സാങ്കേതികപുരോഗതിയുടെ ഉല്പന്നങ്ങളില്‍ ലോകവ്യാപകമായി ഉയര്‍ന്നു നില്‍ക്കുന്ന സോഷ്യല്‍ മീഡിയകള്‍ പ്രതികരണവേദികളില്‍ ഉയര്‍ത്തുന്ന പ്രതീക്ഷയുടെ നാമ്പുകള്‍ അത്ഭുതാവഹമായ ഒന്നാണ്. രാഷ്ട്രീയം, മതം, കല തുടങ്ങി മേഖലകള്‍ ഏതുമാകട്ടെ നാമിതുവരെ കേട്ടുകൊണ്ടിരുന്ന പ്രതികരണങ്ങള്‍ പലപ്പോഴും സാധാരണ ജനങ്ങളുടെതായിരുന്നില്ല, അതെപ്പോഴും ഏതെങ്കിലുമൊരു ജനവിഭാഗത്തിന്റെ പ്രതിനിധിയുടെത് മാത്രമായിരുന്നു, അതാകട്ടെ പല ലക്ഷ്യങ്ങളെയും ഉന്നം വച്ചുള്ള പ്രസ്താവനകളും സ്ഥാപിത താല്‍പര്യങ്ങളില്‍ പൊതിഞ്ഞ ജല്പനങ്ങളും മാത്രമായിരുന്നു.
വിരല്‍ത്തുമ്പില്‍ മഷി പടര്‍ത്തുന്ന ഓരോ സാധാരണക്കാരനും വ്യക്തിസ്വാതന്ത്ര്യത്തോടെ അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്ന അപൂര്‍വ്വവും വിശാലവുമായ മേഖലയുടെ അനന്ത സാധ്യതകള്‍ ഭാവിയുടെ നിയന്ത്രണരേഖകള്‍ അകുമെന്നതിനു സംശയമില്ല,
അധികാരസംവിധാനങ്ങളുടെ അപര്യാപ്തത മുതല്‍ മാധ്യമങ്ങളുടെ വാര്‍ത്താവിനിമയത്തിലെ അപാകതകള്‍ വരെ വിമര്‍ശിക്കപ്പെടുന്ന ഈ സംവിധാനം ചിലപ്പോഴെങ്കിലും പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നു എന്നതു ശുഭ സൂചകമാണ്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഒരു മുഖം കൂടിയാണത്. സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്കു വയ്ക്കുന്ന കാലിക വിഷയങ്ങളില്‍ അതിദ്രുതമായി ഉണ്ടാകുന്ന തീരുമാനങ്ങളും ഈ മേഖലയുടെ ജനാധിപത്യാധികാരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
വിവിധ ജീവിത സാഹചര്യങ്ങളില്‍, പല പ്രവര്‍ത്തനമേഖലകളില്‍ വ്യാപരിക്കുന്ന പൊതുജനം എന്ന കഴുതയ്ക്ക് വീണു കിട്ടിയ ഒരു അവസരം കൂടിയാണിത്, മുതുകിലിരിക്കുന്ന ഉപ്പുചാക്കു നനച്ചു ഭാരം കുറയ്ക്കാന്‍ മാത്രം ശ്രമിക്കാതെ, അപ്രിയമെങ്കിലും സത്യത്തെ സേവിക്കാന്‍ വാക്കുകള്‍ കൊണ്ടെങ്കിലും നാം മുന്നിട്ടിറങ്ങിയാല്‍ വരും തലമുറയ്ക്ക് ജീവിത സാഹചര്യങ്ങളെ പെരുവഴിയില്‍ നേരിടേണ്ടി വരികയില്ല എന്ന് പ്രത്യാശിക്കാം…!