- ആറന്മുളയില്‍ വിമാനമിറങ്ങുമോ?
- കേന്ദ്രത്തിന് ആറന്മുളയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതിന് എതിര്‍പ്പില്ല.
- കേരളത്തിലെ ബിജെപി നേതൃത്വവും ഇപ്പോള്‍ മൗനം പാലിച്ചു തുടങ്ങി.
- ആര്‍.എസ്.എസ് ഇതിനെതിരെ ശക്തമായ നിലപാടുകളാണ് എടുക്കുന്നത്.
ന്യൂഡല്‍ഹി: ആറന്‍മുള വിമാനത്താവളത്തിന് അനുമതി തേടി വീണ്ടും കെജിഎസ് ഗ്രൂപ്പ് രംഗത്ത്. അനുമതി തേടിക്കൊണ്ടുള്ള പുതിയ അപേക്ഷ വീണ്ടും കമ്പനി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു നല്‍കി. പദ്ധതി പ്രദേശത്ത് ഉപയോഗയോഗ്യമായ നെല്‍വയല്‍ ഇല്ലെന്നും കമ്പനി അപേക്ഷയില്‍ പറയുന്നുണ്ട്. ഹരിത ട്രൈബ്യൂണല്‍ അനുമതി നിഷേധിച്ചതു തെറ്റിദ്ധാരണകളെ തുടര്‍ന്നാണെന്നും അപേക്ഷയില്‍ പറയുന്നു. അപേക്ഷ ഈ മാസം 23നു പരിഗണിക്കും.
വിമാനത്താവളത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍എസ്‌എസ് സംസ്ഥാന നേതൃത്വം കേന്ദ്ര സര്‍ക്കാരിനെതിരേ രംഗത്തുവന്നിരുന്നു. അനുമതി നല്‍കിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ആര്‍എസ്‌എസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്‌ട്. കേന്ദ്ര സര്‍ക്കാരുമായി സംസാരിക്കുന്നതിനു കുമ്മനം രാജശേഖരന്‍ ഉടന്‍ തന്നെ ഡല്‍ഹിക്കു പോകുമെന്നാണു സൂചന.
ആറന്‍മുള വിമാനത്താവളത്തിനെതിരേ ഏറ്റവും ശക്തമായി രംഗത്തെത്തിയതു ബിജെപിയായിരുന്നു. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സംസ്ഥാന നേതാവ് എം.ടി. രമേശ് മത്സരിച്ചത് ഈ വിഷയം ഉയര്‍ത്തിക്കാട്ടിയായിരുന്നു. ഒരു ലക്ഷത്തിലധികം വോട്ടു നേടാനും ബിജെപിക്കായി. എന്നാല്‍ വിഷയത്തില്‍ ഇപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം മൌനം പാലിക്കുകയാണെന്ന ആരോപണവുമുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അനുകൂലമാക്കിയ ശേഷമാണു കെജിഎസിന്റെ പുതിയ അപേക്ഷയെന്നും റിപ്പോര്‍ട്ടുകളുണ്ട്.