തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ക്രിമിനൽ കുറ്റമാണ് ലൈഫ് മിഷനിൽ നടന്നതെന്നും പാവപ്പെട്ടവൻറെ പേരിലുള്ള അഴിമതി ഇനി സംസ്ഥാനത്ത് ആരും നടത്തരുതെന്നും അനിൽ അക്കര എംഎൽഎ . 20 കോടി രൂപയുടെ പദ്ധതിയിൽ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎൽഎയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നൽകിയത്. ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിന്റെ (2010) ലംഘനം നടന്നതായി പരാതിയിൽ പറയുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണം ശരിയെന്ന് തെളിഞ്ഞതായി യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പറഞ്ഞു. ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസെടുത്തതിനു പിന്നാലെയാണ് ഇരുവരുടെയും പ്രതികരണം.
അതേസമയം ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന ക്രമക്കേട് ആരോപണത്തിൽ സിബിഐ കൊച്ചി യൂണിറ്റ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സർക്കാരിനും സിബിഐയ്ക്കും ലഭിച്ച ഒരുകൂട്ടം പരാതികൾ പരിഗണിച്ചു പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആർ ഇടുകയായിരുന്നു. തുടർന്ന് ഇതുസംബന്ധിച്ച റിപ്പോർട്ട് സിബിഐ കൊച്ചി പ്രത്യേക കോടതിയിൽ സമർപ്പിച്ചു.
വിദേശത്തു നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്നതു സംബന്ധിച്ചു വിദേശനാണയ വിനിമയച്ചട്ടം സെക്ഷൻ 35 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നിലവിൽ ആരെയും കേസിൽ പ്രതി ചേർക്കാതെയാണ് കേസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തുടർ നടപടിയായി കൊച്ചിയിൽ രണ്ടിടത്ത് റെയ്ഡ് നടത്തിയതായി സിബിഐ അറിയിച്ചു