ആറ് മാസമായി ആന്‍ഡമാന്‍ സമുദ്രമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ് റോഹിങ്ക്യ അഭയാര്‍ഥികള്‍. ബുദ്ധിസ്റ്റുകളുടെ വംശീയ ഉന്മൂലന ഭീഷണിയെ തുടര്‍ന്ന് മ്യാന്മറില്‍ നിന്ന് രക്ഷപ്പെട്ട ഇവര്‍ക്ക് ഇന്തോനേഷ്യ, തായ്‌ലന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ അഭയം നിഷേധിച്ചിരുന്നു. കുടിനീരും ഭക്ഷണവുമില്ലാതെ നടുക്കടലില്‍ കുടുങ്ങിയ റോഹിങ്ക്യകളുടെ ഈ ദുരവസ്ഥക്ക് മുഖ്യ കാരണക്കാരന്‍ ഒരു ബുദ്ധസന്ന്യാസിയാണെന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അഷിന്‍ വിരാതു എന്ന ബുദ്ധസന്ന്യാസിയാണ് കൂട്ടക്കൊലകളുടേയും കൊടിയ പീഡനങ്ങളുടേയും പേരില്‍ കുപ്രസിദ്ധനാകുന്നത്.

Ashin Wirathu 2

Loading...

ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനങ്ങള്‍ക്കിരയാകേണ്ടിവന്ന സമൂഹമെന്നാണ് റൊഹീങ്ക്യകളെ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ അംനസ്റ്റി ഇന്റര്‍നാഷണല്‍ വിശേഷിപ്പിച്ചത്. ‘ബര്‍മ്മയില്‍ വ്യാപകമായ ഇസ്ലാംവിരുദ്ധതയ്ക്ക് വിരാതുവിന്റെ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങള്‍ക്ക് വലിയ പങ്കാണുള്ളത്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാവുന്ന അന്തരീക്ഷത്തിലാണ് നിലവില്‍ ബര്‍മ്മയിലുള്ള റൊഹീങ്ക്യകളുടെ ജീവിതം. പിറന്ന നാട്ടില്‍ നിന്നും മരണം കാത്തിരിക്കുന്ന കടലിനെ വകവെക്കാതെ കള്ളക്കടത്തുകാര്‍ക്കും മനുഷ്യക്കടത്തുകാര്‍ക്കും സമ്പാദ്യം മുഴുവന്‍ നല്‍കി റൊഹീങ്ക്യകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അത് നാട്ടില്‍ ജീവിതം അത്രമേല്‍ അസഹ്യമായതുകൊണ്ടാണ് ‘ ലണ്ടനിലെ ക്യൂന്‍ മേരി സര്‍വ്വകലാശാലയിലെ പെന്നി ഗ്രീന്‍ പറയുന്നു.

ബര്‍മ്മയില്‍ റൊഹീങ്ക്യന്‍ മുസ്ലീങ്ങള്‍ക്കു നേരെ നടക്കുന്ന ആസൂത്രിതമായ അക്രമങ്ങളുടെ പിന്നില്‍ വിരാതുവാണെന്നാണ് ആരോപണം ഉയരുന്നത്. പതിഞ്ഞ ശബ്ദത്തിലുള്ള വംശീയവിദ്വേഷം തുപ്പുന്ന പ്രസംഗങ്ങളാണ് വിരാതുവിനെ കുപ്രസിദ്ധനാക്കിയത്. തലമുണ്ഡനം ചെയ്ത് കാഷായവസ്ത്രം ധരിച്ചെത്തുന്ന വിരാതു മറ്റുബുദ്ധസന്ന്യാസികളെ പോലെ പ്രസംഗിക്കുമ്പോള്‍ കൈവിരലുകള്‍ ചേര്‍ത്തുവെക്കാറുണ്ട്. എന്നാല്‍ വിരാതുവിന്റെ ബര്‍മ്മയിലെ മന്‍ഡാലെയിലുള്ള ബുദ്ധമഠം റൊഹീങ്ക്യകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശങ്ങള്‍ നിറഞ്ഞ പോസ്റ്ററുകള്‍ കൊണ്ടും ചിത്രങ്ങള്‍ കൊണ്ടുമാണ് കുപ്രസിദ്ധമാകുന്നത്.

