അമിതാഭ് ബച്ചൻ കൊവിഡ് മുക്തനായി വീട്ടിലേക്ക് മടങ്ങി; അഭിഷേക് ചികിത്സയിൽ തുടരുന്നു

ബോളിവുഡ് നടൻ അമിതാഭ് ബച്ചന് കൊവിഡ് രോഗമുക്തി. മകൻ അഭിഷേക് ബച്ചനാണ് ഇക്കാര്യം ആദ്യം ട്വിറ്ററിലൂടെ അറിയിച്ചത്. 23 ദിവസത്തിനു ശേഷമാണ് അദ്ദേഹം മുംബൈ നാനാവതി ആശുപത്രിയിൽ നിന്ന് രോഗം ഭേദമായി മടങ്ങിയത്. പിതാവ് കൊവിഡ് മുക്തനായെന്നും ആശുപത്രി വിട്ട് അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

പിന്നാലെ അമിതാഭ് ബച്ചൻ തന്നെ രോഗമുക്തി നേടിയ വിവരം ആരാധകരെ അറിയിച്ചു. കൊവിഡ് രോഗബാധിതരായി മുംബൈയിലെ നാനാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബച്ചൻ കുടുംബം. അമിതാഭ് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർ കൊവിഡ് രോഗമുക്തി നേടി.

Loading...

അതേ സമയം മകൻ അഭിഷേക് ബച്ചൻ നിലവിൽ ചികിത്സയിലാണ്. അമിതാഭ് ബച്ചനായിരുന്നു ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നീട് അഭിഷേകിനും ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു. അമിതാഭ് ബച്ചൻ്റെ ഭാര്യ ജയ ബച്ചൻ്റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു. ജൂലായ് 11നാണ് അമിതാഭിന് കൊവിഡ് പോസിറ്റീവായത്. പിറ്റേന്ന് അഭിഷേക് ബച്ചനും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ അഭിഷേകിൻ്റെ ഭാര്യയും നടിയുമായ ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവർക്ക് നേരത്തെ കൊവിഡ് ഭേദമായിരുന്നു. എന്നാൽ, അഭിഷേക് ബച്ചൻ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്.