അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല- എന്‍ഐഎ

കൊച്ചി. എന്‍ഐഎ ഭീകര പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക ബന്ധങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ. ഇവരില്‍ നിന്നും എന്‍ഐഎ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ തിരുവനന്തപുരം സിഡാക്കില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അറസ്റ്റിലായവരുടെ ഫോണുകളും ലാപ്‌ടോപ്പുകളുമാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചതിനെക്കുറിച്ചാണ് ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ എന്‍ഐഎ ചോദിക്കുന്നത്.

പ്രതികളെ ഇഡി ഉള്‍പ്പെടെ ചോദ്യം ചെയ്യും. ഇവരില്‍ നിന്നും പിടിച്ചെടുത്ത ഫോണിലെ വാട്‌സാപ് സന്ദേശങ്ങള്‍ വീണ്ടെടുക്കുന്നതിനും എന്‍ഐഎ ശ്രമിക്കുന്നുണ്ട്. അതേസമയം പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. കസ്റ്റഡിയില്‍ ആയവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ക്കുന്നത്. 281 കേസുകളാണ് പോലീസ് എടുത്തിരിക്കുന്നത്.

Loading...

തീവ്രവാദ കേസില്‍ ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ എന്‍ഐഎ. സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കുക. റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.

തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍. കേസിലെ 12 ആം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സിഎ റൗഫ്. ഇരുവരും കഴിഞ്ഞ ദിവസത്തെ മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു. രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോന നടത്തിയതിലും സമൂഹമാധ്യമങ്ങള്‍ വഴി ഭീകരണ സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് അബ്ദുള്‍ സത്താര്‍, റൗഫ് പാലക്കാട് പട്ടാന്പി സ്വദേശിയും.