ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെയാണ് അന്‍സിബ ഹസന്‍ മലയാള സിനിമയില്‍ ശ്രദ്ധേയയായത്. പിന്നീട് നിരവധി വേഷങ്ങളില്‍ അന്‍സിബ എത്തിയെങ്കിലും ദൃശ്യം പോലെ ശ്രദ്ധേയമായ വേഷം കിട്ടിയിരുന്നില്ല. ഇപ്പോള്‍ സംവിധാന രംഗത്തേക്ക് കടന്നിരിക്കുകയാണ് അന്‍സിബ. അന്‍സിബ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്തു. അല്ലു & അര്‍ജ്ജുന്‍ എന്നാണ് അന്‍സിബയുടെ ആദ്യ സംവിധാന സംരംഭത്തിന്റെ പേര്. പുതുമുഖങ്ങള്‍ ആയിരിക്കും ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ചിത്രത്തെ കുറിച്ച് അന്‍സിബ പ്രമുഖ മാധ്യമത്തോട് മനസ് തുറന്നു.” എന്റെ ജീവിതം മാറ്റി മറിച്ച ചിത്രമാണ് ദൃശ്യം. അതിന് മുന്‍പ് ഞാന്‍ പല സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ദൃശ്യമാണ് എന്റെ പ്ലാറ്റ്‌ഫോം. ഇപ്പോഴും എവിടെ പോയാലും ആളുകള്‍ എന്നെ തിരിച്ചറിയുന്നത് ജോര്‍ജുകുട്ടിയുടെ മകള്‍ എന്ന നിലയിലാണ്. ദൃശ്യം ഇറങ്ങിയിട്ട് ആറാമത്തെ വര്‍ഷമാണ്.
എന്നിട്ടും ഇപ്പോഴും ഇന്നലെ ഇറങ്ങിയ പോലെയാണ് ആളുകള്‍ അതിനെ പറ്റി സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ ലാലേട്ടനോ ജിത്തു സാറോ ഇല്ലാത്ത ഒരു ലൈഫോ സിനിമയോ എനിക്ക് ആലോചിക്കാനാകില്ല. ഞാന്‍ ഇത് ആദ്യം പറഞ്ഞത് ഇവരോട് തന്നെയാണ്. എന്റെ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ലാലേട്ടന്‍ തന്നെ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. ചെന്ന് ചോദിച്ചപ്പോള്‍ ലാലേട്ടന്‍ അതിലേറെ സന്തോഷത്തില്‍ എനിക്കത് ചെയ്തു തന്നു. ” അന്‍സിബ പറഞ്ഞു.