വിസി നിയമനം ചട്ടവിരുദ്ധമെങ്കില്‍ ഉത്തരവാദി ഗവര്‍ണര്‍; നശീകരണ ബുദ്ധിയോടെ യുദ്ധം ചെയ്യുന്നു

പാലക്കാട്. 9 വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം അസ്വാഭാവിക നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇല്ലാത്ത അധികാരം ഉപയോഗിക്കുവനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. പാലക്കാട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗവര്‍ണറുടെ നടപടിയെ മുഖ്യമന്ത്രി വിമര്‍ശിച്ചത്.

ഗവര്‍ണറുടേത് നശീകരണ ബുദ്ധിയോടെയുള്ള യുദ്ധമാണ്. സര്‍വകലാശാലകളുടെ നിയമന അധികാരം ഗവര്‍ണര്‍ക്കാണ്. നിയമനം ചട്ട വിരുദ്ധമെങ്കില്‍ അതിന് ഉത്തരവാദി ഗവര്‍ണര്‍ തന്നെയാണെന്നും മുഖ്യമന്ത്രി പറയുന്നു. ആദ്യം ഒഴിയേണ്ടത് വിസിമാരാണോ എന്ന് ഗവര്‍ണര്‍ സ്വയം ചിന്തിക്കണം. ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും. സര്‍വകലാശാലകളുടെ അധികാരത്തില്‍ മേലുള്ള കടന്ന് കയറ്റം ജനാധിപത്യത്തിന്റെ അന്തസത്ത ഹനിക്കുന്നതാണെന്നും പിണറായി വിജയന്‍ പറയുന്നു.

Loading...

ചില കാര്യങ്ങള്‍ നടപ്പാക്കുവാന്‍ ഗവര്‍ണര്‍ തിടുക്കം കാണിക്കുകയാണ്. ഇത്തരത്തില്‍ ഉള്ള അമിതാധിാര പ്രയോഗം അംഗീകരിക്കില്ല. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കുവാന്‍ ഉള്ളതല്ല ഗവര്‍ണര്‍ പദവിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ രണ്ട് സര്‍വകലാശാല വിസി മാര്‍കൂടെ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നോട്ടീസ് നല്‍കിയേക്കും. കേരള ഡിജിറ്റല്‍ സര്‍വകലാശാല വിസി, ശ്രീനാരായണ സര്‍വകലാശാല വിസി എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കുക. സര്‍ക്കാര്‍ നേരിട്ട് നിയമിച്ച വിസിമാരാണ് ഇവര്‍. ഈ സര്‍വകലാശാലകള്‍ക്ക് യുജിസി അംഗീകാരം ലഭിച്ചിരുന്നു. ഇതിനാല്‍ യുജിസി മാനദണ്ഡം പാലിച്ച് നിയമനം നടത്തണമെന്നാണ് ഗവര്‍ണര്‍ പറയുന്നത്.

എംഎസ് രാജശ്രീയെ പുറത്താക്കിയ സുപ്രിംകോടതി വിധിയുടെ ചുവടുപിടിച്ചാണ് ഗവര്‍ണറുടെ നടപടി. കേരള, എംജി, കണ്ണൂര്‍, മലയാളം സര്‍വകലാശാല, കാലിക്കറ്റ്, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കെടിയു, സംസ്‌കൃത സര്‍വകലാശാല വിസി മാര്‍ക്കാണ് ഗവര്‍ണറുടെ നിര്‍ദേശം.

സാങ്കേതിക സര്‍വകലാശാലയ്ക്കു പുറമേ 5 സര്‍വകലാശാല വിസി മാരെ നിയമിച്ചത് പാനല്‍ ഇല്ലാതെയാണ്. മറ്റുളളവരുടെ നിയമനത്തില്‍ പാനല്‍ ഉണ്ടായിരുന്നുവെങ്കിലും സെര്‍ച്ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ മാത്രമേ പാടുള്ളു എന്ന നിബന്ധന ലംഘിക്കപ്പെട്ടതായി ഗവര്‍ണറുടെ ഉത്തരവില്‍ പറയുന്നു.