ആറന്മുളയിൽ ‌ആംബുലൻസിൽ വെച്ച് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി ചികിത്സയ്ക്കിടെ ആത്മഹത്യയ്ക്കു ശ്രമിച്ചു

പത്തനംതിട്ട: ആംബുലൻസ് ഡ്രൈവറിൽനിന്ന് ലൈംഗിക അതിക്രമം നേരിട്ട പെൺകുട്ടി കോവിഡ് ചികിത്സയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആത്മഹത്യയ്ക്കു ശ്രമിച്ചു. പരീക്ഷാ വിജയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ആത്മഹത്യ ശ്രമമെന്നാണ് സൂചന.

സെപ്റ്റംബർ 5നാണ് ആറന്മുളയിൽ കോവിഡ് രോഗിയായ പെൺകുട്ടിയെ ആംബുലൻസിൽ കൊണ്ടുപോകവെ ഡ്രൈവർ പീഡിപ്പിച്ചത്. 108 ആംബുലൻസ് ഡ്രൈവറായ കായംകുളം സ്വദേശി നൗഫൽ സംഭവത്തെ തുടർന്ന് പിടിയിലായിരുന്നു. അടൂരിൽ നിന്ന് കോഴഞ്ചേരിയിലെ കോവിഡ് കെയർ സെന്ററിലേക്ക് പോകുന്നതിനിടെയാണ് പീഡനം. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ആശുപത്രിയിലെത്തിയപ്പോഴാണ് രോഗി തനിക്കു നേരിട്ട ദുരനുഭവം അധികൃതരോടു പറഞ്ഞത്.

Loading...

രണ്ടു യുവതികളാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ഒരാളെ ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശപ്രകാരം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇറക്കി. പീഡനത്തിനിരയായ 20 കാരിയുമായി ഇയാൾ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് യാത്ര തുടർന്നു. യാത്രാമധ്യേ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

ചികിത്സാ കേന്ദ്രത്തിലെത്തിയ ശേഷം പെൺകുട്ടി പൊലീസിൽ വിവരമറിയിച്ചു. രാത്രി തന്നെ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇതേ തുടർന്ന് നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പിടിയിലായ പ്രതി നൗഫൽ കൊലക്കേസ് പ്രതിയാണ്. ഇതിനിടെ നൗഫലിന്റെ കോവിഡ് പരിശോധന നടത്തിയരുന്നു. നൗഫൽ കോവിഡ് നെ​ഗറ്റീവായിരുന്നു.