Ashin Wirathu
2013ല്‍ ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയില്‍ ആശ്രമം സംബന്ധിച്ച ചോദ്യത്തിന് ‘ഞങ്ങളുടെ മതത്തേയും ദേശീയ താത്പര്യത്തേയും സംരക്ഷിക്കുന്നതിനാണ് ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്’ എന്നായിരുന്നു വിരാതുവിന്റെ മറുപടി. ‘ഞങ്ങള്‍ ഞങ്ങളുടെ ജനങ്ങളെ സംരക്ഷിച്ചില്ലെങ്കില്‍ അവര്‍ ദുര്‍ബലരാകും. അത് രാജ്യത്തെ കൂടുതല്‍ അക്രമങ്ങളിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. ദുര്‍ബലരാകുമ്പോള്‍ മാത്രം നന്നായി പെരുമാറുന്നവരാണ് മുസ്ലീങ്ങള്‍. ശക്തരാകുമ്പോള്‍ അവര്‍ ചെന്നായ്ക്കളെ പോലെയും കുറുക്കന്മാരെ പോലെയുമാണ് പെരുമാറുക. കൂട്ടം കൂട്ടമായി വന്ന് മറ്റു മൃഗങ്ങളെ അവര്‍ വേട്ടയാടും’ ഇങ്ങനെ പോകുന്നു വിരാതുവിന്റെ വാദങ്ങള്‍.

rohingya_migrants

ബര്‍മ്മയിലെ റൊഹീങ്ക്യകള്‍ക്കെതിരായ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തീവ്രദേശീയ പ്രസ്ഥാനമായ 969 ന്റെ പ്രധാന നേതാവാണ് വിരാതു. 2013ല്‍ ടൈം മാഗസിന്റെ ബുദ്ധതീവ്രവാദത്തിന്റെ മുഖം എന്ന തലക്കെട്ടില്‍ അഷിന്‍ വിരാതുവിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ആ ലേഖനത്തില്‍ ബര്‍മയിലെ ബിന്‍ലാദന്‍ എന്നായിരുന്നു വിരാതുവിനെ ടൈം വിശേഷിപ്പിച്ചിരുന്നത്. തലമുറകളായി ബര്‍മ്മയില്‍ ജീവിക്കുന്നവരാണെങ്കിലും റൊഹീങ്ക്യകളെ ഇപ്പോഴും ബര്‍മ്മ സ്വന്തം പൗരന്മാരായി കണക്കാക്കിയിട്ടില്ല. സര്‍ക്കാരിന് ഇവര്‍ ബംഗാളില്‍(ഇപ്പോള്‍ ബംഗ്ലാദേശ്) നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ്.

rohinkya-1

1982 മുതല്‍ ഇന്നുവരെ റൊഹീങ്ക്യകള്‍ക്ക് ബര്‍മ്മ പൗരത്വം നല്‍കിയിട്ടില്ല. എന്നാല്‍ ഇവരുടെ ജീവിതം ദുരിതങ്ങളുടെ പരകോടിയിലെത്തിയത് 2012മുതലാണ്. അന്നാണ് ബര്‍മ്മയിലെ റാന്‍കിനേയില്‍ റൊഹീങ്ക്യകളും ബുദ്ധമതക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ വ്യാപകമായത്. ഈ സംഘര്‍ഷങ്ങള്‍ക്കൊടുവില്‍ ബര്‍മ്മയിലെ പ്രത്യേകം ക്യാമ്പുകളിലേക്ക് റൊഹീങ്ക്യന്‍ മുസ്ലീങ്ങളെ ബലമായി നീക്കി. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇത്തരം ക്യാമ്പുകളെ ഹിറ്റ്‌ലറുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളോടാണ് താരതമ്യം ചെയ്യുന്നത്. റാന്‍കിനേയില്‍ നിന്നും ബര്‍മ്മയിലെ മറ്റിടങ്ങളിലേക്ക് കൂടി സംഘര്‍ഷം വ്യാപിച്ചതോടെ ക്യാമ്പുകളിലേക്കുള്ള റൊഹീങ്ക്യകളുടെ വരവും വര്‍ധിച്ചു. സംഘര്‍ഷങ്ങളും കൂട്ടക്കൊലകളും വ്യാപകമായതോടെ എന്തെങ്കിലും സാധ്യതകളുള്ള റൊഹീങ്ക്യകളെല്ലാം നാടുവിട്ടു. ഐക്യരാഷ്ട്രസംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 1.20 ലക്ഷം റൊഹീങ്ക്യകളാണ് ജീവന്‍ രക്ഷിക്കാനായി അഭയാര്‍ഥികളായത്.

