എനിക്ക് കുടുംബവും വീടുമൊക്കെയുണ്ട്, അഞ്ജലി താല്‍പ്പര്യമില്ലെങ്കില്‍ മാറി താമസിക്കൂ,; സുഹൃത്ത് അനസ്

അഞ്ജലി അമീറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഹൃത്ത് അനസ് സി.വി രംഗത്ത്. ‘താല്‍പര്യമില്ലെങ്കില്‍ അവള്‍ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാന്‍ ഇതിനൊക്കെ നിന്നുകൊടുത്തത്. അഞ്ജലിയെ സുഹൃത്തുക്കള്‍ വഴി തെറ്റിക്കുകയാണ്.’ അനസ് പറഞ്ഞു.

ഒരുമിച്ച് താമസിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ അഞ്ജലി മാറി താമസിക്കൂ എന്നും അഞ്ജലിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഇതുവരെ കൂടെ നിന്നതെന്നും അനസ് പറഞ്ഞു. രണ്ടു വര്‍ഷമായി അഞ്ജലിയും അനസും ഒരുമിച്ചായിരുന്നു താമസം.

Loading...

ലിവിംഗ് ടുഗദര്‍ പങ്കാളിയില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് അഞ്ജലി വെളിപ്പെടുത്തിയത്. ബന്ധം പിരിഞ്ഞാല്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് വീഡിയോയില്‍ അഞ്ജലി പറഞ്ഞത്.

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയതായും അഞ്ജലി അമീര്‍ വ്യക്തമാക്കുന്നു.

അതേസമയം മമ്മൂട്ടിയുടെ പേരന്‍പിലൂടെ ശ്രദ്ധേയയായ അഞ്ജലി അമീറിന്റെ ജീവിതം സിനിമയാകുകയാണ്. റിയാലിറ്റി ഷോയിലൂടെയും സിനിമകളിലൂടെയും കടന്നു വന്ന് ദൃശ്യവിനോദ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ആണ് അഞ്ജലി അമീര്‍. തന്റെ തന്നെ ജീവിത കഥ പറയുന്ന സിനിമയുടെ നായികയാകാന്‍ അവസരമൊരുങ്ങുന്നതിന്റെ ത്രില്ലിലാണ് അഞ്ജലി. സ്വന്തം ജീവിതത്തിലുണ്ടായ അനുഭവങ്ങളും തിരിച്ചറിവുകളും ഈ സിനിമക്ക് സ്വാഭാവികത നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഞ്ജലി അമീര്‍ പറഞ്ഞു.

ഒരേ സമയം മലയാളത്തിലും തമിഴിലും പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൈനി ജോര്‍ജ് ആണ്. ഗോള്‍ഡന്‍ ട്രബറ്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ അനില്‍ നമ്ബ്യാര്‍ ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ കെ.അജിത് കുമാറിന്റേതാണ്. കോഴിക്കോട്, പൊള്ളാച്ചി, ബെംഗളൂരു എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. മലയാളത്തിസും തമിഴിലുമുള്ള നിരവധി പ്രമുഖരും ചിത്രത്തിന്റെ ഭാഗമാകും.

നേരത്തെ ആദ്യമായി ചാന്ദുപൊട്ട് സിനിമ കണ്ടതും അതിന് ശേഷം തനിക്ക് നേരിട്ട ദുരനുഭവവത്തെക്കുറിച്ച് അഞ്ജലി പറഞ്ഞിരുന്നു. ഞാന്‍ ആദ്യമായി ലാല്‍ ജോസ് സാറിനെ കാണുമ്പോള്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ പോലും എനിക്ക് താല്‍പ്പര്യം ഇല്ലായിരുന്നു. കാരണം ആ ഒരൊറ്റ സിനിമ, എന്നെയും എന്നെപ്പോലെ ഉള്ളവരുടെയും ജീവിതത്തില്‍ വരുത്തിവച്ച ആക്ഷേപവും അപമാനവും വ്യക്തിഹത്യയുമാണ്. അത്രത്തോളം ‘ ചാന്തുപൊട്ട് ,രാധ എന്നീ വിളികള്‍ കൊണ്ട് സംമ്ബുഷ്ടമായിരുന്നു എന്റെയും ബാല്യം. അഞ്ജലി അമീര്‍ പറഞ്ഞു