രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ശക്തിപ്പെടുത്തുന്ന വിധിയെന്ന് അമിത് ഷാ; വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്

ന്യുഡല്‍ഹി: ഏറെ ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കിയ അയോധ്യ കേസില്‍ സുപ്രീം കേടതിയില്‍ നിന്നുവന്ന ചരിത്രപരമായ വിധിക്ക് കക്ഷി ഭേദമന്യേ സ്വീകാര്യത. വിധി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംസ്‌കാരവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയില്‍ നിന്നുള്ള ഈ നിര്‍ണായക വിധി അതിനാല്‍ തന്നെ ഒരു നാഴികകല്ലാണ്. ഈ തീരുമാനം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മഹത്തായ സംസ്‌കാരവും ശക്തിപ്പെടുത്തുമെന്നും അമിത് ഷാ പ്രതികരിച്ചു.

Loading...

തര്‍ക്കവിഷയം പരിഹരിക്കാന്‍ ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നു. വിധി എല്ലാവരും അംഗീകരിക്കുകയും സമാധാനം തുടരുകയും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നത് തുടരുക തന്നെ വേണം. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന തര്‍ക്കത്തില്‍ ഇന്ന് അന്തിമ തീരുമാനം വന്നിരിക്കുന്നു. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയേയും എല്ലാ ന്യായാധിപന്മാരേയും താന്‍ അഭിനന്ദിക്കുന്നു. അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

വിധിയെ സ്വാഗതം ചെയ്യുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കി. വിധി സ്വാഗതാര്‍ഹവും അയോധ്യയിലെ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ കോണ്‍ഗ്രസ് അനുകൂലിക്കുന്നതായും വക്താവ് സുര്‍ജേവാല പറഞ്ഞു. വിധിയെ കോണ്‍ഗ്രസ് മാനിക്കുന്നു. മതേതര മൂല്യങ്ങള്‍ കണക്കിലെടുത്ത് വിധി എല്ലാവരും അംഗീകരിക്കണമെന്നും സമാധാനവും സൗഹാര്‍ദ്ദവും നിലനിര്‍ത്തണമെന്നും കോണ്‍ഗ്രസ് പത്രക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന 2.77 ഏക്കര്‍ ഭൂമിയാണു തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ഇതു ക്ഷേത്രകാര്യങ്ങള്‍ നടത്താന്‍ അവകാശമുള്ള നിര്‍മോഹി അഖാര, ശ്രീരാമപ്രതിഷ്ഠയെ പ്രതിനിധീകരിക്കുന്ന രാംലല്ലാ വിരാജ്മാന്‍, ബാബ്‌റി മസ്ജിറിന്റെ ചുമതലക്കാരായിരുന്ന ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി പങ്കിടാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയിലാണ് അന്തിമ തീരുമാനം വന്നത്.

ഇക്കാര്യത്തില്‍ 14 ഹര്‍ജികളാണു സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. 40 ദിവസത്തോളം നീണ്ട മാരത്തോണ്‍ വിചാരണയ്ക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയുടെ മുന്നോടിയായി രാജ്യത്തുടനീളവും ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ടോടെ തന്നെ സുപ്രീം കോടതി പരിസരത്തും സുരക്ഷാക്രമീകരണങ്ങള്‍ വിപുലമാക്കിയിരുന്നു. വിധി എന്തു തന്നെയായാലും അത് ആരുടേയും വിജയമോ പരാജയമോ അല്ലെന്നും വിധി എന്തായാലും സംയമനത്തോടെയാകണം നേരിടേണ്ടതെന്നും പ്രധാനമന്ത്രി രാജ്യത്തോട് ആഹ്വാനം ചെയ്തിരുന്നു.

വിധി അനുകൂലമായാലും എതിരായാലും ആഹ്‌ളാദ പ്രകടനമോ കുത്തുവാക്കുകളോ പ്രകോപനമോ ഉണ്ടാകരുതെന്ന് ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും നിര്‍ദേശിച്ചിരുന്നു.

പ്രകോപനപരമായ പ്രസ്താവനകളെ കോണ്‍ഗ്രസും വിലക്കിയിരിക്കുകയാണ്. വിധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയൊരുക്കിയിരുന്നു. വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തില്‍ കാസര്‍ഗോഡ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

അയോദ്ധ്യയിലും പരിസരത്തും 12000 പേരെയും തര്‍ക്കഭൂമിയില്‍ 5000 സൂരക്ഷാ ഉദ്യോഗസ്ഥരെയും ആണ് നിയോഗിച്ചിരുന്നത്. ആധുനി സാങ്കേതിക വിദ്യയൂടെ സഹായത്തോടെയുള്ള സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.