ആര്യൻ കേസിൽ എൻസിബിക്കെതിരായ സാക്ഷിയുടെ വെളിപ്പെടുത്തൽ; വിജിലൻസ് അന്വേഷിക്കും

മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ കേസിൽ എൻസിബിക്കെതിരെ കഴിഞ്ഞ ദിവസം ഉയർന്നു വന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് തീരുമാനം. സാക്ഷിയുടെ വെളിപ്പെടുത്തൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷിക്കും. സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്നാണ് സമീർ വാങ്കഡെ മുംബൈ പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരിക്കുന്നത്.എൻസിബിയെ വൻ പ്രതിരോധത്തിലാക്കുന്നതായിരുന്നു സാക്ഷികളിലൊരാളായ പ്രഭാകർ സെയിൽ ഇന്നലെ നടത്തിയ വെളിപ്പെടുത്തൽ.

പ്രഭാകർ പറയുന്നത് ശരിയെങ്കിൽ എൻസിബി മറുപടി പറയേണ്ട ചോദ്യങ്ങൾ ഇതൊക്കയാണ്. റെയ്ഡ് സമയം ഒപ്പമില്ലാതിരുന്നയാളെ എന്തിന് സാക്ഷിയാക്കി? എന്തിന് ഒന്നുമെഴുതാത്ത രേഖകളിൽ നിർബന്ധിച്ച് ഒപ്പ് ചെയ്യിച്ചു? വെറുമൊരു സാക്ഷിയെന്ന് എൻസിബി വിശേഷിപ്പിക്കുന്ന കിരൺ ഗോസാവിക്ക് എൻസിബി ഓഫീസിൽ ആരാണ് ഇത്രയും സ്വാതന്ത്ര്യം നൽകിയത്. ? കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ആരെയൊക്കെയാണ് ഈ ഗോസാവി ഫോണിൽ സംസാരിപ്പിച്ചത്. ? ഷാരൂഖിനെ ഭീഷണിപ്പെടുത്തി തട്ടുന്ന പണത്തിൽ 8 കോടി സമീറിന് നൽകാനുള്ളതെന്ന് ഗോസാവി പറയുന്നത് കേട്ടതായി പ്രഭാകർ പറയുന്നു. വിവാദങ്ങളിൽ നിറയുന്ന ഗോസാവി ഇപ്പോൾ എവിടെയാണ്? ആരോപണങ്ങൾ സമീർ വാങ്കഡെ നിഷേധിക്കുന്നുണ്ടെങ്കിലും എൻസിബി സോണൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അശോക് ജെയ്ൻ വിജിലൻസിന് വിവരങ്ങൾ കൈമാറി. എൻസിബി വിജിലൻസ് തലവൻ ഗ്യാനേശ്വർ സിംഗിൻറെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്നാണ് വിവരം. എൻസിബിയ്ക്കെതിരെ ഇടഞ്ഞ് നിൽക്കുന്ന മഹാരാഷ്ട്രാ സർക്കാറിൻറെ പൊലീസ് പരാതികിട്ടിയാൽ കേസെടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമനടപടി തടയാൻ സമീർ വാങ്കഡെ തന്നെ മുംബൈ പൊലീസ് കമ്മീഷണറെ സമീപിച്ചത്. ബോളിവുഡ് സംവിധായകൻ ഹൻസാൽ മെഹ്ത അടക്കമുള്ളവർ സമീറിൻറെ രാജി ആവശ്യം ഉയർത്തിക്കഴിഞ്ഞു

Loading...