ക്രൂരമായി മർദിച്ച ശേഷം രണ്ടു കൈയിലെയും ഞരമ്പ് മുറിച്ച് കുറ്റിക്കാട്ടിൽ തള്ളി; അനന്ദുവിനെ കൊലപ്പെടുത്തിയത് പ്രൊഫഷ്ണൽ സംഘമെന്ന നിഗമനത്തിൽ പൊലീസ്

തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം കൊട്ടേഷൻ സംഘങ്ങളിലേക്ക്. ഇന്നലെ വൈകിട്ടാണ് കൊഞ്ചിറവിള സ്വദേശി അനന്ദു ഗിരീഷിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. അനന്ദുവിനെ ഇന്ന് കരമനയിലെ ബൈക്ക് ഷോറൂമിനു സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ അനന്ദുവിന്‍റെ രണ്ടു കൈയിലെയും ഞരമ്പുകൾ മുറിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ക്രൂരമായ മർദനത്തിനു ശേഷം ഞരമ്പ് മുറിച്ച് കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം മാത്രമേ മരണ കാരണം എന്താണെന്നു വ്യക്തമാകു.

അതേസമയം അനന്ദുവും കൂട്ടുകാരും കഴിഞ്ഞ ദിവസം കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെയുണ്ടാക്കിയ സംഘർഷത്തെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്സവത്തിനിടെ ഇരുകൂട്ടർ തമ്മിൽ സംഘടനം ഉണ്ടാവുകയായിരുന്നു. സംഭവത്തിനു ശേഷം എതിർ സംഘം അനന്ദുവിനെ നോട്ടമിട്ടിരുന്നതായി സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

കൊലപാതകവുമായി ഇവർക്ക് ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്. ‌ഇന്നലെ വൈകിട്ടാണ് ബൈക്കിൽ പോവുകയായിരുന്ന അനന്ദുവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയത്. തളിയിൽ അരശൂമൂട് വച്ചായിരുന്നു സംഭവം. അക്രമി സംഘത്തെ കണ്ടെത്താൻ പൊലീസ് ശ്രമം ഊർജിതമാക്കിയിട്ടുണ്ട്. കരമന പൊലീസാണ് കേസിന്‍റെ അന്വേഷണം.