സൂര്യനസ്ഥമിക്കാത്ത രാജ്യത്തിന്റെ പേരായിരുന്നു ഒരുകാലത്തു് ബ്രിട്ടീഷ് ടെറിറ്റോറി എന്നറിയപ്പെട്ടിരുന്ന യുണൈറ്റഡ് കിങ്ഡം. വളരെ ചെറിയ ഭൂപ്രദേശത്തിന്റെ ഉടമകളായിരുന്ന ബ്രിട്ടീഷുകാര്‍ ആദ്യം സമുദ്രത്തെ കീഴടക്കി. കാലക്രമേണ കപ്പലുകളും അത്യാധുനിക വെടിക്കോപ്പുകളുമായപ്പോള്‍ രാജ്യങ്ങളും വന്‍കരകളും കീഴടക്കാനുള്ള കരുത്തുള്ളവരായി മാറി. പിന്നീട് തന്ത്ര-കുതന്ത്രങ്ങളിലൂടെ എല്ലാ വന്‍കരയും കീഴടക്കി വാണ സാമ്രാജ്യത്തെയാണ് ഒരുദിവസം പോലും സൂര്യനസ്ഥമിക്കാത്ത ശക്തിയായി ലോകം ഉപമിച്ചതു്.
കടന്നുപോയ വഴികളിലെല്ലാം ചോരയുടെയും കണ്ണീരിന്റെയും മണവും ഈര്‍പ്പവും ഉണ്ടെങ്കിലും വിജയിക്കുന്നവനാണ് ചരിത്രം അവകാശപ്പെട്ടതെന്ന ലോകനിയമത്തില്‍ എല്ലാം രജതശോഭയുള്ളതായി മാറി. ക്രൂരകൃത്യങ്ങളും അടിച്ചമര്‍ത്തലുകളുമെല്ലാം കടന്നുപോയ പോരാട്ട വഴികളിലെ ചെറിയ സംഭവങ്ങളായി ചിത്രീകരിച്ചു് ചരിത്രത്താളുകളില്‍ വരുംതലമുറയ്ക്കുള്ള കേസ് സ്റ്റഡികളായി വിശ്രമം കൊള്ളുകയാണു്.
വെട്ടിപ്പിടിച്ചു കഴിഞ്ഞാല്‍ ഒന്നുകില്‍ ഇരകളെ തങ്ങളുടെ വഴിയെ കൊണ്ടുവരിക, മറിച്ചെങ്കില്‍ ഭിന്നിപ്പിച്ച് കാര്യം കാണുക; അതുമല്ലെങ്കില്‍ മുറിവുണക്കലിന്റെ ഭാഗമായി മുറിവേറ്റവനെ തന്നെ വളര്‍ത്തിയെടുത്ത് സ്വന്തം പക്ഷത്താക്കുക എന്നതായിരുന്നു അവരുടെ തന്ത്രം. വളരെ കൂര്‍മ്മബുദ്ധിയില്‍ നിന്നുദിക്കുന്ന ഈ തന്ത്രജ്ഞതയില്‍ വീഴാത്ത ജനതകളും രാജ്യങ്ങളുമില്ല! അത്തരമൊരു സാഹചര്യത്തിലാണ് രണ്ടാം ലോകമഹായുദ്ധം ശക്തമായതും അതില്‍ കനത്ത പ്രഹരമേല്‍ക്കേണ്ടി വരുന്നതും. ശക്തിക്ഷയിച്ച സിംഹത്തിന് എതിരെ താങ്ങുംതണലുമായി നിന്നവര്‍ മുറുമുറുപ്പ് തുടങ്ങാന്‍ പിന്നെ സമയം വേണ്ടി വന്നില്ല.

എന്നാല്‍ ആക്രമണത്തിനെതിരെ അഹിംസാ മാര്‍ഗവും, നിസ്സഹകരണ മനോഭാവവും എന്തിനു വേണം വൈദേശിക വസ്ത്രങ്ങളുടെയും ഭക്ഷണത്തിന്റെയുമൊക്കെ ബഹിഷ്കരണമുറ സ്വീകരിച്ച ‘ക്വിറ്റ് ഇന്ത്യാ മൂവ്‌മെന്റ്’ ബ്രിട്ടന്റെ ക്രിസ്തീയ തത്വശാസ്ത്രത്തിനു മുമ്പിലുള്ള വെല്ലുവിളി ആയിരുന്നു. ആയുധമെടുത്ത് വെല്ലുവിളിക്കുന്നവനെ നിഷ്കരുണം അടിച്ചമര്‍ത്താന്‍ ബൈബിള്‍ പഴയനിയമ കഥകള്‍ വഴിതെളിക്കുന്നുണ്ടെങ്കിലും ഒരു കരണത്തടിക്കുമ്പോള്‍ മറ്റേ കരണം വച്ചുനീട്ടി നില്‍ക്കുന്ന ഗാന്ധിജി എന്ന കുറുകിയ മനുഷ്യന്‍ ബ്രിട്ടീഷ് ഉരുക്കു മനസ്സുകളില്‍ വിള്ളലുണ്ടാക്കി.
തീവ്രവാദി എന്നു വിളിക്കാനൊ, ആക്രമി എന്നു മുദ്രചാര്‍ത്തി വിളിക്കാനൊ പറ്റാത്ത സാഹചര്യമാണ് ഗാന്ധിജിയുടെ സത്യാഗ്രഹ സമരവും, നിസ്സഹകരണ പ്രസ്ഥാനവും. അതുപോലെ തന്നെ ഉപ്പു സത്യാഗ്രഹവും ഒക്കെ വഴിതെളിച്ചത്. അങ്ങനെ ബ്രിട്ടീഷുകാരന്റെ മനഃസാക്ഷിയെയും, കുശാഗ്രബുദ്ധിയെയും കീറിമുറിച്ച ഗാന്ധിയന്‍ മാര്‍ഗ്ഗം പിന്നീട് അമേരിക്കയിലും കറുത്തവര്‍ഗ്ഗക്കാരന്‍ പ്രയോഗിച്ചപ്പോള്‍ ലോക ചരിത്രം തന്നെ വഴിമാറി നിന്നു.

