തുടക്കക്കാരിയായ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയും ആണ് ഇന്ദിര തുറവൂര്‍ . നാലു വര്‍ഷത്തിനുള്ളിൽ രണ്ടു ചെറുകഥ സമാഹാരം പ്രസിദ്ധികരിച്ചു. രണ്ടു കഥകൾക്ക് കമല സുരയ്യയുടെ പേരിലും ഭരതന്റെ പേരിലും അവാർഡ് കിട്ടി. രണ്ടു കഥകൾ ടെലിഫിലിം ആയി. ഒരു ടെലി ഫിലിമിനും അതിൽ ആദ്യമായി അഭിനയിച്ചതിനും ഭരതന്റെ പേരിൽ അവാർഡ് കൾ കിട്ടിയിട്ടുണ്ട്. കെൽട്രോണിൽ ജോലി ചെയ്യുന്നു.
ക്ഷേത്രങ്ങളിലെ കൌതുക കാഴ്ചകൾ
പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളുടെ നാടാണ് നമ്മുടെ കേരളം . ശബരിമല ക്ഷേത്രവും ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. എന്നാൽ ഇത്തരം ക്ഷേത്രങ്ങളിലെ ആചാര അനുഷ്ടാനങ്ങളിൽ നിന്ന് വ്യത്യസമായി ക്ഷേത്ര നിര്‍മ്മിതിയുടെ കാര്യം മുതൽ ആചാരനുഷ്ടാനങ്ങളിലും പ്രതിഷ്ടകളിലും വ്യത്യസ്ത പുലര്‍ത്തുന്ന നിരവധി ക്ഷേത്രങ്ങൾ കേരളത്തിലുണ്ട്. അത്തരം കുറച്ചു ക്ഷേത്രങ്ങളിലൂടെ ഒരു യാത്രപോയാൽ വള്ളിപടർപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന സരസ്വതിദേവി മുതൽ മഴ ആഘോഷിക്കുന്ന ക്ഷേത്രങ്ങൾ വരെ നമുക്കു കാണുവാൻ സാധിക്കും. വള്ളിപടർപ്പിനുള്ളിലെ സരസ്വതി ദേവിയിലൂടെ നമുക്ക് യാത്ര തുടങ്ങാം .
വള്ളിപടർപ്പിനുള്ളിലെ സരസ്വതി (പനച്ചിക്കാട് ക്ഷേത്രം)
സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണാറുള്ള ശ്രീകോവിലൊ സോപാനമോ ഇല്ല എന്നതാണ് കോട്ടയത്തിന് അടുത്തുള്ള പനച്ചിക്കാട് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ദക്ഷിണമൂകാംബിക എന്ന് അറിയപ്പെടുന്ന ഈ ക്ഷേത്രം മഹാവിഷ്ണു ക്ഷേത്രം ആണെങ്കിലും സരസ്വതിയുടെ പേരിലാണ് അറിയപ്പെടുന്നത്. മഹാവിഷ്ണുവിനെ പ്രതിഷ്ടിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ തെക്ക് വശത്തായുള്ള ചെറിയ കുളത്തിൽ വള്ളിപ്പടർപ്പുകൾക്കിടയിലാണ് സരസ്വതി ദേവിയുടെ പ്രതിഷ്ട. ഈ കുളവും അതിനു ചുറ്റുമുള്ള വള്ളിപടര്‍പ്പും മാത്രമാണ് ഇവിടെയുള്ളത്. പ്രതിഷ്ഠ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതുകൊണ്ടും കാട്ടുവള്ളികൾ പടർന്നു നിൽക്കുന്നതു കൊണ്ടും ദേവി വിഗ്രഹം കാണുവാൻ സാധിക്കുകയില്ല .ഈ വള്ളിപ്പടർപ്പായ സരസ്വതിലത മറ്റെവിടെയും വളരാത്ത സരസ്വതി ലതയാണെന്നാണ് വിശ്വാസം .മലമുകളിൽ നിന്നു ഒലിച്ചുവരുന്ന ഒരു നീർച്ചാലിൽ നിന്നാണ് ഈ കുളത്തിലേക്ക് വെള്ളം ലഭിക്കുക. ഈ നീർച്ചാൽ കിഴക്കോട്ടൊഴുകി ഒടുവിൽ നദിയിൽ ലയിക്കുന്നു.പൂജയ്ക്കായി വെള്ളമെടുക്കുന്നത് ഈ കുളത്തിൽ നിന്നാണ്.
