യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പമെന്ന് ആഷിഖ് അബു

കൊച്ചി: ഇന്ധനവില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോ‍ര്‍ജിനെതിരെ യൂത്ത് കോണ്‍ഗ്രസും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

ജോജുവിന്‍റെ കാര്‍ യൂത്ത് കോണ്‍ഗ്രസ് തല്ലിത്തകര്‍ത്തിരുന്നു. ജോജുവിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചും നടത്തി. ഇപ്പോഴിതാ, ജോജുവിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ആഷിഖ് അബു. യൂത്ത് കോണ്‍ഗ്രസ് ആക്രമിക്കുന്ന ജോജുവിനൊപ്പമാണെന്ന് ആഷിഖ് അബു ഫേസ്‌ബുക്കില്‍ കുറിച്ചു.

Loading...

അതേസമയം, ജോജുവിന്റെ കാര്‍ ആക്രമിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ ഇന്ന് സമര്‍പ്പിക്കും. മുന്‍ മേയര്‍ ടോണി ചമ്മിണി അടക്കമുള്ള പ്രതികളാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. കോടതി റിമാന്‍ഡ‍് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റല്‍ സ്കൂളിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഏഴു ദിവസത്തെ കൊവിഡ് നിരീക്ഷണത്തിനുശേഷം ഇവരെ ജില്ലാ ജയിലിലേക്ക് മാറ്റും. ജോജുവിന്‍റെ കാര്‍ ആക്രമിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് സമരത്തിനിടയിലേക്ക് നടന്‍ മനപൂര്‍വം നുഴഞ്ഞുകയറി പ്രശ്നങ്ങളുണ്ടാക്കിയെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. ഇക്കാര്യം കോടതിയിലും ആവര്‍ത്തിക്കാനാണ് നീക്കം.

ജോജുവുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ച നടന്നേക്കുമെന്ന പ്രതീക്ഷയില്‍ നേരത്തേ പ്രതികളോടു കീഴടങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായി കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പിന്‍വലിക്കാതെ ഒത്തുതീര്‍പ്പു ചര്‍ച്ചയില്ലെന്ന് ജോജു നിലപാടെടുത്തതോടെ കീഴടങ്ങാനുള്ള നിര്‍ദേശം നേതൃത്വം പിന്‍വലിക്കുകയായിരുന്നു.