പത്തനംതിട്ട: അനുമതി നല്‍കിയ ആറന്മുള വിമാനത്താവളം എന്തുചെയ്യണമെന്നുള്ള പ്രതിസന്ധിയില്‍ ബി.ജെ.പിയും കേന്ദ്രഗവണ്മെന്റും. ആറന്മുള വിമാനത്താവള പദ്ധതി ഉപേക്ഷിക്കണമെന്നുള്ള നിലപാടില്‍ ബി.ജെ.പി. കേരളാ ഘടകവും കേന്ദ്രവ്യോമയാന മന്ത്രി അശോക് ഗജപതി രാജുവും ഉറച്ചു നില്‍ക്കുമ്പോള്‍ നേരത്തെ അനുമതി നല്‍കിയ പദ്ധതി റദ്ദാക്കാനാവില്ലെന്നു കാണിച്ചു സിവില്‍ ഏവിയേഷന്‍ മന്ത്രാലയം കേരള ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി.
സംസ്‌ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സി. ലഭിച്ചിട്ടില്ലാത്ത പദ്ധതിയുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ആറന്മുള സ്വദേശിയും പ്രവാസിയുമായ പി.പി. ചന്ദ്രശേഖരന്‍ നായര്‍ നല്‍കിയ ഹര്‍ജിയിലാണു കേന്ദ്ര അസിസ്‌റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എന്‍. നഗരേഷ് ഡിസംബര്‍ 26ന് എതിര്‍ സത്യവാങ്‌മൂലം നല്‍കിയത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. സര്‍ക്കാര്‍ ആറന്മുള വിമാനത്താവളത്തെ അനുകൂലിക്കുന്നെന്നു തെളിയിക്കുന്ന രേഖകളാണ് വീണ്ടും പുറത്തുവന്നിട്ടുള്ളത്. സംസ്‌ഥാന സര്‍ക്കാരിന്റെ എന്‍.ഒ.സിയും പാരിസ്‌ഥിതിക അനുമതിയും ലഭിച്ചിട്ടില്ലാത്ത ആറന്മുള വിമാനത്താവള പദ്ധതി റദ്ദാക്കണമെന്നായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ ഹര്‍ജിയില്‍ ഉന്നയിച്ച പ്രധാന ആവശ്യം.
സംസ്‌ഥാന സര്‍ക്കാരിന്റെ തത്വത്തിലുള്ള അംഗീകാരവും കേന്ദ്ര മന്ത്രാലയങ്ങളുടെയും എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ അനുമതിയും ഉള്ളതിനാലാണ് സിവില്‍ ഏവിയേഷന്‍ സ്‌റ്റിയറിങ് കമ്മറ്റി 2012 ഓഗസ്‌റ്റ് 17ന് അനുമതി നല്‍കിയതെന്ന് എതിര്‍ സത്യവാങ്‌മൂലത്തില്‍ പറയുന്നു.
ആറന്മുളയില്‍നിന്ന് 150 കിലോമീറ്ററില്‍ താഴെമാത്രം ദൂരെയുള്ള തിരുവനന്തപുരം, കൊച്ചി എന്നീ ബ്രൗണ്‍ ഫീല്‍ഡ് വിമാനത്താവളങ്ങളെ ആറന്മുളയിലെ നിര്‍ദിഷ്‌ട ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളം എങ്ങനെ ബാധിക്കും എന്നു പഠനം നടത്തിയില്ലെന്ന പരാതിക്കാരന്റെ വാദവും കേന്ദ്രം തള്ളി.
പരാതിക്കാരന്റെ ഹര്‍ജി ചെലവുസഹിതം തള്ളണമെന്നാണു സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ആവശ്യപ്പെടുന്നത്.
