ക്ഷണിതാവല്ലാതിരുന്നിട്ടും അനിത പുല്ലയില്‍ എങ്ങനെ നിയമസഭയില്‍ പ്രവേശിച്ചു; അന്വേഷണത്തിനില്ലെന്ന് നോര്‍ക്ക

ലോക കേരള സഭയിലേക്ക് അനിതാ പുല്ലയില്‍ എത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനില്ലെന്ന് നോര്‍ക്ക. നോര്‍ക്കയുടെ പട്ടികയില്‍ അനിതയുടെ പേരില്ലായിരുന്നുവെന്ന് നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഓപ്പണ്‍ ഫോറത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനിത എങ്ങനെയാണ് നിയമസഭാ മന്ദിരത്തിലെത്തിയത് എന്ന് സഭാ സെക്രട്ടറിയേറ്റ് അന്വേഷിക്കാനിരിക്കുകയാണ്. അനിതയ്ക്ക് നിയസഭാ ജീവനക്കാരുടെ സഹായം ലഭിച്ചോ എന്നുള്‍പ്പെടെ അന്വേഷിക്കാന്‍ സ്പീക്കര്‍ എം ബി രാജേഷ് നിര്‍ദേശം നല്‍കി.

Loading...

മോണ്‍സണ്‍ മാവുങ്കലിനെതിരായ ബലാത്സംഗകേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ അനിതാ പുല്ലയിലിനെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. ബലാത്സംഗത്തിന്റെ ഇരയാണെന്ന് അറിയാതെയാണ് പേര് വെളിപ്പെടുത്തിയതെന്നാണ് അനിതയുടെ വിശദീകരണം.

മോണ്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട കേസില്‍ അനിതാ പുല്ലയിലിന്റെ പങ്ക് ഉള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. പക്ഷേ കേസില്‍ അനിതയുടെ കാര്യമായ ഇടപെടല്‍ തെളിയിക്കാന്‍ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തിലൂടെ സാധിച്ചിരുന്നില്ല.