ഇപ്പോഴുള്ളിടത്ത് തന്നെ തുടരൂ, അത് രാജ്യത്തിന് വേണ്ടി; കെജ്‌രിവാള്‍

ലോക്ക്ഡൗണ്‍ കഴിയുന്നതു വരെ ഇപ്പോള്‍ ആയിരിക്കുന്നിടത്ത് തുടരണമെന്ന് അതിഥി തൊഴിലാളികളോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ട്വിറ്ററിലൂടെയാണ് കെജ്‌രിവാളിന്റെ ആഹ്വാനം. ഇപ്പോള്‍ കഴിയുന്നയിടങ്ങളില്‍ തന്നെ തുടരണമെന്നും കൂട്ടംകൂടുന്നതും യാത്ര ചെയ്യുന്നതും കൊറോണവൈറസ് വ്യാപനത്തിനിടയാക്കുമെന്നും അദ്ദേഹം തൊഴിലാളികളെ ഓര്‍മിപ്പിച്ചു.

തൊഴിലാളികള്‍ക്കാവശ്യമായ ഭക്ഷണവും താമസസൗകര്യവും നല്‍കുമെന്ന് കെജ്‌രിവാള്‍ ഉറപ്പുനല്‍കി. അതിര്‍ത്തിപ്രദേശമായ കൗശംബിയില്‍ മറ്റുസംസ്ഥാനങ്ങളിലേക്ക് മടങ്ങാന്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ തടിച്ചു കൂടിയതിനെ തുടര്‍ന്നാണ് ഇത്തരം സാഹചര്യം ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്.
‘അവരവരുടെ സ്ഥലങ്ങളിലേക്ക് മടങ്ങാനാവാതെ ആളുകള്‍ നിരാശരാണെന്ന് മനസിലാക്കുന്നു. എന്നാല്‍ ഇപ്പോഴുള്ള സ്ഥലങ്ങളില്‍ തന്നെ തുടരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ മുതിരാതെ ഇപ്പോഴുള്ള സ്ഥലത്ത് തുടരാന്‍ ഞാനും ആവശ്യപ്പെടുകയാണ്’. കെജ്‌രിവാള്‍ ട്വീറ്ററില്‍ കുറിച്ചു. ‘ഇത്രയയധികം ആളുകള്‍ കൂട്ടം കൂടിയാല്‍ വൈറസ് കൂടുതലായി പകരാനിടയാകും. നിങ്ങളിലൂടെ നിങ്ങളുടെ നാട്ടിലും വീട്ടിലും വൈറസ് എത്താനിടയാകും. അങ്ങനെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ രോഗം വ്യാപിക്കാനിടയാകും’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Loading...

തൊഴിലാളികള്‍ക്കാവശ്യമായ ഭക്ഷണ-താമസ സൗകര്യങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും കെജ്‌രിവാള്‍ അറിയിച്ചു. രാജ്യത്തിന് വേണ്ടി ഇപ്പോള്‍ നാടുകളിലേക്ക് മടങ്ങാതിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നാല് ലക്ഷത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കുമെന്ന് ശനിയാഴ്ചയും കെജ്‌രിവാള്‍ അറിയിച്ചിരുന്നു.

അതിഥിതൊഴിലാളികള്‍ക്ക് നാടുകളിലേക്ക് മടങ്ങാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശനിയാഴ്ച 1000 ബസുകള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ ആനന്ദ് വിഹാര്‍ ബസ് ടെര്‍മനലിലെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. നാടുകളിലേക്ക് മടങ്ങാന്‍ കൂടുതല്‍ ബസ് സൗകര്യം ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ ഞായറാഴ്ച രാവിലെയും നിരവധിയാളുകള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ തന്നെ നിലയുറപ്പിച്ചിരുന്നു.