പണ്ട് പണ്ട് കൊല്ലൂർ മൂകാംബിക ദേവിയുടെ ഭക്തനായ ഒരു ബ്രാഹ്മണൻ ഇവിടെ ജീവിച്ചിരുന്നു. അദ്ദേഹം എല്ലാ വർഷവും കൊല്ലൂർ ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നു. പ്രായമായി ആരോഗ്യം ക്ഷയിച്ചപ്പോൾ എല്ലാ വർഷവും ഇനി കൊല്ലൂർ മൂകാംബികാ ക്ഷേത്രം സന്ദർശിക്കുവാൻ സാധിക്കുകയില്ല എന്ന് അദ്ദേഹത്തിനു ബോധ്യമായി. അവസാനമായി കൊല്ലൂർ സന്ദർശിച്ച അദ്ദേഹം തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന്റെ ഓലക്കുടയുടെ മുകളിൽ കയറി മൂകാംബികാ ദേവി ഇവിടെ വന്ന് പനച്ചിക്കാട് ക്ഷേത്രം ഇന്നു നിൽക്കുന്ന സ്ഥലത്ത് കുടികൊണ്ടു എന്നാണ് വിശ്വാസം.
തുലാം മാസത്തിലാണ് സരസ്വതീ പൂജയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം . കുട്ടികളെ എഴുത്തിനിരുത്തുവാൻ ഒരുപാടു പേർ ക്ഷേത്രത്തിൽ എത്താറുണ്ട് .കൊല്ലൂരിലെ മൂകാംബിക ക്ഷേത്രം വരെ പോകുവാൻ സാധിക്കാത്തവര്‍ ദക്ഷിണ മൂകാംബികഎന്നു അറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രത്തിലാണ് നവരാത്രി ആഘോഷിക്കുന്നത് .
ആൽത്തറയിലെ ഓംകാരമൂർത്തി
കൊല്ലം ജില്ലയിൽ ആലപ്പുഴ ജില്ലയുടെ അതിര്‍ത്തിയിൽ കായംകുളത്തിന് അടുത്തായാണ് ഓച്ചിറ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. അമ്പലം ഇല്ലാതെ ആൽത്തറയിൽ വാഴുന്ന പ്രധാന പ്രതിഷ്ടയാണ് ഓംകാര മൂര്‍ത്തി . ദക്ഷിണ കാശിയെന്ന് അറിയപ്പെടുന്ന ഇവിടെ ശ്രീകോവിലോ പ്രതിഷ്ഠയോ പൂജയോ ഇല്ല . കിഴക്കേ ഗോപുരകവാടം മുതൽ 36ഏക്കറിൽ രണ്ട് ആൽത്തറയും ഏതാനും ചില കാവുകളും അടങ്ങുന്നതാണ് ഇവിടുത്തെ ക്ഷേത്രസങ്കൽപ്പം . എന്നാൽ ഗണപതിക്കാവ് ഒണ്ടിക്കാവ് , മഹാലക്ഷ്മിക്കാവ്, അയ്യപ്പ ക്ഷേത്രം, കൽച്ചിറ, കിഴക്കു പടിഞ്ഞാറെ നടകൾ എന്നിവ ക്ഷേത്രങ്ങളായുണ്ട്. ഓംകാര മൂര്‍ത്തിക്കു മാത്രമാണ് ക്ഷേത്രം ഇല്ലാത്തത്.