വംശീയയുദ്ധം ഒരുപക്ഷെ അമേരിക്കയെ ഇളക്കിമറിച്ചെങ്കിലും ഡോ. മാര്‍ട്ടിന്‍ ലൂദര്‍ കിങ് ഉന്നയിച്ച ബൈബിളില്‍ അധിഷ്ഠിതമായ ധാര്‍മ്മികതയാണ് നിറവ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഒരുപോലെ സൃഷ്ടിക്കപ്പെട്ടവരാണെന്നു സമ്മതിക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചതു്. അങ്ങനെ സാമ്രാജ്യശക്തികളെ ധാര്‍മ്മികതയുടെ അളവുകോലുകള്‍ വച്ചു നിരത്തി ക്രിസ്തീയതയുടെ അനുകരണം സമരസന്ദേശമാക്കിയ ഗാന്ധിജി ഏതെങ്കിലും കോര്‍പ്പൊറേറ്റിന്റെ ഏജെന്റാണെന്ന് ചങ്കൂറ്റം കാണിക്കുകയും സ്വന്തം കഴിവുകളില്‍ മതിമറന്നഹങ്കരിക്കുകയും ചെയ്യുന്ന അരുന്ധതി റോയിയോട് മറുചോദ്യം ചോദിക്കുന്നതിനു മുമ്പു പറയട്ടെ; വര്‍ണ്ണ ജാതി വ്യവസ്തിതികള്‍ വംശീയതയെപ്പോലെ തന്നെ മനുഷ്യത്വരഹിതവും അനീതിയുമാണ് എന്നു പറയാതിരുന്നത് ഗാന്ധിജിയുടെ ഇരട്ടത്താപ്പായിപ്പോയി. വെള്ളക്കാരന്റെ അടിമത്തത്തിന്റെ പാലം കടന്നപ്പോള്‍ പുരോഗമന കാഴ്ചപ്പാടുമാറി ജാതിവ്യവസ്ഥിതികള്‍ക്ക് പിന്തുടര്‍ച്ചയേകാന്‍ ഗാന്ധിജിയുടെ നിലപാട് കാരണമായിട്ടുണ്ടെങ്കില്‍ അരുന്ധതി റോയി ചോദ്യം ചെയ്യേണ്ട വിഷയം അതാണു്.
ചാതുര്‍വര്‍ണ്ണ്യവും ജാതിവ്യവസ്ഥയും സാമൂഹ്യനിയന്ത്രണത്തിന്റെയും ചൂഷണത്തിന്റെയും ചട്ടുകങ്ങളാണ് എന്നത് തര്‍ക്കമില്ലാത്ത വിഷയങ്ങളാണ്. ഒരുപക്ഷെ ഇന്ത്യന്‍ വ്യവസായങ്ങളെ ലാഭകരമാക്കുന്നതും ഈ ഉച്ചനീചത്വങ്ങളുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വ്യവസ്ഥിതിയും വ്യാവസായിക സാഹചര്യങ്ങളുമാണ്. അമേരിക്കയിലേക്ക് വെറും ജനറിക് മരുന്നുകള്‍ മാത്രം കയറ്റിയയക്കുന്ന സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന കമ്പനി അംബാനിയെപ്പോലും കമ്പോള ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ മറികടന്നത് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ കീറിമുറിച്ചു പഠിക്കേണ്ട വിഷയമാണ്. അങ്ങനെ നോക്കുമ്പോള്‍ ഗാന്ധിജി എന്ന നേതാവ് ഒരു വിദേശ ഏജെന്റ് എന്നതിനെക്കാളുപരി വിദേശിയുടെ മനസ്സും കരളും വായിച്ചറിഞ്ഞ ഒരു മനഃശാസ്ത്രവിദഗ്ദ്ധനോ അല്ലെങ്കില്‍ സ്വന്തം സമൂഹത്തിനെ അന്ധമായി സ്നേഹിച്ച അവരുടെ കുറ്റങ്ങളെയും കുറവുകളെയും ന്യായീകരിച്ച യാഥാസ്ഥിതിക ഇന്ത്യാക്കാരന്‍ എന്നു വിശേഷിപ്പിക്കുന്നതാവും പുസ്തകങ്ങള്‍ പഠിച്ചതിനു ശേഷം അഭിപ്രായം പറയുന്നതിനു ഉചിതം.
വസ്തുനിഷ്ഠതകളുടെ അടിസ്ഥാനത്തിലാണെങ്കില്‍ ശ്രീമതി സൂസന്നാ അരുന്ധതി റോയിയും, അമ്മ മേരി റോയിയും ഒരു ബ്രിട്ടീഷ് ഏജെന്റാണ് എന്നു പറയത്തക്ക നിഗമനങ്ങളില്‍ നമുക്കും എത്തിച്ചേരാനാവും.
(തുടരും)
അടുത്ത ലക്കത്തില്‍ അരുന്ധതി റോയിയും മേരി റോയിയും ബ്രിട്ടീഷ് ഏജന്റന്മാരാണെന്ന നിഗമനത്തിലേക്കെത്തിച്ച പഠനങ്ങള്‍ ….