ഒടുവില്‍ പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു,അങ്കമാലിയില്‍ അച്ഛന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണ ആരോഗ്യവതി

കൊച്ചി: കേരളത്തിന്റെയാകെ നൊമ്പരമായി മാറിയ അങ്കമാലിയിലെ കുഞ്ഞ് നാളെ ആശുപത്രി വിടും. അങ്കമാലിയില്‍ അച്ഛന്‍ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് പൂര്‍ണആരോഗ്യവതിയായി. നാളെ ആശുപത്രി വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സുരക്ഷ മുന്‍നിര്‍ത്തി അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്‌നേഹജ്യോതി ശിശുഭവനിലേക്ക് മാറ്റുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. രണ്ട് മാസം പ്രായമായ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷം തലയിലിട്ടിരുന്ന തുന്നല്‍ മാറ്റിയിട്ടുണ്ട്. ഓക്‌സിജന്‍ സപ്പോര്‍ട്ടും ഇപ്പോള്‍ നീക്കം ചെയ്തു.

ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാല്‍ കുടിക്കുന്നുമുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതായാലും നാളെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.കുഞ്ഞിനെയും അമ്മയെയും അങ്കമാലിയിലെ വീട്ടില്‍ താമസിപ്പിക്കുന്നതില്‍ സുരക്ഷ പ്രശ്‌നമുള്ളതിനാല്‍ സംരക്ഷണം ഏറ്റെടുക്കുന്നതായി ആശുപത്രിയിലെത്തിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

Loading...

ഇതനുസരിച്ച് വനിതാ കമ്മീഷനും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ബാലാവകാശ കമ്മീഷനും കൂടിയാലോചിച്ചാണ് അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്‌നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കേസിന്റെ നടപടികള്‍ തീരുന്നത് വരെ അമ്മയും കുഞ്ഞും ഇവിടെ താമസിക്കും. ഭര്‍ത്താവിനോടൊപ്പം കഴിയാനാകില്ലെന്നും സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്നുമാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. കഴിഞ്ഞ മാസം 18 നാണ് അച്ഛന്‍ ഷൈജു കട്ടിലിലേക്ക് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. ഇയാള്‍ റിമാന്‍ഡിലാണ്. കേസില്‍ ഒരുമാസത്തിനകം ചാര്‍ജ് ഷീറ്റ് നല്‍കുമെന്ന് അങ്കമാലി സിഐ ബാബു അറിയിച്ചു.