വേലുത്തമ്പിദളവ പണികഴിപ്പിച്ച ആൽത്തറയാണ് ഇന്ന് ഇവിടെ കാണുന്നത്. ഈ ആൽമരത്തറകലിൽ പരബ്രഹ്മചൈതന്യം കുടി കൊള്ളുന്നതായാണ് സങ്കൽപ്പം . കൊല്ലം ആനന്ദവല്ലീശ്വരം ക്ഷേത്രം പണികഴിപ്പിച്ച ദളവ ഓച്ചിറയിലും ക്ഷേത്രം പണികഴിപ്പിക്കാന്‍ ഒരുങ്ങി എന്നാൽ ദേവ പ്രശ്നത്തിൽ ക്ഷേത്രം നിര്‍മ്മിക്കുന്നത് ദേവനു ഇഷ്ടമല്ലെന്ന് മനസിലായതിനാൽ ആൽത്തറ മാത്രം പണികഴിപ്പിച്ചു എന്നാണ് ചരിത്രൽ പറയപ്പെടുന്നത് .
കന്നിമാസത്തിലെ തിരുവോണം നാളിൽ കന്നുകാലികൾക്കായി നടത്തുന്ന ഇരുപത്തി എട്ടാം ഓണം ഇവിടെ പ്രസിദ്ധമാണ്. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ് ഇരുപത്തിയെട്ടാമത്തെ ദിവസം നടക്കുന്നതിനാലാണ് ഈ ആഘോഷത്തിന് ആ പേരു ലഭിച്ചത്. കാളക്കെട്ട് എന്നും ഈ ആഘോഷം അറിയപ്പെടുന്നുണ്ട്.
വാമന ക്ഷേത്രം
ഭാരതത്തിലെ 108 വൈഷ്ണവ ക്ഷേത്രത്തിൽ വിഷ്ണുവിനെ വാമന രൂപത്തിൽ പ്രതിഷ്ടിച്ചിട്ടുണ്ട് .കേരളത്തിലെ ഏക വാമന ക്ഷേത്രമാണ് എറണാകുളം ജില്ലയിലാണ് തൃക്കാക്കരയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. . മഹാബലി വാമനനു മൂന്നടി മണ്ണ് ദാനം ചെയ്ത സ്ഥലമാണ് തൃക്കാക്കര എന്നാണ് ഐതീഹ്യം. മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂര്‍ത്തിയാണ് തൃക്കാക്കരയപ്പന്.
ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലമെന്നതിനാൽ തിരു-കാൽ-കര എന്നതു ലോപിച്ചാണ് തൃക്കാക്കര എന്ന പേരു വന്നതെന്ന് പറയപ്പെടുന്നു .4,500 വർഷങ്ങൾക്കു മുമ്പ് പരശുരാമനാലാണ് ഈ ക്ഷേത്രം സൃഷ്ടിക്കപ്പെട്ടതെന്നാണ് ഐതിഹ്യത്തിൽ പറയുന്നത് . മഹാബലി, വാമനമൂർത്തിയുടെ കാൽ കഴുകിയപ്പോൾ ജലം ഒഴുകി ചേർന്നുണ്ടായ ദാനോദക പൊയ്ക ഇപ്പോഴും ഈ ക്ഷേത്രത്തിന് സമീപമുണ്ട് . ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിൽ സൂക്ഷിച്ചിട്ടുണ്ട് . മഹാബലിയെ ചവിട്ടാനായി കാലുയർത്തി നിൽക്കുന്ന വാമനമൂർത്തിയുടെ ത്രിവിക്രമ രൂപത്തിലുള്ള പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്.
ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. അത്തം മുതൽ പത്ത് ദിവസമാണ് ക്ഷേത്രത്തിലെ ഉത്സവം. ജാതിമത ഭേദമന്യേ ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. തൃക്കാക്കരയിൽ ഉത്സവത്തിന് വരാത്തവർ വീടുകളിൽ തൃക്കാക്കരയപ്പനെ പ്രതിഷ്ഠിച്ച് ആഘോഷം നടത്തണമെന്ന് കേരളചക്രവര്‍ത്തിയായ പെരുമാൾ കല്പന പുറപ്പെടുവിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ ഭാഗമായാണ് കേരളത്തിൽ തിരുവോണം ആഘോഷിക്കുന്നതെന്ന ഒരു ഐതീഹ്യം നിലവിൽ ഉണ്ട്.
പാമ്പുമേക്കാട്ട് മന
ചാലക്കുടിക്ക് 11 കിലോമീറ്റർ അകലെയുള്ള വടമ എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ പാമ്പുമേക്കാട്ട് മന സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രശസ്തമായ സർപ്പാരാധന കേന്ദ്രമാണ് ഈ മന. മുമ്പ് മേക്കാട് മന എന്നായിരുന്നു ഈ മന അറിയപ്പെട്ടിരുന്നത്. ഇവിടെ സർപ്പാരാധന ആരംഭിച്ചതോടെയാണ് പാമ്പ് മേക്കാട് മന എന്ന് അറിയപ്പെടാൻ തുടങ്ങിയത്. എന്നാൽ ഇവിടുത്തെ സർപ്പാരാധന എന്ന് ആരംഭിച്ചു എന്ന കാര്യം വ്യക്തമല്ല.
മേക്കാട്ടുമനയിൽ ഉള്ളവർ മന്ത്രതന്ത്ര പ്രവീണരായിരുന്നുവെങ്കിലും ദുസ്സഹമായ ദാരിദ്ര്യദുഃഖം അനുഭവിക്കുന്നവരായിരുന്നു . അക്കാലത്തൊരിക്കൽ, ദാരിദ്ര്യദുഃഖത്തിന് നിവൃത്തിയുണ്ടാക്കണമെന്ന പ്രാർത്ഥനയുമായി മനയ്ക്കലെ മൂത്ത നമ്പൂതിരി ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ,ഒരു വ്യാഴവട്ടകാലം നീണ്ട്നിൽക്കുന്ന ഭജനമിരിക്കാൻ ആരംഭിച്ചു. ഒരു രാത്രി വാസുകി എന്ന സർപ്പരാജൻ കയ്യിൽ മാണിക്യകല്ലുമായി പ്രത്യക്ഷപ്പെടുകയും വരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. സർപ്പരാജന്റെ സാന്നിദ്ധ്യം തന്റെ ഭവനത്തിൽ എപ്പോഴും ഉണ്ടാകണമെന്നും തന്റെ ദാരിദ്ര്യദുഃഖത്തിന് അറുതിവരുത്തണമെന്നും വരം അരുളാൻ ആവശ്യപ്പെട്ടെന്നും, വാസുകി നൽകുകയും ചെയ്തു എന്നുമാണ് വിശ്വാസം. മനയ്ക്കൽ എത്തിയ നമ്പൂതിരിയുടെ ഓലക്കുടയിൽ പിണഞ്ഞിരുന്ന നാഗത്താനെയാണ് മേക്കാട്ടുമനയിലെ പരദേവതയായി കിഴക്കിനിയിൽ പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം. നാഗയക്ഷിയുടെയും വാസുകിയുടെയും കല്പനകൾ അനുസരിച്ച് മേക്കാട്ടുമനയിലെ ആളുകൾ ജീവിക്കാനാരംഭിച്ചു എന്നാണ് ഐതിഹ്യത്തിൽ പറയുന്നത് . ഈ കഥയാണ് കൊട്ടാരത്തിൽ ശങ്കുണ്ണി, ‘ഐതിഹ്യമാല’യിൽ പാമ്പു മേക്കാട്ടുമനയിലെ നമ്പൂതിരിമാരുടെ സർപ്പാരാധന പ്രാധാന്യത്തിനു തെളിവായി കാണിക്കുന്നത്.
