ബലാത്സം​ഗക്കേസ്; വിജയ് ബാബുവിനോട് വിശദീകരണം തേടി താരസംഘടന അമ്മ

കൊച്ചി: നടൻ വിജയ് ബാബുവിനെതിരെ ബലാത്സം​ഗ ആരോപണം ഉയർന്നതിന് പിന്നാലെ നടനിൽ നിന്ന് വിശദീകരണം തേടി താരസംഘടനയായ അമ്മ. അമ്മ നാളെ തുടർ നടപടി ചർച്ച ചെയ്യാൻ എക്സിക്യുട്ടീവ് യോ​ഗം ചേർന്നേക്കും. എക്സിക്യുട്ടീവ് യോ​ഗത്തിലായിരിക്കും വിജയ് ബാബുവിന്റെ വിശദീകരണം ചർച്ച ചെയ്യുക. തുടർനടപടികളെക്കുറിച്ച് സംഘടന നിയമോപദേശം തേടിയിട്ടുണ്ട്. അതേസമയം, വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകും.

വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.നടൻ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ വേനലവധിയ്ക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് പ്രത്യേക നിർദ്ദേശമൊന്നും ഇല്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ച് കൊണ്ടുവരാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ദുബായിലേക്ക് പോകാതെ തന്നെ നടനെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. ഇതിനിടെ വിജയ് ബാബുവിനെതിരായ സമൂഹ മാധ്യമത്തിലൂടെയുള്ള മീ ടൂ ആരോപണത്തിൽ പരാതിക്കാരിയെ കണ്ടെത്താൻ പ്രത്യേക സൈബർ ടീം പരിശോധന തുടങ്ങി. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ്ബുക്ക് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്.

Loading...