സ്ത്രീകള്‍ക്കെതിരായ കൊലവിളി പ്രസംഗം: കൊല്ലം തുളസിയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; കീഴടങ്ങാന്‍ നിര്‍ദേശം

കൊച്ചി: ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്കെതിരെ കൊലവിളി നടത്തിയ നടന്‍ കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചു.

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്നും ഇതില്‍ ഒരു ഭാഗം ദല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ചുകൊടുക്കണം എന്നുമായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം.

ഇത്തരം പ്രസംഗങ്ങള്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നാട്ടില്‍ അക്രമങ്ങളുണ്ടാവാന്‍ പ്രസംഗം കാരണമായെന്നും കോടതി പറഞ്ഞു.ഒക്ടോബര്‍ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയിലാണ് കൊല്ലം തുളസി ഇത്തരത്തില്‍ പ്രസംഗിച്ചത്. ഡി.വൈ.എഫ്.ഐ ചവറ ബ്ലോക്ക് കമ്മിറ്റിയാണ് ഈ പ്രസംഗത്തിനെതിരെ പരാതി നല്‍കിയത്.

മതസ്പര്‍ദ്ധ വളര്‍ത്തല്‍, മതവികാരത്തെ വ്രണപ്പെടുത്തല്‍, സ്തീത്വത്തെ അപമാനിക്കല്‍, സ്ത്രീകളെ പൊതുസ്ഥലത്തുവെച്ച് അവഹേളിക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കനുസൃതമായ വകുപ്പുകള്‍ ചേര്‍ത്താണ് കൊല്ലം തുളസിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Top