അരുവിക്കരയില്‍ 16 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എട്ട് സ്വതന്ത്രന്മാരടക്കം 16 സ്ഥാനാർഥികൾ. പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ ശനിയാഴ്ച, സ്വതന്ത്ര സ്ഥാനാർഥിയായ എ.അൻസാരി മാത്രമാണ് പത്രിക പിൻവലിച്ചത്. ഇടതുമുന്നണി സ്ഥാനാർഥി എം.വിജയകുമാറിന് രണ്ട് അപരന്മാരും യു.ഡി.എഫ് സ്ഥാനാർഥി ശബരീനാഥിന് ഒരു അപരനുമാണുള്ളത്. ബി വിജയകുമാറും എസ് വിജയകുമാരൻ നായരുമാണ് ഇടത് സ്ഥാനാർഥിയുടെ അപരന്മാർ. എം.എസ്.ശബരീനാഥ് ആണ് യു.ഡി.എഫ് സ്ഥാനാർഥിയുടെ അപരൻ. ബി.ജെ.പി സ്ഥാനാർഥി ഒ രാജഗോപാലിന് അപരന്മാരില്ല. പി.സി.ജോർജിന്റെ അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാർഥിയും പി.ഡി.പി സ്ഥാനാർഥിയായി പൂന്തുറ സിറാജും മത്സരരംഗത്തുണ്ട്. 15 സ്ഥാനാർഥികളും ഒരു നോട്ടയുമെന്നാണു വോട്ടിംഗ് യന്ത്രത്തിലെ കണക്ക്. 16 സ്ഥാനാർഥികളുള്ളതിനാൽ ഓരോ ബൂത്തിലും രണ്ടു വോട്ടിംഗ് യന്ത്രങ്ങൾ വീതം ഉണ്ടാകും.