എനിക്ക് അമ്മയോട് ഒരുകാര്യം പറയാനുണ്ട്, തിരികെ വന്നപ്പോള്‍ കണ്ടത് ആത്മഹത്യചെയ്ത നിലയില്‍

വിതുര: ‘ എനിക്ക് അമ്മയോട് ഒരുകാര്യം പറയാനുണ്ട്, അമ്മ മടങ്ങിവരുമ്ബോള്‍ പറയാം.’ ഇങ്ങനെ പറഞ്ഞ് തങ്ങളെ യാത്രയാക്കിയ അഭിജിത്ത് ഇനിയില്ലെന്ന സത്യം അമ്മ ശുഭയ്ക്കും അഭിജിത്തിന്റെ ജ്യേഷ്ഠന്‍ അനന്തുവിനും ഉള്‍ക്കൊള്ളാനാകുന്നില്ല.

ഇന്നലെ ആത്മഹത്യചെയ്ത തോട്ടുമുക്ക് ചായം മണലയം ശ്രീനിലയത്തില്‍ അഭിജിത്ത്, അഡ്മിഷനുമായി ബന്ധപ്പെട്ട് നെടുമങ്ങാട് ഗവ. കോളേജിലേക്ക് പോയ അമ്മയോടും സഹോദരനോടും സന്തോഷത്തോടെയാണ് സംസാരിച്ചത്.

Loading...

ഇവര്‍ കോളേജിലെത്തിയപ്പോള്‍ ഫോണില്‍ വിളിച്ച്‌ തനിക്ക് ഷവര്‍മ വാങ്ങി വരണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഒരിക്കല്‍ക്കൂടി വിളിച്ച്‌ ഉള്ളിവട വാങ്ങണമെന്നും പറഞ്ഞു.

എന്നാല്‍ അമ്മയും ജ്യേഷ്ഠനും മടങ്ങിയെത്തിയപ്പോള്‍ അഭിജിത്ത് തൂങ്ങിനില്‍ക്കുന്ന ഹൃദയഭേദകമായ കാഴ്ചയാണ് കാണേണ്ടിവന്നത്. ശുഭയുടെയും അനന്തുവിന്റെയും നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി അഭിജിത്തിനെ അഴിച്ചിറക്കി നോക്കിയപ്പോള്‍ ജീവന്റെ തുടിപ്പ് ഉണ്ടായിരുന്നു. ഉടന്‍ ആംബുലന്‍സില്‍ വിതുര ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിതുര ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദേശത്തായിരുന്ന അഭിജിത്തിന്റെ അച്ഛന്‍ അജയന്‍ ഇന്ന് രാവിലെ നാട്ടിലെത്തും. ഉച്ചയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്‌

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്‍പ്‌ലൈന്‍ നമ്ബരുകള്‍ – 1056, 0471- 2552056)