ഭാരതാംബയായി അനുശ്രീ, രാഷ്ട്രീയം കാണേണ്ടതില്ലെന്ന് നടി

താര പരിവേഷങ്ങള്‍ മാറ്റിവെച്ച്‌ ശോഭായാത്രയില്‍ ഭാരതാംബയായി അനുശ്രീ. പത്തനാപുരം കമുംകചേരി തിരുവിളങ്ങോനപ്പന്‍ ബാലഗോകുലത്തിന്ററെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്രയിലാണ് അനുശ്രീ പങ്കെടുത്തത്. അഭിനേത്രിയായതിന് ശേഷം ഇത് രണ്ടാം തവണയാണ് അനുശ്രീ ശോഭായാത്രയില്‍ പങ്കെടുക്കുന്നത്. മുന്‍ വര്‍ഷം നടന്ന ശോഭായാത്രയില്‍ പങ്കെടുത്തത് വിവാദമായിരുന്നു. എല്ലാ വര്‍ഷവും ജന്മാഷ്ടമി ആഘോഷിക്കുവാന്‍ അനുശ്രീ തന്റെ നാടായ കംമുകംചേരിയില്‍ എത്താറുണ്ട്.

ഭാരതാംപയായി എത്തുന്ന വിവരം അനുശ്രി ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

അനുശ്രീയുടെ വാക്കുകൾ;

നമസ്കാരം…എല്ലാവർക്കും അറിയാം ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണ്. ഈ വട്ടവും ഞാൻ നാട്ടിലുണ്ട്. അതുകൊണ്ടു ഞാൻ അതിൽ ഭാരതാംബയായിട്ട് ഒരുങ്ങുന്നുണ്ട്. ഇനി ഞാൻ ലൈവിൽ വന്ന കാര്യം പറയാം. ഞാൻ ഇത് ഒരു രാഷ്ട്രീയത്തിന്റെയും പുറത്ത് ചെയ്യുന്നതല്ല. ഈ കമുകുംചേരി എന്ന് പറയുന്ന നാട്ടിൽ ജനിച്ചു വളർന്ന ആളാണ് ഞാൻ. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും എപ്പോഴാണെങ്കിലും ശ്രീകൃഷ്ണജയന്തി എന്നൊക്കെ പറയുന്നത് ഞങ്ങൾ നാട്ടുകാരൊക്കെ ചേർന്ന് ആഘോഷിക്കുന്ന ഒന്നായി മാത്രമേ കണ്ടിട്ടുള്ളു. അമ്മമാരൊക്കെ അവരുടെ മക്കളെ മത്സരിച്ച് കൃഷ്ണനും രാധയുമൊക്കെ ആക്കുന്നത് കണ്ടാണ് ഞങ്ങൾ വളർന്നിട്ടുള്ളത്. ഞങ്ങളും അതിൽ പെട്ട ആൾക്കാരാണ്. അതുകൊണ്ടാണ് ഈ ഒരു ചടങ്ങിനും ആഘോഷത്തിനും ഞാൻ ഇവിടെ ഉള്ളതുകൊണ്ട് പങ്കാളി ആകുന്നത്.

ഒരിക്കലും ഒരു രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞു ആരും കമന്റുകളൊന്നും ഇടരുത്. ഈ നാട്ടിൽ ജനിച്ചു വളർന്ന ഒരു കുട്ടി ഈ ആഘോഷങ്ങളുടെയൊക്കെ ഭാഗമാകുന്നു എന്ന രീതിയിലേ ഇതിനെ കാണാൻ പാടുള്ളൂ. ഞാൻ ഒരുങ്ങിയ വർഷമാണ് ഇതിനൊക്കെ രാഷ്ട്രീയ ചിന്തകൾ ഉണ്ടെന്ന് ഞാൻ കേട്ടത് പോലും. ശ്രീകൃഷ്ണജയന്തി എന്നല്ല ക്രിസ്തുമസ് ആണെങ്കിലും വേറെ എന്ത് ആഘോഷമാണെങ്കിലും ഞങ്ങൾ ഈ നാട്ടുകാരൊക്കെ ഇതിലെല്ലാം പങ്കെടുക്കാറുണ്ട്. കരോളിനൊക്കെ പോകാറുണ്ട്. എല്ലാവരുടെയും പരിപാടികൾക്കും ഞങ്ങൾ പോവാറുണ്ട്.

എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും പോസറ്റീവ് സൈഡും മാത്രേ എനിക്കിതിൽ ആവശ്യമുള്ളൂ. അല്ലാതെ ഒരു രാഷ്ട്രീയ ചിന്തയും പറയരുത്. എന്റെ നാട്ടിലെ ഒരു പരിപാടിക്ക് ഞാൻ നാട്ടിൽ ഉള്ള സമയമായതുകൊണ്ട് പങ്കെടുക്കുന്നു…അത്രയേ ഉള്ളൂ അനുശ്രീ വ്യക്തമാക്കി