വിജയ് ബാബുവിന്റെ ഒളിത്താവളം കണ്ടെത്താൻ ശ്രമം; അറസ്റ്റ് വാറണ്ട് കൈമാറി ഇന്റർപോൾ

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബുവിനായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. വിജയ് ബാബുവിനെതിരെ യു.എ.ഇ പൊലീസിന് അറസ്റ്റ് വാറണ്ട് കൈമാറിയിരിക്കുകയാണ് ഇൻറർപോൾ. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന് മുന്നോടിയായാണ് ഇത്തരത്തിലൊരു നടപടി. കൊച്ചി സിറ്റി പൊലീസ് നൽകിയ അപേക്ഷയിൽ ആണ് നടപടിയുണ്ടായിരിക്കുന്നത്.

വിജയ് ബാബു ഗോവ വഴി ദുബായിലേക്ക് കടന്നതായിട്ടാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. വിജയ് ബാബുവിനെതിരെ കഴിഞ്ഞ ദിവസം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവാണ് ഇൻറർപോൾ വഴി യു.എ.ഇ പൊലീസിന് കൈമാറിയിരിക്കുന്നത്.എന്നാൽ, വിജയ് ബാബുവിന്റെ ഒളിത്താവളം പൊലീസിന് കണ്ടെത്താനായിട്ടില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പല തവണ പൊലീസ് വിജയ് ബാബുവിന് നോട്ടീസ് അയച്ചിരുന്നു. എന്നിട്ടും താരം ഹാജരായില്ല.

Loading...