കോടിയേരി ബാലകൃഷ്ണന്റെ ആരോപണങ്ങളും കുത്ത് വാക്കുകളും ഫലം കണ്ടില്ല; അയ്യപ്പഭക്ത സംഗമം പരിപാടിയില്‍ പങ്കെടുത്ത് അമൃതാനന്ദമായി

തിരുവന്തപുരം: അമൃതാനന്ദമായി അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കുന്നതിനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ അവര്‍ പരിപാടിയില്‍ പങ്കെടുത്തു. മാത്രമല്ല ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് കാരണം ആചാരങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് മാതാ അമൃതാനന്ദമായി പ്രസംഗത്തില്‍ പറയുകയും ചെയ്തു.

ശബരിമല ക്ഷേത്രത്തിലുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ആചാരങ്ങളും അനുഷ്ഠാനങ്ങളും വേണ്ടവിധത്തില്‍ പാലിച്ചില്ലെങ്കില്‍ ക്ഷേത്ര അന്തരീക്ഷത്തെ ബാധിക്കുമെന്നും ക്ഷേത്രങ്ങള്‍ സംസ്‌കാരത്തിന്റെ തൂണുകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കല്‍പ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ദേവതയും സര്‍വവ്യാപിയായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. സര്‍വവ്യാപിയായ ഈശ്വരന്റെ അനന്തമായ ശക്തിക്ക് സ്ത്രീപുരുഷ വ്യത്യാസമില്ല. എന്നാല്‍ ക്ഷേത്രത്തിന്റെ കാര്യത്തില്‍ ആ വ്യത്യാസമുണ്ട്.

മാറ്റം ആവശ്യമാണെന്ന് പറഞ്ഞ മാതാ അമൃതാനന്ദമയി എന്നാല്‍ ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങള്‍ പാടില്ലെന്നും അതിലൂടെ നമ്മുടെ മൂല്യങ്ങള്‍ നഷ്ടമാകുമെന്നും ഓര്‍മ്മിപ്പിച്ചു. സമൂഹത്തില്‍ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേര്‍ത്തു.