ദില്ലി: ആരോഗ്യ സേതു ആപ്പിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍. ആപ്പ് ഉപയോഗിക്കുന്ന 90 മില്യണ്‍ വരുന്ന ജനങ്ങളുടെ വിവരങ്ങള്‍ അപകടത്തിലാണെന്ന് മുന്നറിയിപ്പ്. ആരോഗ്യസേതുവിൽ സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നില്ലെന്ന് ആരോഗ്യ സേതു ആപ്പ് മറുപടി നൽകിയെങ്കിലും ഹാക്കർ ഇത് തള്ളി. ഇതിന് നാളെ മറുപടി ഉണ്ടാകുമെന്നാണ് ഹാക്കറുടെ മുന്നറിയിപ്പ്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആരോഗ്യ സേതു ആപ്പ് തുടക്കം മുതലേ വിമർശനം നേരിട്ടിരുന്നു.
ആപ്പിൽ രജിസ്റ്റർ ചെയ്യുന്നവരുടെ ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട ഈ ആശങ്ക കൂടുതൽ ശക്തമാക്കുന്ന ആരോപണവുമായി ഫ്രഞ്ച് സൈബര്‍ സുരക്ഷാ വിദഗ്ധനും എത്തിക്കൽ ഹാക്കറുമായ ഇല്ലിയട്ട് ആല്‍ഡേര്‍സണ്‍ ആണ് ഒടുവിൽ രംഗത്ത് എത്തിയിരിക്കുന്നത്.ആപ്പ് ഉപയോഗിക്കുന്ന 90 മില്യണ്‍ ജനങ്ങളുടെയും വിവരങ്ങള്‍ അപകടത്തിലാണെന്ന് ആല്‍ഡേര്‍സണ്‍ ട്വീറ്റ് ചെയ്തു. ആധാര്‍ കാര്‍ഡിൽ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും തേര്‍ഡ് പാര്‍ട്ടി വെബ്‌സൈറ്റുകള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ഇയാൾ മുൻപ് തെളിയിച്ചിരുന്നു. ട്വിറ്ററില്‍ ആരോഗ്യ സേതു ആപ്പിനെ ടാഗ് ചെയ്തു കൊണ്ടായിരുന്നു ഇല്ലിയട്ടിന്റെ വെളിപ്പെടുത്തൽ.
ചുരുങ്ങിയ സമയത്തിനകം ഇത് പരിഹരിച്ചില്ലെങ്കിൽ ആപ്പിന്റെ സുരക്ഷാ വീഴ്ചകള്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സ്വകാര്യമായി തന്നെ ബന്ധപ്പെടാനും ഹാക്കർ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഒരു മണിക്കൂറിനകം നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്റർ, ഇന്ത്യൻ കംപ്യുട്ടർ എമർജൻസി ടീം എന്നിവർ ഹാക്കറെ ബന്ധപ്പെട്ടു. ഇതിന് പിന്നാലെ ആരോഗ്യ സേതു ആപ്പിന്റെ ട്വിറ്റർ ഹാൻഡിലിൽ ആപ്പിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ച് വാർത്താ കുറിപ്പ് പുറത്തിറക്കി.
ആപ്പ് സുരക്ഷിതമാണെന്ന് ആവർത്തിച്ച് കൊണ്ടായിരുന്നു വിശദീകരണം. എന്നാൽ അവകാശ വാദം ഹാക്കർ തള്ളി. ഒന്നും പ്രശ്നമില്ല എന്നാണ് നിങ്ങൾ പറയുന്നത്. നമുക്ക് കാണാം. ഇതേ വിഷയത്തിൽ നാളെ മടങ്ങി വരുമെന്നും ഹാക്കർ മറുപടിയായി ട്വീറ്റ് ചെയ്തു. എന്താണ് സുരക്ഷാ പ്രശ്‌നമെന്നതിന്റെ വിവരങ്ങൾ ഹാക്കർ പുറത്തുവിട്ടിട്ടില്ല. ആപ്പ് ഉപയോഗിച്ച് സ്വകാര്യ ഓപ്പറേറ്റര്‍ക്ക് വ്യക്തികളെ നിരീക്ഷിക്കാന്‍ സാധിക്കുന്നതുമായി ബന്ധപ്പെട്ടാകാം വെളിപ്പെടുത്തലെന്നും സൂചനകളുണ്ട്.