ലണ്ടന്‍: മൂന്ന് ചൈനീസ് ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ ലണ്ടന്‍ കോടതിയില്‍ കേസ് നല്‍കിയിരിക്കുന്നത്. കേസുകള്‍ നടത്താന്‍ താന്‍ ആഭരണങ്ങള്‍ വിറ്റാണ് ചിലവ് കണ്ടെത്തുന്നത് എന്നാണ് അനില്‍ അംബാനി വ്യക്തമാക്കിയിരിക്കുന്നത്. 2020 ജനുവരി,ജൂണ്‍ മാസങ്ങളില്‍ തന്റെ കൈയിലുണ്ടായിരുന്ന ആഭരണങ്ങള്‍ വിറ്റെന്നും ഇതില്‍ നിന്നും 9.99 കോടി രൂപ ലഭിച്ചുവെന്നും അനില്‍ അംബാനി വ്യക്തമാക്കുന്നു. എന്നാല്‍ ഇത് ഇപ്പോഴത്തെ അവസ്ഥിയല് വലിയ തുക അല്ലെന്നും ഇത് കേസുകള്‍ നടത്താന്‍ മാത്രം ചിലവാകും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.ഒരു സമയത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ സമ്പന്നനുമായ അനില്‍ അംബാനി ലണ്ടന്‍ കോടതിയിലാണ് ഈ കാര്യം അറിയിച്ചത്. വെള്ളിയാഴ്ച ( സെപ്തംബർ 25) ലണ്ടന്‍ കോടതിയിലായിരുന്നു അംബാനി ഈ കാര്യങ്ങള്‍ അറിയിച്ചത്.
തന്റെ ജീവിത ശൈലി സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റായ വർത്തകളാണെന്നും അനില്‍ അംബാനി കോടതിയെ അറിയിച്ചു. തനിക്ക് കാറുകളുടെ ഒരു നിരയുണ്ട് എന്ന് പറയുന്നത് ശരിയല്ല. സ്വന്തമായി റോള്‍സ് റോയിസ് ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും ഇപ്പോള്‍ ആകെ ഒരു കാര്‍ മാത്രമാണ് സ്വന്തമായി ഉള്ളത് അനില്‍ അംബാനി പറയുന്നു.
ലോണ്‍ തിരിച്ചടവുമായി ബന്ധപ്പെട്ട് ഇന്‍ട്രസ്ട്രീയല്‍ കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്പ്മെന്റ് ബാങ്ക്, ഇക്സിം ബാങ്ക് ഓഫ് ചൈന എന്നിവരാണ് ലണ്ടന്‍ കോടതിയില്‍ അനില്‍ അംബാനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നത്. അംബാനി നല്കിയ പേഴ്സണല്‍ ഗ്യാരണ്ടി ലോണിന്റെ കാര്യത്തില്‍ ലംഘിച്ചുവെന്നാണ് പ്രധാന ആരോപണം.
അതേ സമയം താനും ഭാര്യയും കുടുംബവും ചുരുങ്ങിയ ചിലവിലാണ് ജീവിക്കുന്നതെന്നും, ആഢംബരമായ ജീവിത രീതിയല്ല തങ്ങളുടെതെന്നും, ഇപ്പോള്‍ പ്രത്യേകിച്ച് വരുമാനമൊന്നും ഇല്ലെന്നും അനില്‍ അംബാനിക്ക് വേണ്ടി കോടതിയെ അഭിഭാഷകര്‍ അറിയിച്ചു. തന്റെ ബാക്കി കടങ്ങള്‍ വീട്ടണമെങ്കില്‍ കോടതി അനുമതിയോടെ മറ്റ് ആസ്തികള്‍ വില്‍ക്കേണ്ടതുണ്ടെന്നും അംബാനി പറയുന്നു. ഹരീഷ് സാല്‍വെയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് അനില്‍ അംബാനിക്കായി ലണ്ടനില്‍ കേസ് നടത്തുന്നത്.