പാരമ്പര്യങ്ങൾ മുറുകേ പിടിക്കുന്ന പാമ്പുമേക്കാട്ടുമനയിൽ മേൽജാതിക്കാര് അല്ലാത്തവര്‍ക്ക് എപ്പോഴും പ്രവേശനം ഉണ്ടായിരുന്നില്ല. മനയിലേക്ക് പ്രവേശിക്കുന്നവരുടെ ജാതി അറിയാന്‍ മനയിലെ ആളുകൾ നോക്കിയിരിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. കന്നിമാസത്തിലെ ആയില്ല്യം നാളിൽ എല്ലാ വിഭാഗം ഭക്തർക്കും ഇവിടെയെത്തി തൊഴാൻ അനുവാദമുണ്ട്.
അനന്തപുരം ക്ഷേത്രം
പ്രശസ്ത ക്രിക്കറ്റ് താരമായിരുന്ന അനിൽകുബ്ലൈയുടെ നാടായ കാസർകോട് ജില്ലയിലെ കുംബ്ലൈ എന്ന സ്ഥലത്തേക്കുറിച്ച് കേൾക്കാത്തവരുണ്ടാകില്ല. എന്നാൽ അനിൽ കുംബ്ലൈ ജനിക്കുന്നതിന് മുൻപേ ഈ നാട് പ്രശസ്തമായിരുന്നു. കാരണം കേരളത്തിലെ ഏക തടാക ക്ഷേത്രമായ അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പ്രശസ്തമായ ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ബേക്കലിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കുളിച്ച് തൊഴുക എന്നതാണ് മലയാളികളുടെ ശീലം. തൊഴാൻ ഒരു ക്ഷേത്രമുണ്ടെങ്കിൽ ക്ഷേത്രത്തിന് സമീപം തന്നെ കുളിക്കാൻ ഒരു കുളമോ തടാകമോ ഉണ്ടാകും. നദിയിൽ മുങ്ങി കുളിച്ചിട്ടാണ് നദീതീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ചില ക്ഷേത്രങ്ങളിൽ തൊഴാറ്. ജലാശയങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. ഇതിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ വടക്കൻ ജില്ലയായ കാസർകോടിൽ തടാകത്തിന്റെ നടുവിലായി അനന്തപുരം ക്ഷേത്രം സ്ഥിതി ചെയ്യന്നു . ഏകദേശം രണ്ടേക്കർ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്ന ഹരിതഭംഗിയുള്ള സ്ഥലത്തു തടാകത്തിന് നടുവിലായാണ് ചെങ്കല്ലു കൊണ്ട് നിർമ്മിച്ച ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 3 മീറ്റര്‍ ഉയരത്തിൽ ചെങ്കല്ലു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന മതില്‍ക്കെട്ടിനെ ‘സര്‍പ്പക്കെട്ട് ‘എന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള നിര്‍മ്മാണശൈലി പണ്ട് കാലത്തു മഹാക്ഷേത്രങ്ങളുടെ അടയാളമായിരുന്നു .കേരളത്തിൽ അപൂര്‍വ്വം ക്ഷേത്രങ്ങളിൽ മാത്രമേ ഇത്തരം മതിൽകെട്ടുകൾ കാണുവാൻ സാധിക്കൂ. ഏത് തരത്തിലുള്ള മതിലുകളിലും ഇഴജന്തുക്കൾക്ക് കയറാനാകുമെങ്കിലും ‘സര്‍പ്പക്കെട്ട് ‘ മതിലുകളിലേക്ക് പാമ്പുകൾക്കും മറ്റും കയറാനാവില്ലെന്നുള്ളത് ഒരു പ്രത്യേകതയാണ്.മതിൽ ക്കട്ടിനകത്തു കയറി കുറച്ചു പടികൾ താഴേക്കു ഇറങ്ങിയാലെ ക്ഷേത്ര ദർശനം സാധിക്കുകയുള്ളൂ . ക്ഷേത്രത്തിനു കാവലായി തടാകത്തിൽ അന്തേവാസിയായ മാംസാഹാരം കഴിക്കാത്ത ബബ്ബിയ എന്ന് പേരുള്ള മുതല ഉണ്ട് . പൂജാരി കൊടുക്കുന്ന നിവേദ്യചോറാണ് മുതലയുടെ മുഖ്യഭക്ഷണം.
