കൊവിഡ് ഡ്യൂട്ടിക്കിടെ ഫയര്‍മാനെ സിവില്‍ സര്‍വ്വീസ് ഫലം തേടിയെത്തി: ഫയര്‍മാന്‍ ആശിഷ് ഇനി മുതല്‍ ഐപിഎസ് റാങ്കില്‍ തിളങ്ങും

കഷ്ടപ്പാടിന്റെ കഠിനാധ്വാത്തിന്റെയും മധുരം. കൊവിഡ് ഡ്യൂട്ടിക്കിടെയാണ് ഫയർമാനെ തേടി സിവിൽ സർവ്വീസ് ഫലം എത്തിയത്. എട്ട് വർഷമായി സംസ്ഥാന അഗ്‌നിശമന സേനാ വിഭാഗത്തിൽ ഫയർ മാനാണ് ആശിഷ് ദാസ്. ഫയർമാൻ ആശിഷ് ഇനി മുതൽ ഐപിഎസ് റാങ്കിൽ തിളങ്ങും. കൊല്ലം മുഖത്തല സ്വദേശിയായ ആശിഷിന്റെ സ്വപ്നമായിരുന്നു സിവിൽ സർവ്വീസ്. 2012 ൽ അഗ്‌നിശമന സേനയിൽ ഫയർമാനായി ജോലി കിട്ടിയെങ്കിലും ആശിഷ് മോഹം കൈവിട്ടില്ല. അഗ്‌നിശമന സേനയിലെ തിരക്കുകൾക്കിടയിൽ അതിനുവേണ്ടി സമയം കണ്ടെത്തി. ആ പരിശ്രമത്തിനാണ് ഇന്ന് മിന്നും തിളക്കമുണ്ടായത്.

ആശിഷ് 291 ആം റാങ്കോടെയാണ് സിവിൽ സർവ്വീസ് പാസ്സായത്. കൊവിഡിന്റെ അണുനശീകരണ ജോലികൾക്കിടയിലാണ് ആശിഷിനെ തേടി വിജയ വിവരം എത്തിയത് ഫയർ സ്റ്റേഷനിലെ മറ്റ് ഉദ്യോഗസ്ഥർ ആഹ്ലാദം പങ്കുവെച്ചു. കേരളത്തിലെ കൊവിഡ് പോരാളികൾക്കായി വിജയം സമർപ്പിക്കുന്നുവെന്ന് ആശിഷ് പറഞ്ഞു. പ്രിയതമ സൂര്യയും കൊവിഡ് പോരാളിയാണ്. വിദേശത്ത് നഴ്‌സായ സൂര്യ അവിടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയാണ്. സിവിൽ സർവ്വീസ് നേടിയെങ്കിലും അതിന്റെ നടപടികൾ ഉണ്ടാകുന്നതുവരെ ഫയർമാനായി തുടരുമെന്നാണ് ആശിഷ് പറയുന്നത്.

Loading...

കൊല്ലം മുഖത്തല സ്വദേശിയായ ആശിഷ്, സെന്റ് ജൂഡ് സ്കൂളിലാണു പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു സെന്റ് ആന്റണീസ് സ്കൂളിൽ. 2009ൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് ബെംഗളൂരുവിൽനിന്നു പാസായി. അതു തനിക്കു യോജിച്ച മേഖലയല്ലെന്ന തിരിച്ചറിവിനെത്തുടർന്നാണു മറ്റു ജോലികൾക്കു ശ്രമിക്കാൻ തീരുമാനിച്ചത്. 2012ൽ അഗ്നിശമനസേനയിൽ ജോലിക്കു കയറി. ആറു വർഷത്തെ പരിശ്രമത്തിനൊടുവിലാണു സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചത്. ഭാര്യ സൂര്യ സൗദിയിൽ നഴ്സാണ്. മകൾ അമേയയ്ക്കു 7 മാസമാണു പ്രായം.