ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളം യാഥാര്‍ഥ്യമാകുമോ എന്ന ചോദ്യം നിലനില്‍ക്കെ ആറന്മുളയ്ക്കു മാത്രമല്ല കണ്ണൂരിനും അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ ആറന്മുളയും കണ്ണൂരും ഉള്‍പ്പെടെ രാജ്യത്ത് 15 പുതിയ വിമാനത്താവളങ്ങള്‍ക്ക് തത്ത്വത്തില്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍ ചൊവ്വാഴ്ച എ.ഐ.എ.ഡി.എം.കെ. അംഗം ഡോ. വി. മൈത്രേയന്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്ര വ്യോമയാന സഹമന്ത്രി ഡോ. മഹേഷ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്.

Loading...

ഗോവയിലെ മോപ്പ, നവി മുംബൈ, മഹാരാഷ്ട്രയിലെ ഷിര്‍ദി, സിന്ധുദുര്‍ഗ്, കര്‍ണാടകത്തിലെ വിജപുര, കലബുറഗി, ഹസന്‍, ശിവമോഗ, പുതുച്ചേരിയിലെ കാരക്കല്‍ തുടങ്ങിയവയും തത്ത്വത്തില്‍ അനുമതി നല്‍കിയ വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടും.

ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി റദ്ദാക്കിയതായി നേരത്തെ അറിയിപ്പ് വന്നിരുന്നു. പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ആറന്മുള വിമാനത്താവളത്തിന് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അനുമതി നല്‍കിയതായി വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മതന്നെ രേഖാമൂലം രാജ്യസഭയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. പാരിസ്ഥിതിക അനുമതി, പ്രതിരോധ മന്ത്രാലയത്തിന്റെ എന്‍.ഒ.സി, വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി എന്നിവയാണ് വിമാനത്താവള പദ്ധതിക്ക് വേണ്ടത്.

പാരിസ്ഥിതിക അനുമതി ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയത് പഠനം നടത്തിയത് യോഗ്യതയില്ലാത്ത ഏജന്‍സിയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ പുതിയ ഏജന്‍സിയെക്കൊണ്ട് പഠനം നടത്താന്‍ കെ.ജി.എസ്. കമ്പനി നല്‍കിയ അപേക്ഷ പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി അനുവദിച്ചിരുന്നു. വിമാനത്താവള പദ്ധതി അനുവദിക്കില്ലെന്നതില്‍ ആറന്മുള പൈതൃകഗ്രാമ സമിതിയും സംസ്ഥാന ബി.ജെ.പി. ഘടകവും ഉറച്ചുനില്‍ക്കുകയാണ്. അതോടൊപ്പം ഏത് എതിര്‍പ്പുകളെയും മറികടന്ന് വിമാനത്താവളം നടപ്പില്‍ വരുത്തുമെന്ന് മറുകൂട്ടരും വാശിയില്‍ തന്നെ.