മുംബൈ∙ റിപ്പബ്ലിക് ടിവിയുടെ ഇന്റീരിയർ ഡിസൈനർ ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ ചാനൽ ഉടമ അർണബ് ഗോസ്വാമിക്കു ജാമ്യമില്ല. കീഴ്ക്കോടതിയെ സമീപിക്കാമെന്നും നാലു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്നും ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. അർണബിന്റെ അറസ്റ്റിൽ മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖുമായി സംസാരിച്ചു. ജയിലിൽ അർണബിന്റെ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയെന്നാണ് വിവരം. മാത്രമല്ല, കുടുംബത്തിന് അർണബിനെ കാണാൻ അവസരം ഒരുക്കണമെന്ന് ഗവർണർ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, അർണബ് അലിബാഗിലെ സെഷൻസ് കോടതിയെ ജാമ്യത്തിനായി സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച വസതിയിൽനിന്ന് അലിബാഗ് പൊലീസ് അറസ്റ്റ് ചെയ്ത അർണബ്, 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.അതേസമയം, കസ്റ്റഡിയിൽ ഇരിക്കവെ ഫോൺ ഉപയോഗിക്കുന്നുവെന്നു കണ്ടെത്തിയതിനെത്തുടർന്ന് അലിബാഗിലെ ക്വാറന്റീൻ കേന്ദ്രത്തിൽനിന്ന് തലോജ ജയിലിലേക്ക് ഞായറാഴ്ച അദ്ദേഹത്തെ മാറ്റിയിരുന്നു.
ഹൈക്കോടതി ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. ഇന്റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു അർണാബിന്റെ അറസ്റ്റ്. മുംബൈ ലോവര്‍ പരേലിലെ വീട്ടില്‍നിന്ന് അറസ്റ്റിലായ അര്‍ണബിനെ നവംബര്‍ 18 വരെ അലിബാഗ് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു. കോവിഡ് ക്വാറന്റൈന് കേന്ദ്രമായി മാറ്റിയ സ്കൂളിലായിരുന്നു അര്‍ണബിനെ ആദ്യം പാര്‍പ്പിച്ചിരുന്നത്.എന്നാല്‍ ക്വാറന്റൈന് സെന്ററില്‍ കഴിയുകയായിരുന്ന അര്‍ണബ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെത്തുടര്ന്നാണു ജയിലിലേക്കു മാറ്റിയത്. മറ്റൊരാളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയയിലും അര്‍ണബ് സജീവമായിരുന്നുവെന്ന് റായ്ഗഡ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.