സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയ അമൃത്സര്‍ സ്വദേശിയെ പോലീസ് പിടികൂടി

തിരുവനന്തപുരം. സ്വപ്‌ന സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിക്കുവാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയയാള്‍ പിടിയില്‍. അമൃത്സര്‍ സ്വദേശി സച്ചിന്‍ദാസിനെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.

മുംബൈയിലെ ബാബാ സാഹിബ് സര്‍വകലാശാലയില്‍ നിന്നുള്ള വ്യാജ ബികോം സര്‍ട്ടിഫിക്കറ്റാണ് സച്ചിന്‍ദാസ് സ്വപ്‌നയ്ക്ക് നല്‍കിയത്. ഐടി വകുപ്പിന് കീഴിലുള്ള സ്‌പേസ് പാര്‍ക്കില്‍ ജോലി ലഭിക്കുന്നതിനായിട്ടാണ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത്. 2009 മുതല്‍ 11 വരെയുള്ള കാലയളവില്‍ പഠനം പൂര്‍ത്തിയാക്കി എന്നാണ് രേഖ.

Loading...

ഒരു ലക്ഷം രൂപ സച്ചിന്‍ദാസിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുവാന്‍ സ്വപ്‌ന നല്‍കിയതായിട്ടാണ് പോലീസ് പറയുന്നത്. കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. കേസില്‍ മുമ്പ് സ്വപ്‌നയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ചീപ് സെക്രട്ടറിയുടെ ശമ്പളത്തേക്കാള്‍ ഉയര്‍ന്ന ശമ്പളത്തിനാണ് സ്വപ്നയെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചത്.

എന്നാല്‍ തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പൂര്‍ണമായ അറിവോടെ തന്നെയാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ സ്‌പേസ് പാര്‍ക്കില്‍ നിയമിച്ചതെന്നും ജോലിക്കായി ഇന്റര്‍വ്യുവില്‍ പങ്കെടുക്കുകയോ അപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്‌ന മുമ്പ് വെളിപ്പെടുത്തിയിരുന്നു.