കൊച്ചി: നടന്‍ റിസബാവയ്ക്ക് അറസ്റ്റ് വാറണ്ട്. ചെക്ക് കേസില്‍ എളമക്കര സ്വദേശി സാദിഖിന്‍റെ പരാതിയിലാണ് നടന്‍ റിസബാവയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. സാദിഖിന്‍റെ പക്കൽ നിന്നും റിസബാവ 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
ഈ തുകക്ക് നൽകിയ ചെക്ക് മടങ്ങിയതിന് പിന്നാലെ സാദിഖ് കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ നൽകാൻ കോടതി അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ റിസബാവ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് നടപടി. 2014ലാണ് ചെക്ക് തട്ടിപ്പ് കേസ് നടന്നത്. കേസിൽ റിസബാവ കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. എറണാകുളം എന്‍ഐ( നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ) കോടതിയാണ് നടന്‍ കുറ്റക്കാരനാണ് എന്ന് വിധിച്ചിരുന്നത്. 11 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2014 മെയ് മാസത്തില്‍ സാദിഖിന്റെ മകനുമായി റിസബാവയുടെ മകളുടെ വിവാഹം ഉറപ്പിച്ചിരുന്നു. ഈ ബന്ധത്തിന്റെ പുറത്ത് റിസബാവ സാദിഖില്‍ നിന്ന് 11 ലക്ഷം രൂപ കടം വാങ്ങിയിരുന്നു.
തിരികെ നല്‍കാമെന്ന് പറഞ്ഞ അവധികള്‍ പലതും കഴിഞ്ഞിട്ടും പണം റിസബാവ തിരികെ നല്‍കിയില്ല. സാദിഖ് പണം തിരികെ ചോദിച്ചപ്പോഴൊക്കെ നടന്‍ പല തവണ അവധി പറയുകയും വീണ്ടും സാവകാശം ചോദിക്കുകയുമാണുണ്ടായത്. പിന്നീട് 2015 ജനുവരിയില്‍ റിസബാവ സാദിഖിന് 11 ലക്ഷം രൂപയുടെ ചെക്ക് നല്‍കി. നടന്‍ നല്‍കിയ ചെക്ക് 71 ദിവസങ്ങള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മടങ്ങി എന്നാണ് സാദിഖിന്റെ ആരോപണം. തുടര്‍ന്ന് സാദിഖ് റിസബാവയ്‌ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോയത്. എന്നാല്‍ കോടതി കേസ് പരിഗണിച്ചപ്പോഴൊന്നും റിസബാവ ഹാജരായിരുന്നില്ല.