ഷാര്‍ജ: കുട്ടികളുടെ വായനോല്‍സവത്തോടനുബന്ധിച്ചു വിദേശ ഭാഷയിലെ മികച്ച എഴുത്തുകാരിക്കുള്ള അവാര്‍ഡ് (നാലു ലക്ഷത്തോളം രൂപ) ഇന്ത്യ ക്കാരി അഞ്‌ജന വാസ്വാനിക്ക്. യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്‌ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയില്‍നിന്ന് അഞ്‌ജന അവാര്‍ഡ് ഏറ്റുവാങ്ങി. യൂറോപ്പില്‍ നിന്നടക്കമുള്ള 60ല്‍ ഏറെ എഴുത്തുകാരില്‍നിന്നാണ് മുംബൈ സ്വദേശിനിയായ അഞ്‌ജനയെ അവാര്‍ഡിനു തിരഞ്ഞെടുത്തത്. നാലു പുസ്‌തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എഴുത്തില്‍ താല്‍പര്യമുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളും അധ്യാപകരും പ്രോല്‍സാഹനം നല്‍കണമെന്ന് അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം അഞ്‌ജന മനോരമയോടു പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ പലര്‍ക്കും അത്തരം പ്രോല്‍സാഹനം ലഭിക്കുന്നില്ല. ആത്മാര്‍ഥതയില്ലാത്ത അധ്യാപകര്‍ കുട്ടികളുടെ സര്‍ഗശേഷിയെ പരിപോഷിപ്പിക്കുന്നില്ല എന്നുമാത്രമല്ല പലരും നിരുല്‍സാഹപ്പെടുത്തുകയും ചെയ്യുന്നു. കഥകളും സ്വപ്‌നങ്ങളും നിറഞ്ഞുനില്‍ക്കുന്നതാണു കുട്ടികളുടെ മനസ്സ്. അവരുടെ ചിന്തയും പ്രവൃത്തികളും സര്‍ഗശേഷികളാല്‍ സമൃദ്ധമാണ്. അതുകണ്ടെത്തിയാല്‍ കുട്ടികളില്‍നിന്നു തന്നെ മികച്ച ബാലസാഹിത്യങ്ങള്‍ ലോകത്തിനു ലഭിക്കുമെന്നും അവര്‍ പറഞ്ഞു.
ബന്‍ജാരന്‍ ആണ് അഞ്‌ജന വാസ്വാനിയുടെ ആദ്യ പുസ്‌തകം. ദ് റെലം ഓഫ് ദ് വൈറ്റ് ഹോഴ്സ്, ദ് ടോക്കിങ് ഹാന്‍ഡ് കര്‍ചീഫ്, കാവേരി ആന്‍ഡ് കോറന്‍ എന്നിവയാണു മറ്റു പുസ്‌തകങ്ങള്‍. എല്ലാ പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചതു ഡിസി ബുക്‌സ്–മാംഗോ. മുതിര്‍ന്നവര്‍ക്കു വേണ്ടി ഡിറ്റക്‌ടീവ് നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍. എഴുത്തിലും വായനയിലും താല്‍പര്യമുള്ള കുട്ടികള്‍ക്കായി വെബ്‌സൈറ്റ് ആരംഭിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നു. വീട്ടമ്മയായ അഞ്‌ജനയുടെ ഇഷ്‌ട എഴുത്തുകാരന്‍ ശശി തരൂരാണ്. 29നു രാവിലെ 10 മുതല്‍ 11.30 വരെ അഞ്‌ജന എക്‌സ്‌പോ സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കും.