18 ലക്ഷം തിരികെ ചോദിച്ചത് വിരോധത്തിന് കാരണം;അനിതയ്ക്കെതിരെ മോൻസന്റെ വെളിപ്പെടുത്തൽ

അനിത പുല്ലയിലിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കൽ. അനിതയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന മോൻസൻ മാവുങ്കലിന്റെ ഫോൺ സംഭാഷണമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. അനിതയ്ക്ക് സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം നൽകിയിരുന്നുവെന്നും അത് തിരികെ ചോ​ദിച്ചപ്പോഴാണ് തന്നോട് വൈരാ​ഗ്യം ഉണ്ടായത് എന്നുമാണ് മോൻസൻ പറയുന്നത്. ഒരു മാസത്തിനകം യുറോ ആയി പണം നൽകാമെന്ന് അനിത പറഞ്ഞിരുന്നു. എന്നാൽ പണം മടക്കി ചോദിച്ചതോടെ അനിതയ്ക്ക് വിരോധമായി. പണം തൻറെ അക്കൗണ്ടിൽ നിന്ന് കൊടുത്തതിന് രേഖകളുണ്ട്.

എല്ലാം വെളിപ്പെടുത്തിയാൽ അനിത കുടുങ്ങുമെന്നും ഫോൺ സംഭാഷണത്തിൽ മോൻസൻ പറയുന്നുണ്ട്. അനിതയുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തത്തിനു പിന്നാലെയാണ് മോൻസന്റെ വെളിപ്പെടുത്തലും പുറത്തുവരുന്നത്.നേരത്തെ, അനിതയ്‌ക്കെതിരെ മുൻ ഡ്രൈവർ അജി വെളിപ്പെടുത്തിയിരുന്നു. മോൻസൻറെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോൻസന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നൽകിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷൻ ഭാരവാഹികൾക്കൊപ്പം മോൻസൻറെ വീട്ടിൽ എത്തിയിരുന്നു.

Loading...

ഒരാഴ്ച കലൂരിലെ വീട്ടിൽ താമസിച്ച അനിതയോട് അന്നത്തെ മാനേജർ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്. ഇതിനു പിന്നാലെ മോൻസന്റെ വെളിപ്പെടുത്തൽ കൂടെ പുറത്തുവരുമ്പോൾ അനിതയ്ക്ക് കുരുക്ക് മുറുകുമോയെന്നാണ് അന്വേഷണ സംഘം ഉറ്റുനോക്കുന്നത്.വീഡിയോ കോൾ വഴിയാണ് ഇന്ന് അനിത തന്റെ മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസൻറെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിൻറെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിൻറെ നടപടി. മോൻസൻ മാവുങ്കലിനെ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരിചയപ്പെടുത്തിയത് താൻ ആണെന്ന് അനിത പുല്ലയിൽ വെളിപ്പെടുത്തിയിരുന്നു.