ശ്രീകോവിലിനുള്ളിൽ ഏഴ് പ്രതിഷ്ഠകളാണ് ഉള്ളത് . ക്ഷേത്രത്തിന്റെ അകത്തെ ചുമരിലുള്ള അതിപ്രാചീനമായ ചുവര്‍ച്ചിത്രങ്ങൾക്ക് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു .പ്രകൃതിദത്തമായ ജൈവികവര്‍ണ്ണങ്ങള്‍ ഉപയോഗിച്ച് വരച്ചതുകൊണ്ടായിരിക്കണം ഇപ്പോഴും അതൊക്കെ പുതുമയോടെയും തിളക്കത്തോടെ നിൽക്കുന്നത് .കടുശര്‍ക്കര വിഗ്രഹ പ്രതിഷ്ഠ ആയതുകൊണ്ട് അഭിഷേകം നടത്തുന്നത് ശ്രീകോവിലില്‍ത്തന്നെയുള്ള ചെറിയ പഞ്ചലോഹവിഗ്രഹത്തിലാണ്.
കാർത്യായനി ക്ഷേത്രം
ചേർത്തല നഗരത്തിൽ റോഡരികിലായിട്ടാണ് കോഴികളെ പറപ്പിക്കുന്ന ക്ഷേത്രമായ കാർത്യായനി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മൂന്ന് ശ്രീ കോവിലുകളാണ് ക്ഷേത്രത്തിലുള്ളത്. ദേവിയേ കൂടാതെ ശിവനും വിഷ്ണുവുമാണ് മറ്റ് പ്രതിഷ്ടകൾ. ശിവനേയും വിഷ്ണുവിനേയും ഒരുമിച്ച് പ്രതിഷ്ടിച്ചിട്ടുള്ള അപൂർവ ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രതിഷ്ടയ്ക്കുമുണ്ട് ഏറെ പ്രത്യേകത. തറനിരപ്പിൽ നിന്ന് നാലടിയോളം താഴ്ചയിലാണ് ദേവിയെ പ്രതിഷ്ടിച്ചിരിക്കുന്നത്. ദേവി സ്വയംഭൂവായതാണെന്ന വിശ്വാസവും നിലനിൽക്കുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വിത്യസ്തമായി കിഴക്കോട്ടാണ് പ്രതിഷ്ട. ചതുരത്തിൽ കെട്ടിയിട്ടുള്ള കരിങ്കല്ലാണ് പ്രതിഷ്ടാസ്ഥാനം.
