തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയനും ആരിഫ് മുഹമ്മദ് ഖാനും ഒന്നിച്ച് ചേര്‍ന്നാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗം തകര്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അവര്‍ ഒന്നിച്ച് ചേര്‍ന്നാണ് യുജിസി നിയമം അട്ടിമറിച്ചതെന്നും സതീശന്‍ ആരോപിച്ചു. ഇപ്പോള്‍ ഒരു പ്രതിക്കെതിരെ മറ്റൊരു പ്രതി സമരം ചെയ്യുകയാണെന്നും. സുപ്രീംകോടതി വിധിക്കെതിരായ ഈ സമരത്തെ ജനം തമാശയായി മാത്രമാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ രംഗം തകര്‍ത്തതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കൈകഴുകുവനാണ് ഈ സമരം എന്നും സതീശന്‍ പറഞ്ഞു. കോര്‍പറേഷന്‍ കത്ത് വിവാദവും വിലക്കയറ്റവും മറച്ച് വെക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം ഉണ്ടായിട്ടും സര്‍ക്കാര്‍ ഇടപെടുന്നില്ല. നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട് ചെറുപ്പക്കാരുടെ ഇടയില്‍വലിയ ആശങ്ക സര്‍ക്കാര്‍ ഉണ്ടാക്കിയെന്നും സതീശന്‍ പറഞ്ഞു.
ഉന്നതവിദ്യാഭ്യാ സംരക്ഷണ സമിതിയെ മുന്നില്‍ നിര്‍ത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച്. മാര്‍ച്ച് തുടങ്ങുന്നതിന് മുമ്പ് ഭൂരിപക്ഷം ജീവനക്കാരും ജോലിക്കെത്തിയിരുന്നു. രാജ് ഭവന് ചുറ്റുമായി ഒരു ലക്ഷം പേരെ അണിനിരത്തിയാണ് പ്രതിരോധ മാര്‍ച്ച്. ഉന്നത വിദ്യാഭ്യാസരംഗത്ത് ബിജെപി ആര്‍എസ്എസ് ഇടപെടല്‍ അനുവദിക്കില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയാണെന്നും യെച്ചൂരി പറയുന്നു.
തനിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ 30 വര്‍ഷായി അറിയാം ഇതിനിടയില്‍ ഒന്നും അദ്ദേഹവുമായി തെറ്റി നില്‍ക്കേണ്ട കാര്യം തനിക്ക് ഉണ്ടായിട്ടില്ല. ഇപ്പോള്‍ നയപരമായ കാര്യത്തിലാണ് വിയോജിപ്പെന്നും യെച്ചുരി പറഞ്ഞു. അതേസമയം ഗവര്‍ണര്‍ രാജ്ഭവനില്‍ ഇല്ലാത്ത സമയത്താണ് ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാരിന്റെ സമരം എന്ന പ്രത്യേകതയും ഇന്നത്തെ സമരത്തിനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സമരത്തില്‍ പങ്കെടുക്കുമെന്ന് ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.