കേന്ദ്ര പ്രതിരോധ വകുപ്പ്, ആഭ്യന്തര വകുപ്പ്, എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവയും സംസ്‌ഥാന സര്‍ക്കാരും തത്വത്തില്‍ അംഗീകാരം നല്‍കിയ പദ്ധതിയാണ് ആറന്മുള വിമാനത്താവളമെന്നും അതുകൊണ്ടാണാണ് സിവില്‍ ഏവിയേഷന്‍ ക്ലിയറന്‍സ് നല്‍കിയതെന്നും സത്യവാങ്‌മൂലത്തില്‍ വ്യക്‌തമാക്കിട്ടുണ്ട്. സാധാരണ വിമാനത്താവളങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് പ്രതിരോധ വകുപ്പിന്റെ അനുമതി ആവശ്യമില്ല.
കൊച്ചിയിലെ ഐ.എന്‍.എസ്. ഗരുഡയുടെ പറക്കല്‍ മേഖലയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ആറന്മുള. ഇക്കാരണത്താലാണു പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി ആവശ്യമായി വന്നത്. കൂടാതെ നവി മുംബൈ, ഡല്‍ഹി നോയിഡ എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന പുതിയ വിമാനത്താവളത്തിനുള്ള തടസങ്ങള്‍ നീക്കുന്നതിനായി വിമാനത്താവളങ്ങള്‍ തമ്മിലുള്ള ദൂരപരിധി 150 കിലോ മീറ്റര്‍ വേണമെന്നുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ മാറ്റുകയും ചെയ്‌തിരുന്നു. ഇത് ആറന്മുള അടക്കമുള്ള ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളങ്ങളുടെ നിര്‍മാണത്തിന് വഴിയൊരുക്കുമെന്ന് പിന്നീട് പ്രചാരണവും ഉണ്ടായി.
ആറന്മുള വിമാനത്താവള പദ്ധതിക്കെതിരേ ബി.ജെ.പി. സമരം നടത്തിയിരുന്നു. കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ കഴിഞ്ഞ യു.പി.എ. സര്‍ക്കാര്‍ ആറന്മുള വിമാനത്താവള പദ്ധതിക്കു നല്‍കിയ എല്ലാ അനുമതിയും റദ്ദാക്കുമെന്നു ബി.ജെ.പി. പ്രകടനപത്രികയില്‍ വാഗ്‌ദാനം ചെയ്‌തിരുന്നു. വാഗ്‌ദാനത്തില്‍നിന്നു പുറകോട്ടു പോകുന്നതിന്റെ സൂചനയാണ് ഇതു നല്‍കുന്നത്.
ആറന്മുള വിമാനത്താവളത്തിന് അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരന്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ വ്യോമയാനമന്ത്രാലയവുമായി ചര്‍ച്ച നടത്തിയിരുന്നു. എന്‍.ഡി.എ. സര്‍ക്കാര്‍ ആറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കില്ലെന്നും വിവിധ മന്ത്രാലയങ്ങള്‍ നല്‍കിയ അനുമതികള്‍ റദ്ദാക്കുമെന്നും ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കിയതായി മുരളീധരന്‍ പിന്നീടു വ്യക്‌തമാക്കുകയും ചെയ്‌തു. വ്യോമയാന മന്ത്രാലയം നല്‍കിയ എല്ലാ അനുമതികളും വൈകാതെ റദ്ദാക്കുമെന്നു കേന്ദ്രമന്ത്രി അശോക് ഗജപതി രാജു അറിയിച്ചതായും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ആറന്മുളയിലെ വിമാനത്താവള വിരുദ്ധസമരത്തിന് നേതൃത്വം നല്‍കുന്ന പൈതൃക ഗ്രാമകര്‍മ സമിതിയുടെ നേതാവ് കുമ്മനം രാജശേഖരനും അടുത്തിടെ ഡല്‍ഹിയിലെത്തി ബന്ധപ്പെട്ടുവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഒരു കാരണവശാലും ആറന്മുളയില്‍ വിമാനത്താവളത്തിന് അനുമതി നല്‍കില്ലെന്ന് കേന്ദ്രത്തില്‍നിന്ന് ഉറപ്പ് ലഭിച്ചതായി കുമ്മനം രാജശേഖരനും അറിയിച്ചിരുന്നു.