ഷാജൻ സ്കറിയക്കെതിരെ കേസ്, ശവംതീനിയായ മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ലെന്ന് അപർണ കുറുപ്പ്

Shajan Skariah Marunadan Malayali

മറുനാടൻ മലയാളി എഡിറ്ററായ ഷാജൻ സ്കറിയക്കെതിരെ ക്രിമിനൽ കേസ്. തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ പേരിൽ ന്യൂസ് 18 കേരളയിലെ അസിസ്റ്റന്റ് എഡിറ്റർ അപർണ കുറുപ്പാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ സൈബർ ആക്രമണം നടത്തുകയും മോശം ഭാഷയിൽ വീഡിയോ പ്രചാരണം നടത്തുകയും ചെയ്ത സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. മറുനാടൻ മലയാളി ഫെയിസ്ബുക്ക് പേജിലെ വീഡിയോയിലാണ് ഷാജൻ സ്‌കറിയ അപർണക്കെതിരെ വ്യക്തിപരമായ ആക്രമണം നടത്തിയത്.

സിപിഎമ്മിനെയും പിണറായി വിജയനെയും മന്ത്രിമാരെയും സർക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന മാധ്യമപ്രവർത്തകയാണ് അപർണ കുറുപ്പ് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടായിരുന്നു ഷാജന്റെ വീഡിയോ ആരംഭിച്ചത്. ശവംതീനിയായ മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ലെന്നും , നിയമപരമായി നേരിടാനുള്ള തുടക്കം കുറിച്ചിട്ടുണ്ടെന്നുമാണ് അപർണ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

Loading...

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ

അപ്പോ ,കാര്യങ്ങൾ ഇനി നിയമത്തിൻ്റെ വഴിയേ പോകട്ടെ !സംസ്ഥാനത്ത് വയനാട്ടിൽ ഏറ്റവുമൊടുവിൽ സ്ഥിരീകരിക്കപ്പെട്ട ഏഴ് കേസുകൾ കോയമ്പേട് നിന്ന് വന്നവരാണ്, അബുദാബി വിമാനത്തിലെത്തിയ രണ്ട് പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അതായത് മറുനാടുകളിൽ നിന്ന് എത്തുന്നവരെ അതീവജാഗ്രതയോടെ തന്നെയാണ് സംസ്ഥാനത്തിന്റെ പ്രതിരോധസംവിധാനം നിരീക്ഷിക്കേണ്ടത് എന്നത് അത്രയും വ്യക്തം.
ഇങ്ങനെ മറുനാടുകളിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കാൻ , രോഗം കണ്ടെത്താൻ , ചികിത്സ ഉറപ്പാക്കാൻ , ക്വാറന്റൈൻ ഒരുക്കാൻ, സജ്ജമാണ് ഈ സംസ്ഥാനം. ആ പ്രതിരോധസംവിധാനത്തിനൊപ്പമാണ് ഞാൻ നിന്നത്.പാസില്ലാതെ ആൾക്കാരെ കടത്തിവിട്ട്, ഇതെല്ലാം അട്ടിമറിക്കാനുള്ള നീക്കം ഒരു വിഭാഗം നടത്തുന്നതിനെതിരെ പ്രതികരിക്കേണ്ടത് മാധ്യമപ്രവർത്തക എന്ന രീതിയിൽ എന്റെ ഉത്തരവാദിത്തമാണ്, അതാണ് ചെയ്തതും.

ആ കാരണം കൊണ്ട് എനിക്കെതിരെ സൈബർ ലിഞ്ചിങ് നടത്തുകയും വെട്ടുക്കിളിക്കൂട്ടത്തോട് ആഹ്വാനം ചെയ്യുകയും ചെയ്ത ശവംതീനിയായ മഞ്ഞപത്രക്കാരനോട് എണ്ണിപ്പറയാനില്ല. പക്ഷെ നിയമപരമായി നേരിടാനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. പരാതി മുഖ്യമന്ത്രിക്ക്, സംസ്ഥാന പോലീസ് മേധാവിക്ക്, ഹൈടെക് സെല്ലിന് കൈമാറിയിട്ടുമുണ്ട്. വെർബൽ റേപ് നടത്തിയും പുലയാട്ടു വിളിച്ചും ഈ പേജിലെ പോസ്റ്റുകൾക്ക് താഴേയും അല്ലാതെയും നിലവിളിക്കുന്ന സേട്ടന്മാരുടെ വിവരങ്ങളും കയ്യോടെ സക്രീൻ ഷോട്ട് സഹിതം സൈബർഡോമിനും കൈമാറിയിട്ടുണ്ട്. അപ്പോ, ഇവിടൊക്കെ തന്നെ ഉണ്ടാകണം !