rohinkya-2

ബര്‍മ്മയിലെ സൈനികഭരണകൂടം 2003ല്‍ വിരാതുവിനെ തടവിലിട്ടിരുന്നു. പിന്നീട് 2012ലെ പൊതുമാപ്പിനെ തുടര്‍ന്നാണ് വിരാതു പിന്നീട് ജയില്‍മോചിതനാകുന്നത്. ബര്‍മ്മയിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം മാറ്റിമറിക്കുന്നതായിരുന്നു തുടര്‍ന്നുള്ള വിരാതുവിന്റെ പ്രസംഗങ്ങള്‍. വംശീയവിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളുമായി വിരാതു ബര്‍മ്മയില്‍ തലങ്ങും വിലങ്ങും സഞ്ചരിച്ചു. ‘നിങ്ങള്‍ വളരെ ദയാലുവും സ്‌നേഹസമ്പന്നനുമായിരിക്കും പക്ഷേ നിങ്ങള്‍ക്ക് ഒരിക്കലും ഒരു ഭ്രാന്തന്‍നായക്കരികില്‍ കിടന്നുറങ്ങാനാകില്ല’ എന്നായിരുന്നു റൊഹീങ്ക്യന്‍ മുസ്ലിങ്ങളെ വിരാതു വിശേഷിപ്പിച്ചത്. തീവ്രദേശീയവാദിയായ ബുദ്ധസന്ന്യാസിയെന്ന് വിളിക്കുന്നതില്‍ അഭിമാനിക്കുന്നെന്നും രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വിരാതു പറയുന്നു.

