സ്ത്രീ സ്വയം അറിയുക

ആ ലേഖനം വായിച്ചു ഞാന്‍ വളരെ അസ്വസ്ഥയായി. കേരളത്തില്‍ ജനിച്ചു വളര്‍ന്ന ആ ലേഖകനോടും അത്തരത്തിലൊരു ലേഖനമെഴുതാന്‍ പ്രേരിപ്പിച്ച അയാളുടെ മാനസികാവസ്ഥയോടും എനിക്കു പുച്ഛവും സഹതാപവും തോന്നി.

കേരളത്തില്‍ മുക്കിനുമുക്കിനു ഹോട്ടലുകള്‍ ഉള്ളതുപോലെ വേശ്യാലയങ്ങളും ആവശ്യമാണെന്നും കേരളത്തിലെ എല്ലാ ദുഷ്പ്രവണതകള്‍ക്കും കാരണം ലൈംഗിക അസംതൃപ്തിയാണെന്നും ലേഖകന്‍ സമര്‍ത്ഥിക്കുന്നു. വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന അല്ലെങ്കില്‍ അത്തരം ചിന്താഗതിയുള്ള ഒരു കൂട്ടം ആളുകള്‍ കേരളത്തിലുണ്ട് എന്നു വിശ്വസിപ്പിക്കുന്ന ഒരു ലേഖനമായിരുന്നു അത്.

Loading...

നളിനി ജമീലയെപ്പോലുള്ള ലൈംഗിക തൊഴിലാളികളുടെ പുസ്തകങ്ങളോ അവരെ മുഖ്യധാരാ സമൂഹത്തിലേക്കു കൊണ്ടുവന്നു പ്രദര്‍ശിപ്പിച്ചതോ ആകാം ഇതിനെപ്പറ്റിപ്പറയുന്നതിനും ലേഖനം എഴുതുന്നതിനും പ്രേരിപ്പിച്ചത്. വേശ്യാവൃത്തി ഒരു തൊഴിലായി കൊണ്ടുനടക്കുന്നവര്‍ കണ്ടേക്കാം. പക്ഷേ, കേരളത്തിലെ സ്ത്രീകള്‍ ജന്മനാ വേശ്യകളല്ല. പുരുഷന്റെ പീഡനങ്ങള്‍ക്ക് ഇരയായതിനുശേഷം സമൂഹം അംഗീകരിക്കാതെ വരുമ്പോള്‍ , വേറൊരു ജോലിയും കിട്ടാതെയാകുമ്പോള്‍ , വിവാഹം കഴിക്കാന്‍ ഒരു പുരുഷനും തയ്യാറാകാതെ വരുമ്പോള്‍ -അതായത് എല്ലാ വാതിലും അവളുടെ മുമ്പില്‍ കൊട്ടിയടക്കപ്പെടുമ്പോള്‍ മരിക്കാന്‍ വയ്യാത്തിനാല്‍ ജീവിക്കാന്‍ വേണ്ടി ആ തൊഴിലില്‍ പെട്ടുപോകുന്നതാണ്. അല്ലാതെ മണിപ്രവാള കാലഘട്ടത്തിലെ പോലെ ഒരമ്മയും മകളെ മടിയിലിരുത്തി വേശ്യാവൃത്തിയെപ്പറ്റി പഠിപ്പിക്കുന്നില്ല.

സ്‌ക്കൂളുകള്‍ , ഹോട്ടലുകള്‍ തുടങ്ങിയവ പോലെ കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് ആരോഗ്യമുള്ള സ്ത്രീകളെ റിക്രൂട്ട് ചെയ്ത് വേശ്യാലയങ്ങള്‍ നടപ്പാക്കണമെന്നാണ് ലേഖകന്റെ അഭിപ്രായം.

ഏതു സ്ത്രീയ്ക്കും സ്‌നേഹത്തിലധിഷ്ഠിതമായ ഒരു കുടുംബ വ്യവസ്ഥയാണിഷ്ടം. മാംസം മാത്രമായി ഒരു സ്ത്രീയും ഉണ്ടാവില്ല. അഥവാ ഉണ്ടായാല്‍ അവര്‍ അത്തരത്തിലുള്ള ഒരു രോഗിയായിരിക്കും, തീര്‍ച്ച. മാന്യമായ ഒരു തൊഴിലാണ് എന്ന രീതിയില്‍ ഇതിന് അംഗീകാരം കൊടുക്കണമെന്ന് സ്ത്രീകളുള്‍പ്പെടെ ആരൊക്കെയോ വാദിച്ചുവെന്ന് മുമ്പു ഞാന്‍ കേട്ടിരുന്നു.