തിരുവനന്തപുരത്തെ അനന്തപദ്മനാഭ ക്ഷേത്രത്തിൽ നിന്ന് വില്വമംഗലം സ്വാമിയാർ ഗുരുവായൂരിലേക്ക് തിരികേ പോകുമ്പോൾ അൽപ്പ സമയം ചേർത്തലയിൽ വിശ്രമിച്ചു. ഒരു മരച്ചുവട്ടിലായിരുന്നു അദ്ദേഹം വിശ്രമിച്ചത്. അരയന്നങ്ങൾ നീന്തുന്ന നിരവധി കുളങ്ങൾ അദ്ദേഹം കാണാനിടയായി. ഇതിനിടയിൽ ഒരു ദിവ്യത്തമുള്ള ഒരു കന്യകയെ അദ്ദേഹം കാണാനിടയായി. അത് ഒരു ദേവത തന്നെയാണെന്ന് അദ്ദേഹം മനസിൽ ഉറപ്പിച്ചു. അദ്ദേഹം ഉടൻ ദേവതയെ സമീപിച്ചപ്പോൾ ദേവത കുളത്തിലേക്ക് എടുത്ത് ചാടി. ഇങ്ങനെ ആറ് ദിവസവും വില്വമംഗലം സ്വാമിയാരെ കണ്ടപ്പോൾ അവർ ആറ് കുളങ്ങളിലായി ചാടി ഒളിച്ചു. അങ്ങനെ ഏഴാമത്തെ ദിവസം വന്നു. ഏഴമത്തെ കുളത്തിലേക്ക് ദേവത ചാടി. എന്നാൽ കുളത്തിൽ നിറയെ ചേറ് ആയിരുന്നു. ദേവത ചേറിലേക്ക് താഴുന്നതിന് മുൻപെ വില്വമംഗലം അവരുടെ മുടിയിൽ പിടിച്ച് ഉയർത്തി. ചേറിലായ തല എന്ന അർത്ഥത്തിലാന് ചേർത്തല എന്ന പേര് ഉണ്ടായതെന്നാണ് ഐതീഹ്യം.
കോഴികളെ പറപ്പിക്കലാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. ക്ഷേത്രമതിൽകെട്ടിനുള്ളിൽ നൂറു കണക്കിന് കോഴികളെ കാണാം. ഭക്തർ വഴിപാടായി പറപ്പിക്കുന്ന കോഴികളാണ് അവയെല്ലാം. ക്ഷേത്രത്തിലെ മറ്റൊരു പ്രധാന വഴിപാടാണ് തടിവഴിപാട്.( അരിപ്പൊടി, തേന്‍, പഴം, മുന്തിരിങ്ങ, കല്‍ക്കണ്ടം, ചുക്കുപൊടി, ഏലക്കാപൊടി, ജീരകപ്പൊടി എന്നിവ ചേർത്താണ് ഇത് നിർമ്മിക്കുന്നത്. തുടർന്ന് കുഴൽരൂപത്തിൽ ചുരുട്ടിയെടുത്ത പാളയിൽ ഈ മിശ്രിതം നിറയ്ക്കുന്നു. തുടർന്ന് മണ്ണിൽ കുഴിച്ചിട്ട് മീതെ തീയിട്ട് ചുട്ടെടുക്കുന്നു ).
മീനമാസത്തിലെ മകയിരം നാൾ മുതൽ ആണ് ഇവിടെ ആറാട്ട് നടക്കുന്നത്. ഏഴ് ദിവസവും ഏഴ് ആറാട്ട് നടക്കും. പൂയം നാളിലെ സരസ്വതി പടയണി, ആയില്ല്യം, മകം, പൂരം തുടങ്ങിയ നാളുകളിലെ പടയണികൾ എന്നിവയാണ് ക്ഷേത്രത്തിലെ മറ്റ് ചടങ്ങുകൾ.
കൊട്ടിയൂർ ക്ഷേത്രം (മഴ ആഘോഷിക്കു ക്ഷേത്രം)
കണ്ണൂർ ജില്ലയിൽ, തലശ്ശേരിയിൽ നിന്ന് 64 കിലോമീറ്റർ അകലെ വയനാട് ജില്ലയോട് ചേർന്ന് കിടക്കുന്ന ഒരു മലയോര ഗ്രമമാണ് കൊട്ടിയൂർ.ബവേലി പുഴയുടെ തീരത്താണ് കൊട്ടിയൂർ ക്ഷേത്രം സ്ഥിതിചെയ്യുന്നത് . വര്‍ഷകാലം ആരംഭിക്കുന്നതോടെ മലയാളക്കരയിൽ ഉത്സവങ്ങളൊക്കെ തീരും. എന്നാൽ കൊട്ടിയൂര്‍ ക്ഷേത്രത്തിൽ കൊടും മഴയത്താണ് ഉത്സവം നടക്കുക. കൊടും മഴയിൽ കുട ചൂടി വെള്ളത്തിലൂടെ പ്രദക്ഷിണം വച്ചാണ് ഇവിടുത്തെ പ്രതിഷ്ടയിൽ തൊഴുക. ഈ ക്ഷേത്രത്തിനെ ദക്ഷിണ കാശി എന്നും വിശേഷിപ്പിക്കാറുണ്ട്. ഇക്കരെ കൊട്ടിയൂർ ക്ഷേത്രവും അക്കരെ കൊട്ടിയൂർ ക്ഷേത്രവുമുണ്ട്.
