കഞ്ചാവ് റെഡിയാക്കാമെന്ന് തമാശയ്ക്ക് പറഞ്ഞത്, ചാറ്റിനെക്കുറിച്ച് അനന്യ പാണ്ഡെ

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാനുമായി നടത്തിയ ചാറ്റിനെക്കുറിച്ച് വെളിപ്പെടുത്തലുമായി അനന്യ പാണ്ഡെ. എൻസിബിയോട് അനന്യ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. താൻ നടത്തിയ വാട്‍സ്ആപ്പ് ചാറ്റിൻറേത് തമാശുടെ ഭാഷയെന്നാണ് അനന്യ പാണ്ഡെ പറയുന്നത്. കഞ്ചാവിൻറെ ലഭ്യതയെക്കുറിച്ച് ഇരുവരും തമ്മിൽ വാട്‍സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി എൻസിബി കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യംചെയ്യലിനിടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ചാറ്റിലുള്ളത് തമാശയാണെന്ന് അനന്യ മറുപടി നൽകിയത്. എൻസിബി എന്നത് പ്രൊഡക്ഷൻ ഹൗസ് അല്ലെന്നായിരുന്നു സോണൽ ഡയറക്ടർ സമീര് വാങ്കഡെയുടെ പ്രതികരണം. കഞ്ചാവ് ഒപ്പിക്കാൻ പറ്റുമോ എന്നായിരുന്നു മുൻ വാട്സ്ആപ്പ് ചാറ്റിൽ ആര്യൻ അനന്യയോട് ചോദിച്ചത്. ഇതിന് ‘റെഡിയാക്കാം’ എന്നാണ് അനന്യ നൽകിയ മറുപടി. ഇതൊരു തമാശയായിരുന്നു എന്നാണ് അനന്യ ഇന്നലെ ചോദ്യം ചെയ്യലിൽ എൻസിബിയോട് പറഞ്ഞത്. മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷവും ആര്യൻ ഖാന് കഞ്ചാവ് എത്തിച്ചു നൽകിയിട്ടില്ലെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് അനന്യ. ഇന്നലെ പതിനൊന്ന് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ട് അനന്യ രണ്ടരയ്ക്കാണ് എൻസിബിക്കു മുൻപിൽ ഹാജരായത്.

ബുധനാഴ്ച ആര്യൻ ഖാൻറെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഒരു പുതുമുഖ നടിയുമായി ആര്യൻ നടത്തിയ വാട്‍സ്ആപ്പ് ചാറ്റ് എൻസിബി കോടതിയിൽ ഹാജരാക്കിയത്. ഈ നടിയാണ് അനന്യ പാണ്ഡെ. കഞ്ചാവിനെക്കുറിച്ച് മൂന്ന് വ്യത്യസ്‍ത സന്ദർഭങ്ങളിൽ വാട്‍സ്ആപ്പിലൂടെ ഇരുവരും ചാറ്റ് ചെയ്‍തിട്ടുണ്ടെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. 2018-19 കാലത്തെ ചാറ്റ് ആണ് ഇത്. ആര്യൻ മൂന്ന് തവണ ആവശ്യപ്പെട്ടതിൽ രണ്ടു തവണ തനിക്കുവേണ്ടിത്തന്നെയും ഒന്ന് ഒരു കൂട്ടായ്‍മയിലെ ഉപയോഗത്തിനുമായിരുന്നെന്നും എൻസിബി വൃത്തങ്ങൾ പറയുന്നു. ചില ലഹരി മരുന്ന് വിതരണക്കാരുടെ നമ്പരുകൾ ആര്യൻ അനന്യയ്ക്കു നൽകിയിരുന്നുവെന്നും അനന്യ ആര്യന് കഞ്ചാവ് എത്തിച്ചുനൽകിയിട്ടുണ്ടെന്നും എൻസിബി സംശയിക്കുന്നു. അനന്യയുടെ രണ്ട് ഫോണുകൾ അന്വേഷണോദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ ഒന്ന് ഒരു പഴയ ഹാൻഡ്‍സെറ്റും മറ്റൊന്ന് മാസങ്ങൾക്കു മുൻപ് വാങ്ങിയതുമാണ്. ഈ ഫോണുകളിലെ മുഴുവൻ ഡാറ്റയും എൻസിബി പരിശോധിക്കും. അതേസമയം അനന്യയുടെ ചോദ്യംചെയ്യൽ തിങ്കളാഴ്ചയും തുടരും.

Loading...