പുരുഷാധിപത്യത്തെ അരക്കിട്ടുറപ്പിക്കാനെ ഈ ചിന്താഗതിക്കു കഴിയൂ, സ്ത്രീകള്‍ വേശ്യകളാകേണ്ടത് ആരുടെ ആവശ്യമാണ്? പുരുഷന്, പുരുഷന്റെ സുഖത്തിനുവേണ്ടി, പുരുഷനുമാത്രം സുഖിക്കണം. സ്ത്രീ അതിനു വഴങ്ങണം. അവസാനം സ്ത്രീ ചണ്ടിയായി അവശേഷിക്കുകയും വേണം. സ്ത്രീക്കു നേരെയുള്ള ചൂഷണത്തിനു വളമിടുകയാണ് ഇത്തരത്തിലുള്ള പ്രവണതകള്‍ സ്ത്രീ തന്നെ വില്ക്കുക, തന്റെ ശരീരം വില്ക്കുക, ലൈംഗികത വില്ക്കുക, അതു തെറ്റാണ്. മതപരമായി പറഞ്ഞാല്‍ പാപമാണ്, പ്രമാണലംഘനമാണ്. ലൈംഗികതയും ആത്മദാനവും വരും തലമുറയ്ക്കുവേണ്ടിയുള്ളതാണ്. അല്ലാതെ അത് വ്യവസായമാക്കാനുള്ളതല്ല.

താന്‍ ഒരു ലൈംഗിക തൊഴിലാളിയാണ് എന്നു പറയാന്‍ ഒരു സ്ത്രീക്ക് ലജ്ജയില്ലാതെ വരുന്നത് അപകടകരമായ അവസ്ഥയാണ്. സ്ത്രീ വില്പനച്ചരക്കാവുമ്പോള്‍ സ്വയം നിയന്ത്രണം വിട്ടുപോകുകയാണ്. അവള്‍ കമ്പോളത്തില്‍ വില്ക്കാന്‍ വയ്ക്കപ്പെട്ട വെറും വില്പന വസ്തുമാത്രം. പുരുഷാധിപത്യമുള്ള കുടുംബങ്ങളില്‍ സ്ത്രീകളനുഭവിക്കുന്ന പീഡനം പോരാഞ്ഞത് വേശ്യാലയങ്ങളിലൂടെയും തങ്ങളുടെ ആധിപത്യം അടിച്ചേല്‍പ്പിക്കുവാന്‍ രംഗമൊരുക്കുന്നതിനുള്ള തത്രപ്പാട് നീചമാണ്; ക്രൂരമാണ്; അക്ഷന്തവ്യമാണ്.

ഒരു സ്ത്രീ പത്തിരുപതു വര്‍ഷം വേശ്യാവൃത്തി ചെയ്തുവെന്നിരിക്കട്ടെ. അപ്പോഴേക്കും ബോണസ്സായി കിട്ടുന്ന എത്രയെത്ര രോഗങ്ങള്‍ ! എയ്ഡ്‌സ്, സിഫിലിസ് തുടങ്ങി രോഗങ്ങള്‍ ബാധിച്ചു നരകിക്കുന്നത് കാണണോ പുരുഷന്മാര്‍ക്ക്. അവരുടെ അച്ഛനില്ലാത്ത മക്കള്‍ സമൂഹത്തിലേല്‍പ്പിക്കുന്ന ആഘാതം കണ്ടു രസിക്കണോ ലേഖകന്‍.

ലേഖകന്‍ കലശലായ അറപ്പും അയിത്തബോധവുമുള്ളതിനാല്‍ വേശ്യാലയങ്ങളില്‍ പോയിട്ടില്ലെന്നയുള്ളൂവെന്നും പോകാന്‍ താല്‍പര്യമുള്ളവര്‍ക്ക് വഴിയൊരുക്കിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും അഭിപ്രായപ്പെടുന്നു. തന്റെ ഭാര്യയെയോ മകളെയോ ഈ തൊഴിലിലേക്ക് വിടുവാന്‍ , ലൈംഗിക ദുഃഖം ശമിപ്പിക്കാന്‍ ലേഖകന് (പേരു പറയുന്നില്ല) കഴിയുമോ? അപരന്റെ ദുഃഖം ശമിപ്പിക്കുവാന്‍ കേരളത്തിലെ സാമൂഹ്യ വ്യവസ്ഥിതിയില്‍ ഇത്ര വേദനിക്കുന്നയാള് അതിനു തയ്യാറാകുന്നില്ലെങ്കില്‍ അപരന്റെ ഭാര്യയും മക്കളും സ്വന്തക്കാരും അതേ നിലപാടു തന്നെയുള്ളവരാണെന്നു കരുതുക.

ദയവായി ഇത്തരത്തിലുള്ള അഭിപ്രായങ്ങളും ലേഖനങ്ങളുമായി മേലില്‍ പ്രത്യക്ഷപ്പെടാതിരിക്കണമെന്നൊരപേക്ഷയുണ്ട്.