സ്വപ്ന സുരേഷിന് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സെക്രട്ടേറിയറ്റിൽനിന്ന് വിളിച്ചത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഫ്ലാറ്റ് ബുക്ക് ചെയ്യാൻ സെക്രട്ടേറിയറ്റിൽനിന്ന് വിളിച്ചത് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ അരുൺ ബാലചന്ദ്രൻ. ശിവശങ്കറിന്റെ സുഹൃത്തിനും കുടുംബത്തിനും താമസിക്കാനാണ് ഫ്ലാറ്റ് ബുക്കു ചെയ്തതെന്ന് അരുൺ മാധ്യമങ്ങളോടു പറ‍ഞ്ഞു. മേയ് അവസാനമാണ് ശിവശങ്കർ ഫ്ലാറ്റിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആവശ്യപ്പെട്ടത്. സുഹൃത്തിന്റെ കുടുംബത്തിനു ഫ്ലാറ്റ് ശരിയാകുന്നതുവരെ താമസിക്കാനാണെന്നാണു പറഞ്ഞത്. വാട്സാപ്പിലൂടെയാണു വിവരങ്ങൾ കൈമാറിയത്.

അതേസമയം ശിവശങ്കറിനൊപ്പം വിദേശ യാത്രകളിലും അരുൺ പങ്കെടുത്തിരുന്നു. 2018 ഒക്ടോബർ 14 മുതൽ 18 വരെ ദുബായിലേക്കു നടത്തിയ യാത്രയുടെ ചെലവ് വഹിച്ചത് ടെക്നോപാർക്കായിരുന്നു. സ്വപ്ന സുരേഷും സരിത്തും സ്വർണക്കടത്തു കേസിൽ ഗൂഡാലോചന നടത്തിയത് സെക്രട്ടേറിയറ്റിനടുത്തുള്ള ഈ ഫ്ലാറ്റിലാണെന്നാണ് അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്. സൃഹൃത്തായതിനാലാണ് ഫ്ലാറ്റ് എടുത്തു നൽകിയതെന്ന് ശിവശങ്കർ കസ്റ്റംസിന് മൊഴി നൽകി.

Loading...

എത്ര ദിവസത്തേക്കാണ് ഫ്ലാറ്റ് വേണ്ടതെന്ന് ചോദിച്ചപ്പോൾ മൂന്നു ദിവസമെങ്കിലും വേണമെന്നായിരുന്നു മറുപടി. അവരുടെ ഫ്ലാറ്റ് ശരിയായാൽ ഉടനെ മാറുമെന്നും പറഞ്ഞിരുന്നു. ഇതനുസരിച്ച് ഫ്ലാറ്റുമായി ബന്ധപ്പെട്ടവരെ വിളിച്ച് റേറ്റു ചോദിച്ചു. ഇക്കാര്യം ശിവശങ്കറിനെ അറിയിച്ചു. വാട്സാ‌പ് ചാറ്റ് അന്വേഷണ ഏജൻസികൾക്കു കൈമാറാൻ തയാറാണെന്നും ഏജൻസികൾ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും അരുൺ പറഞ്ഞു.