പുരാണങ്ങളിലെ ദക്ഷയാഗം നടന്ന സ്ഥലമാണ് കൊട്ടിയൂർ എന്നാണ് വിശ്വാസം. ഒരു വൈശാഖ നാളിലാണ് ദക്ഷൻ യാഗം നടത്തിയത്. പിതാവ് നടത്തുന്ന യാഗത്തിൽ തന്നെയും പ്രിയതമനായ ശിവനെയും അവഹേളിച്ചതിൽ ദുഖിതയായ സതിദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കോപാകുലനായ ശിവൻ ജട പറിച്ചു നിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിച്ചു. വീരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷൻറ തലയറുത്തു. മൂലോകങ്ങളുടെയും അഭ്യർത്ഥന പ്രകാരം ദക്ഷനെ പുനർജീവിപ്പിച്ചു യാഗം പൂർത്തിയാക്കി ശിവൻ തപസനുഷ്ടിയ്ക്കാൻ കൈലാസത്തിലേക്ക് പോയി.പിന്നീട് കൊടും വനമായി തീർന്ന യാഗസ്ഥലം കുറിച്യരുടെ വാസസ്ഥലമായി, ഒരു കുറിച്യ യുവാവ് അമ്പിന് മൂർച്ച കൂട്ടാൻ ഒരു കല്ലിൽ ഉരയ്ക്കുകയും, കല്ലിൽ നിന്ന് രക്തം വരികയും ചെയ്തു. ഇതറിഞ്ഞത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയത്രേ. വൈശാഖ ഉത്സവം ആരംഭിച്ച്,ക്ഷേത്രത്തിൽ ഇന്നു കാണുന്ന ചിട്ടകൾ ഉണ്ടാക്കിയത് ശങ്കരാചാര്യർ ആണെന്ന് പറയപ്പെടുന്നു .
ബാവലിപ്പുഴയുടെ ഭാഗമായ തിരുവഞ്ചിറ എന്ന അരുവിയുടെ നടുവിലാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ശിവ ലിംഗം സ്വയംഭൂ ആയതാണെന്നാണ് വിശ്വാസം. ഈ തടാകത്തിലെ തന്നെ മറ്റൊരു തറയായ അമ്മാരക്കല്ലിലാണ് ശ്രീ പാർവതിയെ ആരാധിക്കുന്നത്. കൊട്ടിയൂർ ക്ഷേത്രത്തിലെ വൈശാഖ മഹോത്സവം ആരംഭിക്കുന്നത് ഇടവ മാസത്തിലെ ചോതി നാളിലാണ്. മിഥുന മാസത്തിലെ ചിത്തിര വരെ 27 നാളുകൾ നീണ്ടുനിൽക്കുന്നതാണ് ഇവിടുത്തെ ഉത്സവം.
ഇനിയും വിചിത്ര ആചാരങ്ങൾ ഉള്ള ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ട്. പ്രധാനപ്പെട്ട ഈ ക്ഷേത്രങ്ങളിലൂടെ ഉള്ള യാത്ര ഒരു പുതിയ അറിവും അനുഭവവും ആയിരിക്കും.