പ്രേമത്തിന്റെ റിലീസിന് ശേഷം ഞാൻ അഹങ്കാരിയായി – അനുപമ പരമേശ്വരന്‍

‘പ്രേമം’ സിനിമയിലെ മേരി എന്ന കഥാപാത്രത്തെ മലയാളികൾ അത്ര പെട്ടെന്നൊന്നും മറക്കില്ല. തന്റെ ചുരുണ്ട മുടി അഴിച്ചിട്ട് മലയാള സിനിമയിൽ രം​ഗ പ്രവേശനം ചെയ്ത നടിയാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിന് ശേഷം അനുപമ മലയാളത്തിൽ സജീവമായില്ല. മലയാള സിനിമയിൽ പീന്നീട് സജീവമാകാതിരുന്നതിനെ കുറിച്ച് തുറന്നുപറയുകയാണ് നടി. പ്രേമത്തിന് ശേഷം തനിക്ക് നേരെ വിമര്‍ശനങ്ങളും ട്രോളുകളും വൻതോതിൽ വന്നിരുന്നു. ഇതോടെയാണ് മലയാളത്തില്‍ സജീവമാകാതെ അന്യഭാഷകളിലേയ്ക്ക് എത്തിപ്പെട്ടതെന്ന് നടി പറയുന്നു. ഒരു ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനുപമ ഇക്കാര്യം തുറന്നു പറഞ്ഞത്.

ജാഡ, അഹങ്കാരി എന്നീ ട്രോളുകള്‍ തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. അതിനാലാണ് താൻ മലയാളത്തില്‍ നിന്നും മാറി നിന്നതെന്നും അനുപമ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ‘പ്രേമത്തിന്റെ റിലീസിന് ശേഷം വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ എനിക്ക് നേരിടേണ്ടി വന്നു. ധാരാളം അഭിമുഖങ്ങള്‍ പ്രേമം സിനിമയുടെ പ്രൊമോഷന്‍ സമയത്ത് നല്‍കിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്ത ചിലര്‍ പറഞ്ഞത് അനുസരിച്ചായിരുന്നു അത്. സത്യത്തില്‍ അഭിമുഖം നൽകി ഞാൻ തന്നെ മടുത്തുപോയെന്നും അനുപമ പറയുന്നു. സിനിമ റിലീസ് ചെയ്തപ്പോള്‍, അതില്‍ ഞാന്‍ കുറച്ച് ഭാഗത്ത് മാത്രമേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ട് ആളുകള്‍ എന്നെ ട്രോളാന്‍ തുടങ്ങി. ട്രോളുകള്‍ എന്നെ വിഷമിപ്പിച്ചു. തുടരെ തുടരെ നൽകിയ അഭിമുഖങ്ങൾ എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് ഞാന്‍ സിനിമയുടെ പബ്ലിസിറ്റി ഉപയോഗിച്ചെന്ന് അവര്‍ക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചത്. പിന്നീട് എന്നെ തേടി നിരവധി സിനിമകളും വന്നിരുന്നു. വന്ന മലയാള സിനിമകൾ നിരസിക്കാനും തുടങ്ങി.

Loading...

അങ്ങനെ ഇരുന്ന സമയത്താണ് ഒരു നെഗറ്റീവ് റോളിനായി തെലുങ്കിലെ ഒരു വലിയ പ്രൊഡകഷന്‍ ഹൗസ് എന്നെ സമീപിച്ചത്. ചിലർ പറഞ്ഞിരുന്നു എനിക്ക് അഭിനയിക്കാന്‍ അറിയില്ല എന്ന് . ആ വിമർശനം ഞാന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്തു. പുതിയ ഒരു ഭാഷ പഠിച്ച് തെലുങ്കിലേക്ക് പ്രവേശിക്കാന്‍ അങ്ങനെ തീരുമാനമെടുത്തു. അതിന് ശേഷം രണ്ട് തെലുങ്ക് ചിത്രങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് തമിഴ് സിനിമ ലഭിച്ചുവെന്നും അനുപമ പറയുന്നു. ഇതിനോടകം ഏഴ് തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച അനുപമ തെന്നിന്ത്യയിലെ തിരക്കേറിയ യുവനടിമാരിൽ ഒരാളാണ്.