പൗരത്വ നിയമം പിന്‍വലിക്കില്ല -അമിത് ഷാ

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി നിയമത്തില്‍ പൊതുചര്‍ച്ചക്ക് ആഹ്വാനം ചെയ്ത അമിത് ഷാ പ്രതിപക്ഷം ബി.ജെ.പിയെ ബോധവല്‍ക്കരണ പരിപാടി ആരംഭിക്കാന്‍ നിര്‍ബന്ധിച്ചതായും വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസംഗത്തില്‍ അദ്ദേഹം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. രാഹുല്‍ ഗാന്ധിക്കും മമതാ ബാനര്‍ജിക്കും അഖിലേഷ് യാദവിനുമെതിരെ അദ്ദേഹം വിമര്‍ശനമുന്നയിച്ചു.

Loading...

പ്രതിപക്ഷത്തിന് യാഥാര്‍ഥ്യം തിരിച്ചറിയാനാകുന്നില്ല, വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ മുഖംമൂടിയാല്‍ അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്ന പാര്‍ട്ടികള്‍ മിഥ്യാധാരണകള്‍ പ്രചരിപ്പിക്കുകയാണ്. അതിനാലാണ് ബിജെപി ജന്‍ ജാഗരണ്‍ അഭിയാന്‍ നടത്തുന്നത്. ഇത് രാജ്യം തകര്‍ക്കുന്നവര്‍ക്കെതിരായ അവബോധ ക്യാംപെയിനാണെന്നും അമിത് ഷാ അവകാശപ്പെട്ടു. പ്രതിഷേധം കണക്കിലെടുക്കില്ലെന്നും പൗരത്വ നിയമം ഒരു നിലക്കും പിന്‍വലിക്കില്ലെന്നും എതിരാളികളോട് വളരെ വ്യക്തമായി പറയുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. ഈ ആളുകള്‍ എവിടെ പോയി? ചിലര്‍ കൊല്ലപ്പെട്ടു, ചിലരെ ബലമായി പരിവര്‍ത്തനം ചെയ്തു -കണക്കുകള്‍ ചൂണ്ടിക്കാട്ടി ഷാ പറഞ്ഞു. രാജസ്താനില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും പൗരത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ പറഞ്ഞിരുന്നു. നിങ്ങള്‍ ചെയ്താല്‍ എല്ലാം ശരിയാണ്, മോദി ജി അത് ചെയ്യുമ്ബോള്‍ നിങ്ങള്‍ പ്രതിഷേധിക്കുന്നു-അദ്ദേഹം പറഞ്ഞു.

പാകിസ്താനില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി 1947 ല്‍ പറഞ്ഞിരുന്നു. അവര്‍ക്ക് പൗരത്വം നല്‍കുക എന്നത് ഇന്ത്യയുടെ കടമയാണെന്ന് രാഷ്ട്രപിതാവ് പറഞ്ഞിരുന്നുവെന്നും ഷാ ചൂണ്ടിക്കാട്ടി.

ബില്‍ നിങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ അമിത് ഷാ പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയും ചെയ്തു. ഈ നിയമം കാരണം ഏതെങ്കിലും വ്യക്തിയുടെ പൗരത്വം എടുത്ത് കളയാന്‍ കഴിയുമെങ്കില്‍ അത് തെളിയിച്ച്‌ കാണിക്കാനാണ് ഷായുടെ വെല്ലുവിളി. അന്ധരും ബധിരരുമായ നേതാക്കള്‍ക്ക് പീഡനത്തിനിരയായ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ക്ലോക്ക് ടവറില്‍ അടുത്തിടെ സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവിന്‍െറ മകള്‍ പോയതിനെ ഷാ നിശിതമായി വിമര്‍ശിച്ചു. അഖിലേഷ് ജി.. നിങ്ങള്‍ തിരക്കഥ തയ്യാറാക്കിയ പ്രസംഗങ്ങളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുന്നു. പൗരത്വ വിഷയത്തില്‍ അഞ്ച് മിനിറ്റ് സ്വതന്ത്രമായി സംസാരിക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പൗരത്വ നിയമത്തെക്കുറിച്ച്‌ ബി.ജെ.പിയുടെ മുന്‍നിര നേതാക്കള്‍ പങ്കെടുക്കുന്നആറ് ഭീമന്‍ റാലികളാണ് യു.പിയില്‍ പാര്‍ട്ടി പദ്ധതിയിട്ടിരിക്കുന്നത്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ വ്യാഴാഴ്ച ആഗ്രയില്‍ എത്തും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര നിതിന്‍ ഗഡ്കരി എന്നിവരും മുന്‍ ബി.ജെ.പി മേധാവികളും യു.പിയില്‍ റാലികള്‍ നടത്തും.