മുംബൈ: ലഹരിക്കേസിൽ അറസ്റ്റിലായ ആര്യൻ ഖാന്റെ ജാമ്യാപേക്ഷയിൽ കോടതി ഒക്ടോബർ 20 ന് വിധി പറയും. ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിലാണ് ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിലാകുന്നത്. അതേസമയം ആര്യൻ ഖാൻ റിമാന്റിൽ തുടരും. എൻസിബി ആര്യൻ ഖാന്റെ ജാമ്യാപേക്ഷയെ കോടതിയിൽ ശക്തമായി എതിർത്തിരുന്നു. അന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ആര്യൻ ഉൾപ്പെടെയുള്ള പ്രതികൾക്ക് ലഹരികടത്തുമായി ബന്ധമുണ്ടെന്നുമാണ് എൻസിബി വാദിച്ചത്. പ്രതികളുടെ വാട്സ്‌ആപ്പ് ചാറ്റുകളിൽ നിന്ന് ഇതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ട് ഇവർക്ക് ജാമ്യം ലഭിച്ചാൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും ജാമ്യാപേക്ഷയെ എതിർത്ത് എൻസിബി പറഞ്ഞു. പഠിക്കുന്ന വിദ്യാർത്ഥികളാണ് ഇവർ എന്നത് ജാമ്യത്തിനുള്ള പരിഗണന ആകരുതെന്നും ഇവരെക്കുറിച്ച് കൂടതൽ വിവരങ്ങൾ പുറത്തുകൊണ്ട് വരേണ്ടതുണ്ടെന്നും എൻസിബി കോടതിയിൽ വ്യക്തമാക്കി.
അതേസമയം, വാട്സാപ്പ് ചാറ്റുകൾ ദുർബലമായ തെളിവുകൾ ആണെന്നും ആര്യൻ ഖാന് ക്രിമിനൽ പശ്ചാത്തലമില്ലാത്തത് കോടതി പരിഗണിക്കണമെന്നും അഭിഭാഷകൻ അമിത് ദേശായി വാദിച്ചു. ‘ഇത് തികച്ചും ജാമ്യം അനുവദിക്കാവുന്ന ഒരു കേസാണ്. ജാമ്യം നിഷേധിക്കുന്നതിലൂടെ ഒരു യുവാവിൻറെ സ്വാതന്ത്ര്യത്തെ കവർന്നെടുക്കരുത്. അന്വേഷണത്തിന് എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണമെന്ന നിബന്ധനയോടെ കോടതിക്ക് ജാമ്യം അനുവദിക്കാവുന്നതാണ്’. അമിത് ദേശായി വാദിച്ചു.കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന വാദം നടക്കുന്ന ഘട്ടമല്ല ഇതെന്നും ജാമ്യം അനുവദിക്കണമെന്ന വാദം മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും ആര്യൻ ഖാനുവേണ്ടി അഭിഭാഷകൻ വാദിച്ചു.