രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതുകൊണ്ടാണ് ഒന്നും മനസ്സിലാകാത്തത്, പരിഹാസവുമായി അമിത് ഷാ

റാഞ്ചി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്ത്. രാഹുല്‍ ഗാന്ധി ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതുകൊണ്ടാണ് ഒന്നും മനസ്സിലാകാത്തതെന്ന് അമിത് ഷാ പരിഹസിച്ചു. കാശ്മീരില്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് കാവല്‍ നില്‍ക്കുന്ന ആയിരക്കണക്കിന് വരുന്ന യുവാക്കള്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ളവരാണ്. ഇറ്റാലിയന്‍ കണ്ണട ധരിക്കുന്നതിനാല്‍ രാഹുലിന് ഇതൊന്നും മനസ്സിലാകില്ലന്നും അദ്ദേഹം പറഞ്ഞു. ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിമാറി. കാശ്മീര്‍ ഇപ്പോള്‍ ഇന്ത്യയുടെ കിരീടമായി. യുപിഎയുടെ 10 വര്‍ഷക്കാലത്ത് പാകിസ്താനില്‍ നിന്ന് പലരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറി പട്ടാളക്കാരുടെ തലയറുത്തു. മോഡി പ്രധാനമന്ത്രിയായതോടെ പാകിസ്താന്‍ ഉറിയിലും പുല്‍വാമയിലും അത് ആവര്‍ത്തിക്കാന്‍ ശ്രമിച്ചു. മൗനിബാബ സര്‍ക്കാരല്ല, 56 ഇഞ്ച് മോഡി സര്‍ക്കാരാണ് ഭരിക്കുന്നതെന്ന കാര്യം അവര്‍ ഓര്‍ത്തില്ല. ഇന്ത്യ മിന്നലാക്രമണം നടത്തി തീവ്രവാദികളെ തുരത്തി. രാഹുലിന്റെയും ഹേമന്ത് സോറന്റെയും സര്‍ക്കാരിന് രാജ്യത്തെ സുരക്ഷിതമായി നയിക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു.

Loading...

മോഡിയുടെ കരങ്ങളില്‍ ഇന്ത്യ സുരക്ഷിതമാണ്. മോഡിയുടെ കരങ്ങള്‍ക്ക് കരുത്തുപകരാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചു. രാമജന്മഭൂമി പ്രശ്‌നം ഇത്രയുംകാലം വെച്ചുനീട്ടിയതിന് അദ്ദേഹം കോണ്‍ഗ്രസിനെ വിമര്‍ശിച്ചു. നാല് മാസത്തിനുള്ളില്‍ ആകാശംമുട്ടെ ഉയരത്തില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം സുപ്രീം കോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ അയോധ്യയില്‍ നാലു മാസത്തിനകം ആകാശം മുട്ടെയുളള രാമക്ഷേത്രം നിര്‍മിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴു ദശാബ്ദത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനുശേഷമാണ് നവംബര്‍ 9 ന് അയോധ്യ കേസില്‍ സുപ്രീം കോടതി വിധി പ്രസ്താവം നടത്തിയത്. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാമെന്നും മുസ്‌ലിങ്ങള്‍ക്ക് പളളി പണിയാനായി അയോധ്യയില്‍ തന്നെ അനുയോജ്യമായ സ്ഥലത്ത് 5 ഏക്കര്‍ നല്‍കണമെന്നുമായിരുന്നു കോടതി വിധി. അയോധ്യ കേസിലെ വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളെല്ലാം കഴിഞ്ഞ ദിവസം സുപ്രീം കോടതി തളളിയിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

എന്തുകൊണ്ടാണ് ബിജെപി കശ്മീര്‍ പ്രശ്‌നം ജാര്‍ഖണ്ഡില്‍ ഉന്നയിച്ചതെന്ന രാഹുല്‍ ഗാന്ധിയുടെ കളിയാക്കലിന്, കോണ്‍ഗ്രസ് നേതാവ് ആദ്യം തന്റെ പാര്‍ട്ടി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവരണം നല്‍കണമെന്ന മറുപടിയാണ് അമിത് ഷാ നല്‍കിയത്. സംസ്ഥാനത്തെ റാലികളില്‍ കശ്മീരിനു സ്വതന്ത്ര പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ച് ഞങ്ങള്‍ സംസാരിക്കുന്നതെന്തിനാണെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. ഇറ്റാലിയന്‍ ഗ്ലാസ് ധരിക്കുന്ന അദ്ദേഹത്തിന് രാജ്യത്തെ സംരക്ഷിക്കുന്നതിനായി സംസ്ഥാനത്ത് നിന്നുള്ള യുവാക്കള്‍ അതിര്‍ത്തികളില്‍ രക്തം ചൊരിയുന്നുവെന്ന് അറിയില്ല ഷാ പറഞ്ഞു.