ചീമേനിയിൽ പരീക്ഷയ്ക്ക് പിന്നാലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ ആൻസർ ഷീറ്റ് കാണാതായി ; കേസെടുത്ത് പോലീസ്

ചീമേനി : പരീക്ഷ കഴിഞ്ഞതിന് പിന്നാലെ പ്ലസ് വൺ വിദ്യാർത്ഥിയുടെ ആൻസർ ഷീറ്റ് കാണാതായതായി പരാതി. ചീമേനി ഹയർ സെക്കൻഡറി സ്‌കൂളിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പരീക്ഷ എഴുതിയ പോത്താകണ്ടം സ്വദേശിയായ വിദ്യാർത്ഥിയുടെ ഉത്തര കടലാസ് കാണാതാവുകയായിരുന്നു. പരീക്ഷ എഴുതിയ ഇരുപത് കുട്ടികളിൽ 19 ഉത്തര കടലാസ് മാത്രമാണ് പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അദ്ധ്യാപകൻ പ്രിൻസിപ്പാൾ ഗിരിജയ്ക്ക് കൈമാറിയത്.

സംഭവം വിവാദമായി. ഉത്തര കടലാസ് എങ്ങനെ നഷ്ടപ്പെട്ടു എന്ന കാര്യം ഡ്യൂട്ടിക്ക് എത്തിയ അദ്ധ്യാപകനും നിശ്ചയമില്ല. എന്നാൽ പരീക്ഷ കൃത്യസമയത്ത് പൂർത്തിയാക്കി പേപ്പർ ഇൻവിജിലേറ്റർക്ക് നൽകി എന്നാണ് വിദ്യാർത്ഥി പറയുന്നത്. അതേസമയം ഇതിനിടെ ആരെങ്കിലും ഉത്തരക്കടലാസ് അടിച്ചു മാറ്റിയോ എന്നും സംശയമുണ്ട്.

Loading...

എന്നാൽ ചില അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് പുതിയ പ്രിൻസിപ്പാളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി നടന്ന അട്ടിമറിയാണെന്ന ആരോപണമുണ്ട്. അതേസമയം പരീക്ഷ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന അദ്ധ്യാപകനിൽ നിന്ന് പ്രിൻസിപ്പാൾ ഗിരിജ കൃത്യമായ റിപ്പോർട്ട് എഴുതി വാങ്ങിയിരുന്നു. തന്റെ കൈയിൽ നിന്നാണ് ഉത്തര കടലാസ് നഷ്ടപ്പെട്ടതെന്ന് റിപ്പോർട്ടിൽ ഉണ്ട്. ചീമേനി പൊലീസ് സ്റ്റേഷനിൽ
പ്രിൻസിപ്പാൾ രേഖാമൂലം പരാതി നൽകി.