.

ഐസിയുവിലാണെങ്കിലും ആരോഗ്യ നിലയില്‍ നല്ല പുരോഗതി കണ്ട 6 ദിവസം. വരാനിരിക്കുന്ന വലിയ ദുരന്തത്തിന്റെ മുന്നോടിയായിരുന്നെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. 17ന് വെന്റിലേറ്ററില്‍ നിന്നു മാറ്റി. 18ന് ഷാനവാസിനെ കണ്ട സഹോദരന്‍ ചെറിയ സംശയം പ്രകടിപ്പിച്ചു ‘രക്ത സമ്മര്‍ദം കുറയുന്നുണ്ട്. എന്താണെന്ന് അറിയില്ല’.

‘എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് 19ന് ഷാനവാസിനെ വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി. ഐസിയുവില്‍ നിന്നു മാത്രം പകരുന്ന ഏറ്റവും മാരകമായ എംഡിആര്‍ക്ലെബ്‌സിയെല്ല എന്ന രോഗാണുബാധയാണ് കാരണം എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും വൈകിയിരുന്നു’ അമിനയും മുഹമ്മദ് ഹനീഷും കണ്ണീരോടെ ഓര്‍ത്തു. വിദേശത്തു നിന്നു വരെ മരുന്ന് എത്തിച്ചു പരീക്ഷിച്ചു. പക്ഷേ, ഒന്നും വിജയിച്ചില്ല. 21ന് പുലര്‍ച്ചെ 1.35ന് ഷാനവാസ് വിടപറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും നല്ല കൂട്ടുകാരനെയാണ് ഇതോടെ നഷ്ടപ്പെട്ടതെന്ന് അമിന പറയുന്നു. ”എല്ലാ കാര്യങ്ങളും തുറന്നു പറയാന്‍ കഴിയുന്ന നല്ലൊരു സുഹൃത്തായിരുന്നു വാപ്പ എനിക്ക്. ഹനീഷിക്ക പോലും അതിനു ശേഷമേ വരൂ. വാപ്പയുടെ മകളായിരുന്നു ഞാന്‍. എന്റെ മകള്‍ അയിഷയോടു പോലും ഞാന്‍ പറയും എന്നെയും വാപ്പയെയും കണ്ടു വേണം പഠിക്കാനെന്ന്. ഏതു വിഷയവും ഏതു സമയത്തും കേള്‍ക്കാനുള്ള മനസ്സ്. അതിന് എങ്ങനെയും പരിഹാരം ഉണ്ടാക്കണമെന്ന പിടിവാശി. ഇങ്ങനെ ഒരച്ഛനെ വേറെ ആര്‍ക്കും കിട്ടിയെന്നു വരില്ല. വാപ്പയെ പോലെ ആകാനൊന്നും മക്കള്‍ക്കു പറ്റില്ലെന്നറിയാം.

എങ്കിലും വാപ്പ തുടങ്ങിവച്ചത് പൂര്‍ത്തിയാക്കണം. വിഷയങ്ങള്‍ ഇത്രത്തോളം ആഴത്തില്‍ പഠിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവുണ്ടാവില്ല. പാര്‍ട്ടിക്കും വലിയ നഷ്ടമാണെന്ന് എല്ലാവരും പറഞ്ഞു.’

Top