കോട്ടയം: മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അഞ്ജു ഷാജിയുടെ അച്ഛന്‍ കോളേജ് പ്രിന്‍സിപ്പാളിന് എതിരെ ഉയര്‍ത്തുന്നത് ഗുരുതര ആരോപണങ്ങളാണ്. പ്രിന്‍സിപ്പാള്‍ അടക്കം വളരെ മോശമായിട്ടായിരുന്നു തന്നോട് പെരുമാറിയത് എന്നാണ് അഞ്ജുവിന്റെ അച്ഛന്‍ പറയുന്നത്. അഞ്ജുവിനെ കാണാതായ ദിവസം പ്രിന്‍സിപ്പാളിനെ വിളിച്ചപ്പോള്‍ എന്തിനാണ് എന്റടുത്തോട്ട് വന്നത്, വല്ല ആണ്‍പിള്ളേരുടെയും പുറകെ പോയിക്കാണുമെന്നായിരുന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞത് എന്നാണ് അച്ഛന്‍ ആരോപിക്കുന്നത്. പ്രിന്‍സിപ്പാള്‍ അഞ്ജുവിനെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും കോളേജ് പ്രിന്‍സിപ്പാളാണ് എന്റെ കൊച്ചിനെ കൊന്നതെന്നുമാണ് അച്ഛന്‍ ഷാജി പറയുന്നത്. തന്റെ മകള്‍ കോപ്പിയടിക്കില്ലെന്നാണ് അച്ഛന്‍ ആവര്‍ത്തിച്ച് പറയുന്നത്.
അതേസമയം മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ശരീരത്തിൽ മറ്റ് മുറിവുകളില്ല. വെള്ളം ഉള്ളിൽ ചെന്നുള്ള മുങ്ങിമരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട് ഷാജി-സജിത ദമ്പതികളുടെ മകൾ അഞ്ജു പി.ഷാജിയു ടെ (20) മൃതദേഹമാണ് ചെമ്പിളാവിൽ തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. ശനിയാഴ്ച മുതൽ തിരച്ചിൽ നടക്കുകയായിരുന്നു.മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
അഞ്ജു പരീക്ഷ എഴുതിയ കോളേജിന്‍റെ അധികൃതരാണ് മരണത്തിന് കാരണം എന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട ബന്ധുക്കളും നാട്ടുകാരും പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വിട്ടിലെത്തിച്ചപ്പോൾ പ്രതിഷേധിച്ചിരുന്നു. അതേസമയം, അഞ്ജുവിന്റെ മരണം അന്വേഷിക്കാൻ സർവകലാശാല സിൻഡിക്കേറ്റ് മൂന്നംഗ സമിതിയെ നിയോഗിച്ചു. ഡോ. എം.എസ്.മുരളി, ഡോ. അജി സി. പണിക്കർ, പ്രൊഫ. വി.എസ്.പ്രവീൺകുമാർ എന്നിവരാണു സമിതി അംഗങ്ങള്‍.