എന്നാല്‍ രാജ്യത്ത് റൊഹീങ്ക്യകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ തനിക്ക് പങ്കില്ലെന്നാണ് വിരാതുവിന്റെ അവകാശവാദം. എന്നാല്‍ വംശീയമായി അധിക്ഷേപിക്കുന്ന കലാസ് എന്ന വാക്കുപയോഗിച്ച് റൊഹീങ്ക്യകളെ വിശേഷിപ്പിക്കാന്‍ വിരാതു ഒരിക്കലും മടിച്ചിട്ടില്ല. മുസ്ലിങ്ങളുടെ കച്ചവടസ്ഥാപനങ്ങള്‍ ബഹിഷ്‌ക്കരിക്കാനും തങ്ങളുടെ സ്ത്രീകളെ റൊഹീങ്ക്യന്‍ മുസ്ലീങ്ങളില്‍ നിന്നും സംരക്ഷിക്കണമെന്നും ആഹ്വാനം ചെയ്യുന്നതും വിരാതുവിന്റെ പതിവാണ്. ബര്‍മ്മയില്‍ ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും വിവാഹം കഴിക്കുന്നതിന് നിയമം പോലും അനുവാദം നല്‍കുന്നില്ല. വിരാതുവിന്റെ പ്രസംഗങ്ങള്‍ക്കും 969ന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും ബര്‍മ്മയിലെ അക്രമങ്ങള്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ വിരാതുവിന് ധാരാളം വിമര്‍ശകരുണ്ടെങ്കിലും ബര്‍മ്മയില്‍ വളരെ കുറച്ച് വിമര്‍ശകര്‍ മാത്രമാണുള്ളത്. ബര്‍മ്മയിലെ സര്‍ക്കാര്‍ വിരാതുവിനെ പരസ്യമായി പിന്തുണക്കുന്നുണ്ട്. വിരാതുവിനെ കൂടെക്കൂട്ടിയാല്‍ തിരഞ്ഞെടുപ്പില്‍ സഹായകരമാകുമെന്നാണ് ഭരണപക്ഷത്തിന്റെ ചിന്ത. തികച്ചും അഴകൊഴമ്പനായ നിലപാടു സ്വീകരിച്ച് ആങ് സാങ് സൂച്ചി ഇരു വിഭാഗങ്ങളുടേയും ശത്രുവായിമാറി. സൂകി ബുദ്ധ സന്ന്യാസികളുടെ ഭാഗത്താണെന്ന് റൊഹീങ്ക്യകളും മുസ്ലിം അനുകൂലിയാണെന്ന് ബുദ്ധസന്ന്യാസികളും വിശ്വസിക്കുന്നു. 2013ല്‍ മേരിലാന്റ് സര്‍വകലാശാലയില്‍ നടത്തിയ പ്രഭാഷണത്തില്‍ ആത്മീയനേതാവ് ദലൈലാമ ബര്‍മ്മയില്‍ റൊഹീങ്ക്യകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ അപലപിക്കാന്‍ തയ്യാറായിരുന്നു. മതത്തിന്റെ പേരില്‍ മനുഷ്യരെ കൊല്ലുന്നതിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നായിരുന്നു ദലൈലാമയുടെ പ്രതികരണം.

Rohingya migrants

എന്നാല്‍ താനൊരു മോശം ബുദ്ധസന്ന്യാസിയോ തീവ്രവാദിയോ സര്‍ക്കാര്‍ ഏജന്റോ അല്ലെന്നാണ് വിരാതു ആവര്‍ത്തിക്കുന്നത്. 2013ല്‍ ടൈം മാഗസിന്‍ ബിന്‍ലാദനോട് താരതമ്യപ്പെടുത്തിയപ്പോള്‍ വിരാതു ലേഖനം തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് കത്തയച്ചിരുന്നു. ആ കത്തിലെ വാക്കുകള്‍ തന്നെ വിരാതുവിന്റെ അസഹിഷ്ണുതക്ക് തെളിവാണ് ‘ഞാന്‍ കരുതിയപോലെ നിങ്ങള്‍ മാന്യയല്ല, മറിച്ച് തീവ്രവാദികളായ കലാസുകളുടെ(റൊഹീങ്ക്യകളെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന മോശം വാക്ക്) കൂട്ടക്കാരിയാണ്’. അന്താരാഷ്ട്രതലത്തില്‍ തന്റെ മോശം പ്രതിച്ഛായക്ക് മുസ്ലിം അനുകൂല മാധ്യമങ്ങളാണ് കാരണമെന്നാണ് വിരാതുവിന്റെ വാദം.

വംശീയ ഉന്മൂലന ഭീഷണിയെ തുടര്‍ന്ന് മ്യാന്മറില്‍നിന്ന് രക്ഷതേടിയത്തെുന്ന റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ഥികള്‍ക്ക് അയല്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവര്‍ പ്രവേശാനുമതി നിഷേധിച്ചിരുന്നു. തായ് ലന്‍ഡ്, മലേഷ്യ തീരങ്ങളില്‍ വിവിധ ബോട്ടുകളിലായി ആയിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവരില്‍ ചെറിയൊരു വിഭാഗം മാത്രമാണ് കരക്കണഞ്ഞത്. തങ്ങളെ പൗരന്മാരായി അംഗീകരിക്കാത്തതിനാല്‍ ഇവര്‍ക്ക് മാതൃരാജ്യമായ മ്യാന്മറിലേക്ക് തിരിച്ചുപോകാനും കഴിയാത്ത അവസ്ഥയാണ്.